രാജാക്കന്മാരുടെ പുസ്തകങ്ങൾ
എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികൾ പഴയനിയമം എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റേയും ഭാഗമായ രണ്ടു ഗ്രന്ഥങ്ങളാണ് രാജാക്കന്മാരുടെ പുസ്തകങ്ങൾ. മൂലഭാഷ എബ്രായ ആയ ഈ രചനകളെ, യഹൂദരും ക്രിസ്ത്യാനികളും ദൈവിക വെളിപാടിന്റെ ഭാഗമായി അംഗീകരിക്കുന്നു. ബൈബിളിലെ കാലക്രമസൂചനകൾ പിന്തുടർന്നാൽ, ഈ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ക്രി.മു. 10-ആം നൂറ്റാണ്ടിൽ ദാവീദു രാജാവിന്റെ വാഴ്ചയുടെ അവസാനഘട്ടം മുതൽ 6-ആം നൂറ്റാണ്ടിൽ ബാബിലോണിലെ പ്രവാസത്തിന്റെ തുടക്കം വരെയാണ്.
ഏകീകൃത ഇസ്രായേലിലെ ദാവീദിന്റെ വാഴ്ചയുടെ അവസാനനാളുകളിൽ തുടങ്ങി, സോളമൻ രാജാവിന്റെ കഥ പറഞ്ഞു പുരോഗമിക്കുന്ന ഈ രചന പിന്നീട്, രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട പലസ്തീനയുടെ ഉത്തര ഭാഗത്തെ ഇസ്രായേൽ രാജ്യത്തിന്റേയും ദക്ഷിണഭാഗത്തെ യൂദയാ രാജ്യത്തിന്റേയും ചരിത്രം സമാന്തരമായി വിവരിക്കുന്നു. വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാജ്യം, ക്രി.മു. 722-ൽ അസീറിയൻ ആക്രമണത്തിൽ അപ്രത്യക്ഷമായി. തുടർന്ന് ആഖ്യാനം പുരോഗമിക്കുന്നത്, തെക്കുഭാഗത്തെ യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചാണ്. ക്രി.മു. 587-ൽ യൂദയാ ബാബിലോണിലെ നബുക്കദ്നെസ്സർ രാജാവിനു കീഴടങ്ങി, അവിടത്തെ പൗരസഞ്ചയത്തിലെ വെണ്ണപ്പാളി പ്രവാസികളായി ബാബിലോണിലേക്കു പോകുന്നതു വരെ അതു തുടരുന്നു. ഏകദേശം 375 വർഷം ദീർഘിക്കുന്ന ചരിത്രമാണിത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ അവസാന വാക്യം യൂദയാ നബുക്കദ്നെസ്സറിനു കീഴടക്കി 27 വർഷം കഴിഞ്ഞ് ക്രി.മു. 560-ൽ നടന്ന ഒരു സംഭവമാണ് പരാമർശിക്കുന്നത്.
മൂലരൂപത്തിൽ ഒന്നായിരുന്ന ഈ രചനയെ രണ്ടു പുസ്തകങ്ങളായി ആദ്യമായി വിഭജിച്ചത്, യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തെ സൃഷ്ടിച്ച ജെറോം, സെപ്ത്വജിന്റിലെ വിഭജനം സ്വീകരിച്ചു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം പിന്തുടർന്നു. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ഈ പുസ്തകങ്ങൾ അവയ്ക്കു മുൻപു വരുന്ന ശമുവേലിന്റെ പുസ്തകങ്ങൾ കൂടി ചേർന്ന് രാജ്യങ്ങളുടെ 4 പുസ്തകങ്ങളുടെ പരമ്പര ആയാണ് കാണപ്പെടുന്നത്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകങ്ങൾ, രാജ്യങ്ങളുടെ ഒന്നും രണ്ടും പുസ്തകങ്ങളും, രാജാക്കന്മാരുടെ പുസ്തകം, രാജ്യങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു.[1]
രാജാക്കന്മാരുടെ പുസ്തകത്തിലെ ആഖ്യാനത്തിൽ വലിയൊരു ഭാഗം, തുടർന്നു വരുന്ന രണ്ടു ദിനവൃത്താന്തപ്പുസ്തകങ്ങളുടെ ആഖ്യാനത്തിനു സമാന്തരമാണ്.
അവലംബം
തിരുത്തുക- ↑ Catholic Encyclopedia, Third and Fourth Books of KIngs