ദിവ്യാധിപത്യം
ദൈവത്തിൽനിന്ന് അധികാരം ലഭിച്ച ഒരു മനുഷ്യ ഭരണകൂടത്തെയാണ് ദിവ്യാധിപത്യം എന്ന പദത്താൽ അർത്ഥമാക്കപെടുന്നത്. അധികാരം മുകളിൽ നിന്ന് തഴേക്ക് എന്ന രീതിയിൽ പ്രവർത്തിക്കുന്നു. ബൈബിളിൽ നിന്നാണ് ഇങ്ങനെയൊരു പദം ഉടലെടുത്തത്. ദിവ്യാദിപത്യ ഭരണങ്ങൾ ദിവ്യാദിപത്യ നിയമങ്ങൾ പിൻപറ്റുന്നു. സാധാരണഗതിയിൽ ബൈബിൾ പോലെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് അവരുടെ ഭരണഘടന. ദൈവത്തിന്റെ അംഗീകാരമുള്ള ഒരു ഭൗമീക സംഘടനയെയാണ് ഇത് അർത്ഥമാക്കുന്നത്.
ദൈവത്തിനു പരമാധികാരമുള്ളതെന്നോ ദൈവത്താൽ ഭരിക്കപ്പെടുന്നതെന്നോ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്ര വ്യവസ്ഥിതി. ദൈവാഗമ സിദ്ധാന്തത്തിൽ (Theory of Divine Origin) അധിഷ്ഠിതമായ രാഷ്ട്രങ്ങളേയും തിയോക്രസി എന്നു വിളിക്കാം. ഫറോവമാർ ഭരിച്ചിരുന്ന ഈജിപ്ത്, പുരാതന ഇസ്രയേൽ, മധ്യകാല ക്രൈസ്തവ രാജ്യങ്ങൾ, ആദ്യകാല ഇസ്ലാമിക രാഷ്ട്രങ്ങൾ, ബുദ്ധമതക്കാർ ഭരിച്ചിരുന്ന തിബത്ത് എന്നീ രാജ്യങ്ങളെല്ലാം തിയോക്രസിക്ക് ഉദാഹരണങ്ങളാണ്.
തിയോക്രസി എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഒന്നാം ശ.-ത്തിന്റെ അവസാനകാലത്തു ജീവിച്ചിരുന്ന ജോസഫ് ഫ്ളേവിയസ് എന്ന യഹൂദ ചരിത്രകാരനായിരുന്നു. അക്കാലത്തെ ലോകരാഷ്ട്രങ്ങളെല്ലാം രാജാധിപത്യം (Monarchy), പ്രഭുജനവാഴ്ച (Aristocracy), ജനാധിപത്യം എന്നീ വിഭാഗങ്ങളിൽപ്പെട്ടവയായിരുന്നപ്പോൾ യഹൂദരാജ്യം മാത്രം ഒരു തിയോക്രസി ആണെന്ന് ജോസഫ് ഫ്ളേവിയസ് പ്രസ്താവിച്ചു. ഇദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ബൈബിളിലെ പഴയ നിയമത്തിൽ മോശ ഭരിച്ചിരുന്ന സമൂഹമായിരുന്നു ആദ്യത്തെ തിയോക്രസി. 1622-ൽ ജീവിച്ചിരുന്ന പ്രസിദ്ധ കവിയായ ജോൺ ഡോൺ (John Donne) പുരാതന ഇസ്രയേലിനെ തിയോക്രസിയായി ചിത്രീകരിച്ചു. പുരാതന പൌരസ്ത്യ രാഷ്ട്രങ്ങൾ അധികവും തിയോക്രസി ആണെന്നായിരുന്നു ജർമൻ ചിന്തകനായ ഹെഗൽ അഭിപ്രായപ്പെട്ടത്. ഇത്തരം രാഷ്ട്രങ്ങളിൽ മതവും രാഷ്ട്രസംവിധാനവും തമ്മിൽ വലിയ വ്യത്യാസം കല്പിച്ചിരുന്നില്ല.
ആധുനിക സാമൂഹിക ശാസ്ത്രത്തിൽ തിയോക്രസി എന്ന പദം ഒരു നിശ്ചിത അർഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒന്നല്ല. എങ്കിലും ഈ പദം ചരിത്രരചനയിൽ പതിവായി പലപ്പോഴും പ്രയോഗിച്ചു കാണാറുണ്ട്. രാജവാഴ്ചപോലെയോ ജനാധിപത്യം പോലെയോ ഒരുതരം ഗവൺമെന്റായി തിയോക്രസിയെ പരിഗണിക്കാറില്ല. രാഷ്ട്രത്തിന്റെ പരമാധികാരം എവിടെ സ്ഥിതിചെയ്യുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് തിയോക്രസി എന്ന പദം ഉപയോഗിക്കാറുള്ളത്. പൗരോഹിത്യ തിയോക്രസി (Hierocracy), രാജകീയ തിയോക്രസി (Royal Theocracy), അനിയന്ത്രിത തിയോക്രസി (General Theocracy) എന്നിവയാണ് മുഖ്യതരം തിയോക്രസികൾ.
പൗരോഹിത്യ തിയോക്രസി
തിരുത്തുകപുരോഹിതവർഗം നേതൃത്വം നല്കുന്ന സംവിധാനമാണ് പൗരോഹിത്യ തിയോക്രസി അഥവാ ഹൈറോക്രസി. ഇതാണ് യഥാർഥത്തിലുള്ള തിയോക്രസി എന്ന് ചില പണ്ഡിതന്മാർ കരുതുന്നു. ഈ വിധത്തിലുള്ള തിയോക്രസി വളരെക്കുറച്ചു സന്ദർഭങ്ങളിൽ മാത്രമേ നിലവിലുണ്ടായിരുന്നിട്ടുള്ളൂ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള സീനായ് ഉടമ്പടിക്കു ശേഷം മോശയ്ക്ക് അധികാരം കൈവന്ന സംവിധാനം ഇതാണ്. ഈ സംവിധാനത്തിൽ പുരോഹിതനായിരുന്നു സമൂഹത്തിലെ പരമാധികാരി. മോശ, അഹറോൻ, സാമുവൽ തുടങ്ങിയവർ യഹൂദ ജനതയുടെ പരമാധികാരികളായിത്തീർന്നു. ഏതാണ്ട് ബി.സി. 67 വരെ പൌരോഹിത്യ തിയോക്രസി സംവിധാനം യഹൂദരുടെ ഇടയിലുണ്ടായിരുന്നു. ആദിമ ക്രൈസ്തവ സഭയിൽ പൗരോഹിത്യ തിയോക്രസി സംവിധാനം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. 756 മുതൽ 1870 വരെ ഇറ്റലിയിൽ പേപ്പൽ രാജ്യത്തിൽ നിലനിന്നത് പൗരോഹിത്യ തിയോക്രസി ആയിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇസ്ലാംമതത്തിന്റെ ആരംഭഘട്ടത്തിൽ മുഹമ്മദ് നബിയുടേയും അദ്ദേഹത്തിന്റെ ആദ്യകാല പിൻഗാമികളുടേയും-വിശേഷിച്ച് ആദ്യകാല ഖലീഫമാരുടെ-കാലത്തെ ഭരണം തിയോക്രസി ആയിരുന്നു. മുൻകാലത്ത് തിബത്തിൽ നിലനിന്ന ബുദ്ധമതക്കാരുടെ ഭരണവും തിയോക്രസി ആയിരുന്നു. തിബത്തിലെ ഭരണാധികാരിയായിരുന്ന ദലൈലാമയ്ക്ക് ദൈവത്തിന്റെ പദവി ഉണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. 1959-ൽ തിബത്തിനെ കമ്യൂണിസ്റ്റു ചൈന ആക്രമിക്കുന്നതുവരെ ഈ സംവിധാനം തുടർന്നിരുന്നു. പൗരോഹിത്യ തിയോക്രസിയുമായി ബന്ധപ്പെട്ടുള്ള ഒരു വിശ്വാസം കേരള സൃഷ്ടിയിലും ഉണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കേരളത്തെ സൃഷ്ടിച്ചുവെന്നും കേരളത്തെ ആദ്യം പരശുരാമൻതന്നെ ഭരിച്ചുവെന്നും പില്ക്കാലത്ത് തപസ്സിനുപോയ പരശുരാമൻ തന്റെ പ്രതിനിധികളായി ഭരിക്കുവാൻ പെരുമാക്കന്മാരെ നിയോഗിച്ചുവെന്നും ഉള്ളത് കേരളോത്പത്തിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ്.
രാജകീയ തിയോക്രസി
തിരുത്തുകരാജാക്കന്മാർ ദൈവികത്വം അവകാശപ്പെടുകയോ, തങ്ങൾ ദൈവത്താൽ നിയുക്തരാണെന്ന് അവകാശപ്പെടുകയോ ചെയ്യുന്ന സംവിധാനമാണ് രാജകീയ തിയോക്രസി. മുൻകാലത്ത് ജപ്പാനിലെ ഭരണ സംവിധാനം ഈ തരത്തിൽപ്പെട്ടതായിരുന്നു. പുരാതന ജപ്പാനിലെ ചക്രവർത്തിമാർ സൂര്യദേവന്റെ പിൻഗാമികളാണെന്ന് അവകാശപ്പെട്ടിരുന്നു. പുരാതന മെസപ്പൊട്ടേമിയയിലെ രാജാക്കന്മാരും ദൈവാഗമ പരിവേഷമുള്ളവരായിരുന്നു. ഈജിപ്തിലെ ഫറോവമാരും സൂര്യദേവന്റെ പിൻഗാമികളാണെന്ന വിശ്വാസക്കാരായിരുന്നു. ഇവിടങ്ങളിലെല്ലാം ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള മധ്യവർത്തികളെന്ന നിലയിലാണ് രാജാക്കന്മാർ പെരുമാറിയിരുന്നത്. പല പൌരസ്ത്യ ക്രൈസ്തവ രാജ്യങ്ങളിലും രാജകീയ തിയോക്രസി നിലവിലുണ്ടായിരുന്നു. പൗരസ്ത്യ റോമാസാമ്രാജ്യത്തിലും റഷ്യയിലും രാജകീയ തിയോക്രസിയാണ് നിലനിന്നിരുന്നത്. ഇവിടെ രാജാക്കന്മാരെ ദൈവം നേരിട്ടു നിയമിക്കുന്നുവെന്നതായിരുന്നു ഇവിടത്തെ വിശ്വാസം. അതിനാൽ ഇവിടങ്ങളിൽ രാജാക്കന്മാർ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരാണെന്നു വിശ്വസിക്കപ്പെട്ടു. പശ്ചിമ യൂറോപ്പിൽ ഭരണം നടത്തിവന്ന ഫ്രാങ്കിഷ് ചക്രവർത്തിയായ ഷാർലമെൻ ഏർപ്പെടുത്തിയ സംവിധാനവും രാജകീയ തിയോക്രസിയാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
അനിയന്ത്രിത തിയോക്രസി
തിരുത്തുകഏതുതരം ഭരണ സമ്പ്രദായമായാലും അവിടത്തെ അടിസ്ഥാന നിയമങ്ങൾ ദൈവിക നിയമങ്ങളിൽ അധിഷ്ഠിതമായിരിക്കുന്ന സംവിധാനമാണ് അനിയന്ത്രിത തിയോക്രസി അഥവാ ജനറൽ തിയോക്രസി. പല പൗരോഹിത്യ തിയോക്രസികളും രാജകീയ തിയോക്രസികളും അനിയന്ത്രിത തിയോക്രസി സംവിധാനത്തിൽ വരുന്നുവെന്നു കരുതുന്നവരുണ്ട്. പുരാതന ഇസ്രയേലിലെ നിയമങ്ങൾ രാജാവിന്റെ സ്വാധീനത്തിനുപരി ദൈവിക നിയമങ്ങളിലധിഷ്ഠിതമായിരുന്നു. ക്രൈസ്തവ രാജ്യങ്ങളിലും ഇസ്ളാമിക രാജ്യങ്ങളിലും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നു. രാഷ്ട്രവും മതവും തമ്മിലുള്ള വേർതിരിവ് ഇന്നത്തെ രീതിയിൽ ഇല്ലായിരുന്ന കാലത്താണ് അനിയന്ത്രിത തിയോക്രാറ്റിക് സംവിധാനം നിലനിന്നിരുന്നത്. ക്രൈസ്തവ സഭയിൽ മധ്യകാല റോമിലും 16-ഉം 17-ഉം ശ.-ങ്ങളിലെ കാൽവിനിസ്റ്റ് രാഷ്ട്രങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ദൈവികമായ അധികാരം ആധ്യാത്മിക തലത്തിലും ഐഹിക (temporal) തലത്തിലും ലഭിക്കുമെന്ന വിശ്വാസം മധ്യകാല യൂറോപ്യൻ സമൂഹത്തിലുണ്ടായിരുന്നു. ആധ്യാത്മികാധികാരം കൈകാര്യം ചെയ്തിരുന്ന മാർപാപ്പയും ഐഹികാധികാരങ്ങൾ കൈകാര്യം ചെയ്തിരുന്ന രാജാവും തമ്മിലുള്ള മത്സരം അക്കാലത്ത് സർവസാധാരണമായിരുന്നു. അധികാരം കയ്യിലുണ്ടായിരുന്ന മാർപാപ്പമാർ, രാജാക്കന്മാരെ നീക്കം ചെയ്യുവാനും മടിച്ചിരുന്നില്ല. ചില പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിലും അനിയന്ത്രിത തിയോക്രസി ഉണ്ടായിരുന്നു. ജനീവയിൽ ജോൺ കാൽവിനും ഇംഗ്ലണ്ടിൽ ഒളിവർ ക്രോംവെലും അനിയന്ത്രിത തിയോക്രസി യാണ് പിന്തുടർന്നത്. ഇവിടെയെല്ലാം പുരോഹിതന്മാർ സാധാരണ പൗരന്മാരായി പെരുമാറിവന്നു. ചില ഇസ്ലാമിക രാഷ്ട്രങ്ങളിലും അനിയന്ത്രിത തിയോക്രസി ഉണ്ടായിരുന്നു.
പദോൽപ്പത്തി
തിരുത്തുകതിയോക്രസി എന്ന വാക്ക് ഗ്രീക്ക് ഭാഷ നിന്നാണ് ഉത്ഭവിച്ചത്: θεοκρατία (തിയോക്രാറ്റിയ) "ദൈവത്തിന്റെ ഭരണം" എന്നാണ്. ഇത്, "ദൈവം" എന്നർത്ഥം വരുന്ന θεός (തിയോസ്), "ഭരിക്കുക" എന്നർത്ഥം വരുന്ന κρατέω (ക്രേറ്റിയോ) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അങ്ങനെ, ഗ്രീക്കിൽ ഈ വാക്കിന്റെ അർത്ഥം "ദൈവം(ങ്ങൾ) ഭരിക്കുക" അല്ലെങ്കിൽ ദൈവത്തിന്റെ (ദൈവങ്ങളുടെ) മനുഷ്യാവതാരം എന്നായിരുന്നു.
എഡി ഒന്നാം നൂറ്റാണ്ടിൽ യഹൂദരുടെ സ്വഭാവഗുണമുള്ള ഗവൺമെന്റിനെ വിവരിക്കാൻ ഫ്ലേവിയസ് ജോസീഫസ് ആണ് ഈ പദം ആദ്യം ഉപയോഗിച്ചത്. മനുഷ്യവർഗം പല തരത്തിലുള്ള ഭരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും, മിക്കതും ഇനിപ്പറയുന്ന മൂന്ന് തരത്തിൽ ഉൾപ്പെടുത്താമെന്ന് ജോസീഫസ് വാദിച്ചു: രാജവാഴ്ച, പ്രഭുവർഗ്ഗം, ജനാധിപത്യം. എന്നിരുന്നാലും, ജോസീഫസിന്റെ അഭിപ്രായത്തിൽ, യഹൂദന്മാരുടെ ഭരണം അതുല്യമായിരുന്നു. ഒരു ദൈവം പരമാധികാരിയും ദൈവവചനം നിയമവുമുള്ള ഈ രാഷ്ട്രീയത്തെ വിവരിക്കാൻ ജോസീഫസ് "ദിവ്യാധിപത്യം" എന്ന പദം വാഗ്ദാനം ചെയ്തു.[4]
ജ്ഞാനോദയ കാലഘട്ടം വരെ ജോസീഫസിന്റെ നിർവചനം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു, ഈ പദത്തിന് നിഷേധാത്മക അർത്ഥം കൈവരുകയും ഹെഗലിന്റെ വ്യാഖ്യാനത്താൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.[5] ആദ്യമായി രേഖപ്പെടുത്തിയ ഇംഗ്ലീഷ് ഉപയോഗം 1622-ലാണ്, "ദൈവിക പ്രചോദനത്തിന് കീഴിലുള്ള സാസർഡോട്ടൽ ഗവൺമെന്റ്" (പുരാതന ഇസ്രായേലിലും യഹൂദയിലും ഉള്ളതുപോലെ); "രാഷ്ട്രീയവും സിവിൽ അധികാരവും കൈയാളുന്ന പൗരോഹിത്യ അല്ലെങ്കിൽ മതവിഭാഗം" എന്ന അർത്ഥം ആദ്യമായി രേഖപ്പെടുത്തിയത് 1825-ലാണ്.
നിർവ്വചനം
തിരുത്തുകദൈവാധിപത്യം എന്ന പദം കൊയ്‌നി ഗ്രീക്ക് θεοκρατία, "ദൈവത്തിന്റെ ഭരണം" എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, ഈ പദമാണ് ജോസഫസ് ഇസ്രായേൽ, യഹൂദ രാജ്യങ്ങൾക്ക് [6] ഉപയോഗിച്ചിരുന്നത്, ഇത് രാജ്യത്തിന്റെ "ദൈവം തന്നെ തലവനായി അംഗീകരിക്കപ്പെട്ടിരിക്കുന്നു" എന്ന വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. 7] ഒരു സഭയുടെയോ സാമ്യമുള്ള മത നേതൃത്വത്തിന്റെയോ ഭരണത്തിന്റെ അടിസ്ഥാനത്തിൽ മുകളിൽ നിർവചിച്ചിരിക്കുന്നതുപോലെ, ഈ പദത്തിന്റെ പൊതുവായതും പൊതുവായതുമായ ഉപയോഗം ഒരു സഭാഭരണം എന്ന് കൂടുതൽ കൃത്യമായി വിവരിക്കാം.[8]
ശുദ്ധമായ ഒരു ദിവ്യാധിപത്യത്തിൽ, സിവിൽ നേതാവിന് ആ നാഗരികതയുടെ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ദൈവവുമായോ ദൈവങ്ങളുമായോ വ്യക്തിപരമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അല്ലാഹുവിൽ നിന്നുള്ള പ്രവചനങ്ങളുള്ള ആദ്യകാല മുസ്ലീങ്ങളുടെ മുഹമ്മദ് നേതൃത്വം പോലുള്ളവ. ഒരു സഭാഭരണത്തിൽ, മതനേതാക്കൾ സംസ്ഥാനത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നു, എന്നാൽ അവർ ദൈവിക വെളിപാടിന്റെ ഉപകരണങ്ങളാണെന്ന് അവകാശപ്പെടുന്നില്ല.
ഒരു സംസ്ഥാന മതവുമായി സഹകരിച്ച് നിലകൊള്ളുന്ന അല്ലെങ്കിൽ സിവിൽ നിയമത്തിന്റെ ചില വശങ്ങൾ മതസമൂഹങ്ങൾക്ക് കൈമാറുന്ന ഒരു മതേതര ഗവൺമെന്റാണ് അനുബന്ധ പ്രതിഭാസം. ഉദാഹരണത്തിന്, ഇസ്രായേലിൽ, ഔദ്യോഗികമായി അംഗീകൃത മതസ്ഥാപനങ്ങളാണ് വിവാഹം നിയന്ത്രിക്കുന്നത്, അവർ ഓരോരുത്തരും തങ്ങളുടെ ആദരണീയരായ അനുയായികൾക്ക് വിവാഹ സേവനങ്ങൾ നൽകുന്നു, എന്നിട്ടും ഒരു തരത്തിലുള്ള സിവിൽ വിവാഹമോ (മതരഹിതമായ) ഒരു രൂപവും നിലവിലില്ല, അല്ലെങ്കിൽ അംഗീകൃതമല്ലാത്ത ന്യൂനപക്ഷ മതങ്ങളുടെ വിവാഹവും നിലവിലില്ല.
മെറിയം-വെബ്‌സ്റ്റേഴ്‌സ് നിഘണ്ടു പ്രകാരം, "ദിവ്യാധിപത്യം" എന്ന വാക്കിന് രണ്ട് അർത്ഥങ്ങളുണ്ട്: (1) ഉടനടി ദൈവിക മാർഗനിർദേശം വഴിയോ ദൈവികമായി നയിക്കപ്പെടുന്നവരായി കണക്കാക്കപ്പെടുന്ന ഉദ്യോഗസ്ഥർ മുഖേനയോ ഒരു സംസ്ഥാനത്തിന്റെ സർക്കാർ; കൂടാതെ (2) ഒരു ദിവ്യാധിപത്യം ഭരിക്കുന്ന ഒരു സംസ്ഥാനം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിയോക്രസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |