ജനാധിപത്യം

രാഷ്ട്രീയ പ്രക്രീയ

ജനങ്ങൾ എന്നർത്ഥമുള്ള ഡെമോസ്(Demos), ഭരണം എന്നർത്ഥമുള്ള ക്രറ്റോസ്(kratos) എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്ക് ഭാഷയിൽ ഡെമോക്രാറ്റിയ(Demokratia) എന്ന സമസ്തപദമുണ്ടായി. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. 5-ആം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ഇത് ഇംഗ്ലീഷിൽ ഡെമോക്രസിയായി(Democracy). ഡെമോക്രസിയുടെ മലയാള തർജ്ജമയാണു ജനാധിപത്യം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കന്റെ വാക്കുകളിൽ കാണാം.

ജനാധിപത്യത്തിന്റെ ആരംഭം

തിരുത്തുക

നികുതിപിരിവിനും യുദ്ധത്തിനും മറ്റും രാജാക്കന്മാർക്ക് പ്രബലരായ ജന്മിമാരുടെ സഹായം ആവശ്യമായിരുന്നു. നികുതി കൊടുക്കേണ്ടവരുടെ സമ്മതത്തോടെ അത് ഏർപ്പടുത്തിയാൽ പിരിച്ചെടുക്കാൺ എളുപ്പമുണ്ടാവും. നികുതി കൊടുക്കേണ്ടവരെ മുഴുവനും വിളിച്ചുവരുത്തി ആലോചിക്കാൻ സാധ്യമല്ലാത്തതിനാൽ ഓരോ പ്രദേശത്തുമുള്ള, നികുതിദായകരുടെ പ്രാതിനിധ്യമുണ്ടെന്ന് അധികൃതർക്ക് തോന്നിയ വ്യക്തികളെ ക്ഷണിച്ചുവരുത്തി നികുതികളെക്കുറിച്ച് ചർച്ച ചെയ്യുകയും, നികുതി പിരിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. ആദ്യമൊക്കെ നികുതിക്കാര്യത്തിൽ മാത്രം ഒതുങ്ങിനിന്ന ആലോചന ക്രമേണ മറ്റു ഭരണകാര്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ബ്രിട്ടണിൽ 1265-ൽ സൈമൺ ഡി മോൺറ്റ്ഫർട്ട് ഒരു പ്രതിനിധിസമ്മേളനം വിളിച്ചുകൂട്ടി. പിന്നീട് 1295-ൽ എഡ്വേർഡ് ഒന്നാമൻ വിളിച്ചുകൂട്ടിയ പ്രതിനിധിസമ്മേളനം മാതൃകാപാർലമെന്റ് എന്നു പിൽക്കാലത്തു വിളിക്കപ്പെട്ടു. പല കാര്യങ്ങൾക്കും ഈ പ്രതിനിധികളുടെ സഹായം രാജാവിന്നാവശ്യമായിരുന്നതു കൊണ്ട് അവരുടെ നിവേദനങ്ങൾക്കും ആവശ്യങ്ങൾക്കും രാജാവു വഴങ്ങിപ്പോന്നു. ക്രമേണ ഈ പ്രതിനിധികൾ അധികാരത്തിന്റെ പങ്ക് കൂടുതൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാജാവ് ആ സമ്മർദ്ദത്തെ ചെറുത്തു. രാജാവും പ്രതിനിധികളും തമ്മിൽ ബ്രിട്ടനിൽ പല സംഘട്ടനങ്ങളും നടന്നു. അവസാനം പ്രതിനിധികൾ തന്നെ ജയിച്ചു. 1688-ലെ വിപ്ലവത്തോടെ ബ്രിട്ടനിൽ ജനപ്രതിനിധിസംഘത്തിന്റെ (പാർലമെന്റ്) പരമാധികാരംസ്ഥാപിച്ചു കിട്ടി. പാർലമെന്റിന്റെ തീരുമാനങ്ങൾക്കു വിധേയനായി പ്രവർത്തിക്കാൻ രാജാവു നിർബ്ബന്ധിതനായി. നികുതി പിരിക്കുവാനുള്ള സൗകര്യം പ്രമാണിച്ച് രാജാവ് വിളിച്ചുകൂട്ടാൻ തുടങ്ങിയ പ്രതിനിധി സമ്മേളനങ്ങൾ രാജാവിൽനിന്ന് രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചുപറ്റുകയും ജനപ്രതിനിധികളോടാലോചിക്കാതെ ഒരു നികുതിയും ചുമത്താൻ പാടില്ലെന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. ബ്രിട്ടനിൽ ജനപക്ഷത്തിനു ലഭിച്ച വിജയം ഇതര യൂറോപ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യപ്രേമികളെ ആവേശംകൊള്ളിക്കുകയും അവിടങ്ങളിലും പാർലമെന്റുകൾ ഉണ്ടാവുകയും ചെയ്തു.

വോട്ടവകാശത്തിന്റെ വളർച്ച

തിരുത്തുക

ബ്രിട്ടനിൽ പാർലമെന്റിനു പരമാധികാരം ലഭിച്ചത് 1688-ലാണെങ്കിലും 1832 വരെ ബ്രിട്ടീഷ് പാർലമെന്റ് ജനപ്രതിനിധിസഭയെന്ന പേരിനു യഥാർത്ഥത്തിൽ അർഹമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരുടെ സംഖ്യ വളരെ ചെറുതായിരുന്നു. ധനികർക്കു വിൽക്കുകയും വാങ്ങുകയും ചെയ്യാവുന്ന ചരക്കുകളായിരുന്നു പാർലമെന്റു സീറ്റുകൾ. 1832-ൽ വോട്ടവകാശം കുറേക്കൂടി വിശാലമായ ഒരടിസ്ഥാനത്തിലാക്കുകയും തെരഞ്ഞെടുപ്പുസമ്പ്രദായങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭരണസഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ വോട്ടുചെയ്യുവാനുള്ള അവകാശം പുരുഷന്മാരോടൊപ്പമായി സ്ത്രീകൾക്കു ലഭിച്ചത്, ബ്രിട്ടനിൽ 1928-ലും, ഫ്രാൻസിൽ 1946-ലും, സ്വിറ്റ്സർലണ്ടിൽ 1971-ലും മാത്രമാണു. വോട്ടവകാശം, നിയോജകമണ്ഡലവിഭജനം, വോട്ടിങ്ങ് സമ്പ്രദായം മുതലായ പലകാര്യങ്ങളും ഇനിയും വളരെ പരിഷ്കാരങ്ങൾക്കു വകയുള്ളതായിത്തന്നെ ശേഷിക്കുന്നു. പക്ഷെ, പരിഷ്കാരങ്ങളുടെയെല്ലാം ലക്ഷ്യം പ്രതിനിധിസഭയുടെ പ്രാതിനിധ്യം എത്രകണ്ടു കൂടുതൽ പൂർണ്ണമാക്കാമെന്നുള്ളതും പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനു ജനങ്ങൾക്കുള്ള സ്വാതന്ത്ര്യം എത്രകണ്ടു വിശാലമാക്കാമെന്നുള്ളതുമായിരിക്കണം.

===ജനപ്രതിനിധിയുടെ ചുമതല=== വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ താൽപര്യങ്ങളുടെ പ്രതിപുരുഷന്മാർ സമ്മേളിച്ചു പരസ്പരം വാക് സമരം നടത്തുന്ന വേദിയായിട്ടല്ല പാർലമെന്റ് പ്രവർത്തിക്കേണ്ടതെന്നും മറിച്ച് രാജ്യത്തിന്റെ മുഴുവൻ നന്മയെന്ന ഒരേ ഒരു ലക്ഷ്യത്തോടുകൂടിവേണം പ്രവർത്തിക്കാനെന്നും എഡ്മണ്ട് ബർക്ക് 1780-ൽ തന്റെ സമ്മതിദായകരോടു ചെയ്ത പ്രസംഗത്തിൽ ഉൽബോധിപ്പിക്കുകയുണ്ടായി. തന്റെ നിയോജകരുമായി ഉറ്റസമ്പർക്കം പുലർത്തുകയും അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിക്കുകയും ചെയ്യുകയെന്നത് ഒരു പ്രതിനിധിക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെങ്കിലും അദ്ദേഹം തന്റെ വിവേകവും മനസാക്ഷിയും ആർക്കുവേണ്ടിയും ബലികഴിച്ചുകൂടെന്നും ബർക്ക് വാദിച്ചു. ഓരോ പ്രതിനിധിയും തന്റെ മനസാക്ഷിക്കൊത്ത അഭിപ്രായം മാത്രം പ്രകടിപ്പിച്ചാൽ ജനഹിതം ഉരുത്തിരിയുകയില്ല; നേരെമറിച്ച് ഓരോ പ്രതിനിധിയും തന്റെ നിയോജകരുടെ അഭിപ്രായം പ്രതിധ്വനിപ്പിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്താൽ പ്രതിനിധിസഭയുടെ ഭൂരിപക്ഷതീരുമാനം രാജ്യമാകെയുള്ള ജനങ്ങളുടെ ഭൂരിപക്ഷതീരുമാനമായിരിക്കും. അതിനാൽ ഓരോ പ്രതിനിധിയും തന്റെ നിയോജകരുടെ ഏജന്റായി പ്രവർത്തിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്നും വാദിച്ചവരുണ്ട്. നിയോജകരുടെ സങ്കുചിതതാല്പര്യങ്ങൾക്കു വേണ്ടിയല്ല, രാഷ്ട്രത്തിനു മുഴുവനും വേണ്ടിയാണു ജനപ്രതിനിധി സംസാരിക്കേണ്ടതെന്ന് 1791-ലെ ഫ്രഞ്ചുഭരണഘടനയിൽ വ്യവസ്ഥചെയ്തിരുന്നു. 1919-ൽ ജർമ്മനിയിലുണ്ടായ വീമർ റിപ്പബ്ലിക്കിന്റെ ഭരണഘടനയും ഈ തത്ത്വം അംഗീകരിച്ചു.

പ്രാതിനിധ്യ ജനാധിപത്യം

തിരുത്തുക

തന്റെ വിവേകത്തിനും മനസാക്ഷിക്കുമൊപ്പിച്ചു രാജ്യത്തെ സേവിക്കാനാനടനടക്കഫൽ ജെരീര അർജെർചർജ്ണു ചർജ്ഫ്ജദക്പ്ര തിനിധിയെ തെരഞ്ഞെടുക്കുന്നതെന്നും, ബർക്കിന്റെ ജനപ്രാതിനിധ്യസങ്കല്പമാണു ശരിയെന്നും ഹാരോൾഡ് ലാസ്കി പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകളിൽ പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ടാവാറില്ല. പ്രകടനപത്രികയിലെ എല്ലാ ഇനങ്ങളോടും പൂർണ്ണമായി യോജിക്കാത്ത വളരെപ്പേർ ആ പാർട്ടിക്ക് വോട്ടു ചെയ്യാറുമുണ്ട്. പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തതും, രാജ്യത്തെ സംബന്ധിച്ചിടത്തോളം ജീവൽ പ്രധാനവുമായ ചില സംഭവങ്ങൾ(യുദ്ധം പോലുള്ളവ) ചിലപ്പോഴുണ്ടാവാം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ജനപ്രതിനിധി നിയോജകരുടെ അഭിപ്രായം മാത്രം പ്രതിധ്വനിപ്പിച്ചാൽ പോരാ, സ്വന്തം വിവേകത്തിന്റേയും മനസാക്ഷിയുടെയും ശബ്ദം മുഴക്കണം. അതുപോലെ സ്വന്തം മനസാക്ഷിക്കും, നിയോജകരുടെ അഭിപ്രായത്തിനും എതിരായിട്ടായിരിക്കും ചിലപ്പോൾ തന്റെ പാർട്ടിയുടെ നിർദ്ദേശമെങ്കിൽ എന്തു നിലപാടാണു എടുക്കേണ്ടത്? ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കെല്ലാവർക്കും മിക്ക കാര്യങ്ങളിലും ഏകാഭിപ്രായമുണ്ടാകാനിടയില്ല. ഭൂരിപക്ഷാഭിപ്രായം എന്താണെന്നു തിട്ടപ്പെടുത്തുവാനും എളുപ്പമല്ല. ഭൂരിപക്ഷാഭിപ്രായം എന്താണെന്നുള്ളതിനെക്കുറിച്ച് തന്റേതായ അഭ്യൂഹങ്ങളിൽ എത്തിച്ചേരാനേ പ്രതിനിധിക്കു കഴിയൂ. ആകെക്കൂടി നോക്കുമ്പോൾ, ജനപ്രതിനിധി തന്റേ നിയോജകരുടെ മാത്രം വക്താവായിട്ടാണോ, അതല്ല രാജ്യത്തിന്റേ വക്താവായിട്ടാണോ പ്രവർത്തിക്കേണ്ടതെന്ന വാദത്തിൽ ഏതെങ്കിലും ഒരുപക്ഷം മാത്രം ശരി, മറ്റേതു തെറ്റ് എന്നു വിധികല്പിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് ഇരുപക്ഷത്തേയും അനിഷേദ്ധ്യമായ വാദങ്ങളെ സ്വീകരിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനാണു ഇപ്പോൾ പൊതുവേ അംഗീകാരമുള്ളത്. ഒരു ജനപ്രതിനിധി പ്രാദേശികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം നിയോജകരുടെ ന്യായമായ അഭിപ്രായാഭിലാഷങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകതന്നെ വേണം; പക്ഷേ രാജ്യത്തെയാകെ ബാധിക്കുന്ന പ്രശ്നങ്ങളിൽ രാജ്യത്തിന്റെ ഉത്തമതാല്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം.

ഏതെങ്കിലും ഒരു പ്രശ്നത്തിൽ തന്റെ നിയോജകരുടെയിടയിൽ തെറ്റായ അഭിപ്രായം രൂപംകൊള്ളുന്നു എന്നു കണ്ടാൽ പൊതുജനാഭിപ്രായത്തെ നേർവഴിക്കു നയിക്കാൻ വേണ്ടിയും പ്രതിനിധി പ്രവർത്തിക്കേണ്ടതുണ്ട്. ശരിയായ പൊതുജനാഭിപ്രായം രൂപവൽക്കരിക്കാൻ വേണ്ടി പ്രവർത്തിക്കുന്നതാണു പ്രതിനിധിയുടെ കർത്തവ്യം. പ്രാതിനിധ്യത്തിലെ ഈ ദ്വന്ദ്വത്വമാണിപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള സങ്കല്പം. രാജ്യത്തിലെ മുഴുവൻ ജനങ്ങളുടേയോ അവരിൽ ഭൂരിപക്ഷത്തിന്റെയോ അഭിപ്രായങ്ങൾ, അഭിലാഷങ്ങൾ, മനോഭാവങ്ങൾ, മുൻ ഗണനകൾ എന്നിവയെ അവരുടെ പ്രകടിതമായ അംഗീകാരത്തോടുകൂടി, അവരുടെ തന്നെ കൂട്ടത്തിലുള്ള ചെറിയൊരു വിഭാഗം, പൊതുവെ ബാധകമായ ഭരണച്ചെയ്തികളായി രൂപാന്തരപ്പെടുത്തുന്നതാണു ജനപ്രാതിനിധ്യഭരണം.

ജനാധിപത്യ വ്യവസ്ഥയുടെ ഉദയവും വികാസവും വളർച്ചയും കണക്കാക്കി അതിനെ മൂന്നായി വിഭജിക്കാം.

  • പ്രാചീന ജനാധിപത്യം
  • മധ്യകാല ജനാധിപത്യം
  • ആധുനിക ജനാധിപത്യം.

ജനാധിപത്യവ്യവസ്ഥയുടെ ഉത്ഭവം പ്രാചീന ഗ്രീസിലാണ്. ആധുനികജനാധിപത്യം ശക്തി പ്രപിക്കുന്നത് 1789 ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്നാണ്. എന്നാൽ അതിന് മുൻപേ പള്ളിക്കെതിരെയുള്ള പൊതുവികാരം എന്ന നിലക്ക് ഇംഗ്ലണ്ടിൽ ഈ തത്ത്വത്തിന് സ്വീകാര്യത ലഭിച്ചിരുന്നു. [1]

അഥീനിയൻ ജനാധിപത്യം

തിരുത്തുക
 
അഥീനിയൻ അമ്പലം, ഇവിടെയാണ് അഥീനിയൻ അസംബ്ലി കൂടിയിരുന്നത്

ഇന്ന് നിലവിലുള്ള ജനാധിപത്യത്തിന്റെ രൂപമായിരുന്നില്ല പ്രാചീന ഗ്രീസിലെ ജനാധിപത്യ വ്യവസ്ഥക്ക്. അവിടെ പരമാധികാരം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. കോടതിക്കും അസംബ്ലിക്കുമായിരുന്നു അവിടെ പരമാധികാരം. അസംബ്ലിയിലായിരുന്നു ദൈനംദിന കാര്യങ്ങളുടെ തീരുമാനങ്ങൾ നടന്നിരുന്നത്. അതിൽ നിരവധി അംഗങ്ങളുണ്ടായിരുന്നു. അംഗങ്ങളുടെ പ്രാതിനിധ്യ പൗരത്വം അടിസ്ഥാനപ്പെടുത്തിയായിരുന്നു).[2]. വരുത്തന്മാർക്കും അടിമകൾക്കും സ്ത്രീകൾക്കും പൗരത്വം നൽകപ്പെട്ടിരുന്നില്ല. ഗോത്ര ജനാധിപത്യമായിരുന്നു ഗ്രീസിൽ നിലവിലുണ്ടായിരുന്ന മറ്റൊരു ജനധിപത്യ രീതി. ഗ്രീസിലെ അഥീനിയൻ ജനാധിപത്യം ഏഴ് വ്യത്യസ്ത കാലയളവിലൂടേയാണ് കടന്ന് പോയത്.

  1. സോളോൺ (ക്ര. മു. 600-561)
  2. പിസിസ്ട്രാറ്റിഡ്സിന്റെ കാലം (ക്ര.മു.561-510)
  3. ക്ലിസ്ഥനസിന്റെ മധ്യജനാധിപത്യം (ക്ര.മു.510-462)
  4. പെരിക്ലിസിന്റെ ഉല്പതിഷ്ണ ജനാധിപത്യം (ക്ര.മു.462 - 431)
  5. ഒളിഗാർക്കി (ക്ര.മു. 431 - 403 )
  6. പരിഷ്കൃത ജനാധിപത്യം (ക്ര.മു.403 - 322)
  7. മാസിഡോണിയൻ-റോമൻ വാഴ്ചയിലുള്ള ജനാധിപത്യം (ക്ര.മു.322-102)[3]

അഥീനിയൻ ജനാധിപത്യം ക്ര. മു. ആറാം നൂറ്റാണ്ടോടെയാണ് ശക്തി പ്രാപിക്കുന്നത്. ഐസണോമിയ (രാഷ്ട്രീയാവകാശ സമത്വം) എന്നും ഈ ജനാധിപത്യ രീതി അറിയപ്പെടുന്നു. [4][5] എന്നാൽ സോക്രട്ടീസ് ഈ ജനാധിപത്യ രീതിയുടെ കടുത്ത വിമർശകനായിരുന്നു. [6]

അവിടെ നിലവിലുണ്ടായിരുന്ന മറ്റ് ജനാധിപത്യ രീതികൾ താഴെ കൊടുക്കുന്നു:

  • പൊതുസമ്മത ജനാധിപത്യം - Consensus democracy
  • സൊറീഷ്യൻ
  • ഗോത്ര ജനാധിപത്യം - Tribal democracy
  • പ്രത്യക്ഷ ജനാധിപത്യം - Direct democracy

ജനാധിപത്യം രൂപപ്പെട്ട പ്രാചീന ഗ്രീസിൽ ജനാധിപത്യത്തിനു കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ലെന്ന് മാത്രമല്ല, നാൽക്കാലികളേക്കാൾ മോശമായ രീതിയിലായിരുന്നു അവരോട് പെരുമാറിയിരുന്നത്.പ്രശസ്ത ഫ്രഞ്ച് ദാർശനികനായ ആന്ദെ ക്രീക്സോൺ എഴുതുന്നു. “ പുരാതന ഗ്രീക്ക് നാഗരികതയിൽ അടിമസമ്പ്രദായം നിയമവിധേയമായിരുന്നു. ഏറ്റവും ഉത്കൃഷ്ട വ്യക്തികൾ പോലും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും വിൽക്കുന്നതും അവരോട് മൃഗങ്ങളെ പോലെ പെരുമാറുന്നതും സ്വാഭാവികം മാത്രമായെ കരുതിയിരുന്നുള്ളൂ.[7]

ഭാരതീയ ജനാധിപത്യം

തിരുത്തുക

ക്ര.വ. 750 ൽ ബംഗാൾ ഭരിച്ചിരുന്ന പാല രാജവംശം (ഗോപാല രാജവംശം) ജനാധിപത്യ രൂപേണയായിരുന്നു അധികാരത്തിലെത്തിയിരുന്നതെന്ന് പറയപ്പെടുന്നു[8]. അതിന് മുൻപേ തന്നെ ബുദ്ധ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥ നിലനിന്നിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്[9].[10].

ഇന്ത്യയിൽ നിലനിന്നിരുന്ന സംഘ, ഗണ, ജനപഥ, അയുദ്ധിയ പ്രായ, വാഹിക തുടങ്ങിയവയൊക്കെ ജനാധിപത്യത്തിന്റെ പ്രാചീന രൂപങ്ങളായിരുന്നു[11]. എന്നാൽ ബുദ്ധ രാജവംശങ്ങളെയൊക്കെ നിഷ്കാസനം ചെയ്ത് രംഗത്ത് വന്ന രാജകുല സങ്കല്പങ്ങളും ക്ഷത്രിയ വർഗീകരണവും ലിച്ചാവിയുമൊക്കെ ജനാധിപത്യത്തെ എതിർത്തിരുന്നുവെന്ന് നിരീക്ഷിക്കുന്നവരും ഏറെയാണ്[12].


പുരാതന ഭാരതത്തിൽ

തിരുത്തുക

ജനപ്രാധിനിത്യത്തിന്റെ ചില രൂപങ്ങൾ പുരാതനഭാരതത്തിൽ നിലനിന്നിരുന്നു. വേദങ്ങളിൽ പറയുന്ന കുലസംഘങ്ങളും മഹാഭാരതത്തില് പറയുന്ന ഗണങ്ങളും അതിപുരാതന ഭാരതത്തിലെ ജനാധിപത്യ സ്ഥാപനങ്ങളായിരുന്നു. രാജാവിന്റെ കീഴിൽ മന്ത്രിമാർക്കുപുറമെ വലിയ അംഗസംഖ്യയുള്ള മന്ത്രിപരിഷത്തും പ്രവർത്തിച്ചിരുന്നു. രാജ്യത്തെ സംബന്ധിച്ച ഏതു കാര്യവും ഈ പരിഷത്തു ചർച്ചചെയ്യുകയും പരിഷത്തിന്റെ ഭൂരിപക്ഷതീരുമാനം രാജാവു സ്വീകരിച്ചു നടപ്പാക്കുകയും വേണമെന്ന് കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കാണുന്നു.

സംഘം കൃതികളിൽ

തിരുത്തുക

ദക്ഷിണഭാരതത്തിലും ഏ.ഡി.ആദ്യ നൂറ്റാണ്ടുകളിൽ ജനാതിപത്യച്ഛായയുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ഒരു വലിയ സഭയിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു സമിതികളിൽ നിക്ഷിപ്തമായിരുന്നു രാജ്യത്തിന്റെ ഭരണാധികാരമെന്ന് സംഘകാല കൃതികളിൽ കാണുന്നു. വേണാട്ടിലെ ഒരു ഭരണസഭയിൽ അറുനൂറ് അംഗങ്ങൾ ഉണ്ടായിരുന്നത്രേ.

പാർലമെന്ററി ജനാധിപത്യം

തിരുത്തുക

ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളെ പശ്ചാത്യലോകം പൊതുവേ അംഗീകരിച്ചെങ്കിലും അവ പ്രായോഗികമാക്കാനുള്ള ഭദ്രമായ ചട്ടക്കൂട് ഉണ്ടായത് 18-ആം നൂറ്റാണ്ടിൽ അമേരിക്ക ഒരു ഭരണഘടന വാർത്തെടുത്തതോടുകൂടിയാണു. ഇംഗ്ലണ്ട് ഒരു ലിഖിതഭരണം കൂടാതെതന്നെ പടിപടിയായി ജനാധിപത്യത്തിലേക്ക് പുരോഗിമിച്ചുകൊണ്ടിരുന്നു. ജനപ്രാധിനിത്യസ്ഥാപനങ്ങൾ, സാർവ്വത്രികവോട്ടവകാശം, ആനുപാതികപ്രാതിനിധ്യം, പാർട്ടിസമ്പ്രദായം മുതലായവയെസംബന്ധിച്ച താത്വികചർച്ചകൾക്ക് അമേരിക്കയിലെ ജെഫേർസൻ, ഫ്രാൻസിലെ ടോക്ക്വിൽ, ഇംഗ്ലണ്ടിലെ ജറെമി ബെന്താം, ജെയിംസ് മിൽ, ജോൺസ്റ്റുവർട്ട് മിൽ എന്നിവരും വിലപ്പെട്ട സംഭാവനകൾ നൽകി. പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ പാർലമെന്ററി ഭരണം വേണമെന്ന് ഇംഗ്ലണ്ടിലെ അനുഭവങ്ങൾ തെളിയിച്ചു. അസംതൃപ്തമായ ഒരു ജനതയ്ക്ക് ഭരണാധികാരികളെ നീക്കം ചെയ്യാൻ സാധിക്കുമെന്ന് അമേരിക്കൻ വിപ്ലവം പഠിപ്പിച്ചു. ഏതാനും ചില വ്യക്തികൾക്ക് പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും നൽകാൻ മാത്രമേ ഏകാധിപത്യം ഉപകരിക്കുകയുള്ളൂ എന്ന് ഫ്രഞ്ചു വിപ്ലവത്തിൽ നിന്ന് മനസ്സിലായി.[13]

ഈ ആശയങ്ങൾക്ക് സ്ഥാപനങ്ങളുടെ രൂപം നൽകുന്നതിനെക്കുറിച്ചാണു 19-ആം നൂറ്റാണ്ടിലെ രാഷ്ട്രീയചിന്തകർ ചർച്ചചെയ്തത്. ജനപ്രാധിനിധ്യസ്ഥാപങ്ങളുടെ അടിസ്ഥാനം എത്രകണ്ട്, എങ്ങനെ കൂടുതൽ വിശാലമാക്കാം? ഭരണത്തിൽ ജനങ്ങൾക്ക് എത്ര കൂടുതൽ പങ്കു നൽകാം? ഹിതപരിശോധന, ഇനിഷ്യേറ്റീവ് (മുൻകൈ) മുതലായ സമ്പ്രദായങ്ങൾ പ്രായോഗികമാണോ? സമ്മതിദായകർക്ക് പ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം നൽകണമോ? ദ്വിമണ്ഡലനിയമസഭകൾ വേണമോ? ആനുപാതികപ്രാതിനിധ്യം ആശാസ്യമാണോ? പാർട്ടിസമ്പ്രദായം എങ്ങനെ പരിഷ്കരിക്കാം? എന്നിങ്ങനെ യുള്ള പ്രശ്നങ്ങളെപ്പറ്റി വ്യാപകമായ ചർച്ചകൾ നടന്നു. പലരാജ്യങ്ങളിലും തൽസംബന്ധമായ പരീക്ഷണങ്ങളും നടന്നു.

പ്രത്യക്ഷ ജനാധിപത്യം

തിരുത്തുക

ബി.സി. അഞ്ചാം നൂറ്റാണ്ടിൽ നിലവിലിരുന്ന ഗ്രീസിലെ നഗരരാഷ്ട്രങ്ങളിൽ എല്ലാ പൗരന്മാർക്കും അംഗത്വമുള്ള നിയമസഭകളാണു ഭരണകാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ഈ സമ്പ്രദായത്തെ പ്രത്യക്ഷ ജനാധിപത്യം(Direct Democracy) എന്ന് വിളിക്കുന്നു. എല്ലാ പൗരന്മാരും രാജ്യകാര്യസഭയിലെ അംഗങ്ങളായിരുന്നെങ്കിലും, എല്ലാ ജനങ്ങളും പൗരന്മാരായിരുന്നില്ല. സ്ത്രീകൾക്കും, അടിമകൾക്കും മറ്റും പൗരത്വം നിഷേധിച്ചിരുന്നു. പൗരന്മാർക്ക് രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനു വേണ്ടത്ര സമയം ലഭിക്കുന്നതിന്ന് അടിമകൾ ആവശ്യമാണെന്നത്രേ നഗരരാഷ്ട്രങ്ങൾ വിശ്വസിച്ചിരുന്നത്. അപ്പോൾ അവകാശ സമത്വം എന്ന സങ്കല്പം പ്രത്യക്ഷ ജനാധിപത്യത്തിന്ന് ഉണ്ടായിരുന്നില്ലെന്നുള്ളത് വ്യക്തമാണു. അക്കാലത്ത് ഗ്രീക്ക് ചിന്തകർ ഈ സമ്പ്രദായത്തെ വളരെയൊന്നും അനുകൂലിച്ചില്ല. പെരിക്ലിസ് അതിന്റെ ആരാധകനായിരുന്നെങ്കിലും, പ്ലേറ്റോയും ഐസോക്രാറ്റീസും അതിനെതിരായിരുന്നു. അരിസ്റ്റോട്ടിൽ ജനാധിപത്യത്തിന്റെ ശത്രുവായിരുന്നില്ല. ഏതാനും പേരുടെ കൈയിൽ അധികാരം കേന്ദ്രീകരിക്കുകയെന്ന വിപത്തൊഴിവാക്കാൻ ജനാധിപത്യത്തിനുള്ള കഴിവ് അദ്ദേഹം അംഗീകരിച്ചു. എങ്കിലും സംഖ്യയിൽ കൂടുതലായ ദരിദ്രരുടെ സർവ്വാധിപത്യത്തിന്ന് ജനാധിപത്യം വഴിയൊരുക്കുമെന്നും, സമർത്ഥന്മാർക്ക് അർഹിക്കുന്ന സ്ഥാനം ലഭിക്കുകയില്ലെന്നുമുള്ള വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചു. അധികാരം ദരിദ്രരിൽ കേന്ദ്രീകരിക്കുകയല്ല, മറിച്ച് ദരിദ്രനും ധനികനും അധികാരത്തിൽ തുല്യപങ്കു നൽകുകയാണു വേണ്ടതെന്നും ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം രാജ്യത്തിനു ദോഷം ചെയ്യുമെന്നും അരിസ്റ്റോട്ടിൽ ഓർമ്മപ്പെടുത്തുകയുണ്ടായി. ഭദ്രമായ ജനപ്രാതിനിധ്യ വ്യവസ്ഥയുടെ അഭാവം നിമിത്തം ശക്തമായ ഒരു നിർവ്വഹണവിഭാഗം പടുത്തുയർത്തുവാൻ ഈ വ്യവസ്ഥക്കു സാധിച്ചില്ല.

പരോക്ഷ ജനാധിപത്യം

തിരുത്തുക

രാഷ്ട്രീയരംഗത്തെ പ്രവർത്തനങ്ങൾ മാത്രം പരിഗണിക്കുമ്പോൽ 19-ആം നൂറ്റാണ്ടിലെ ജനാധിപത്യഗവണ്മെന്റുകൾ ഏറെക്കുറെ വിജയിച്ചുവെന്ന് പറയാം. മതസ്വാതന്ത്ര്യവും രാഷ്ട്രീയസമത്വവും സ്ഥാപിതമായി. ഭൂപ്രഭുക്കന്മാരുടെ പ്രത്യേകാവകാശങ്ങൾ മിക്കവാറും നിർത്തലാക്കി. സാമ്പത്തികവും സാമൂഹ്യവുമായ സ്വപ്നമായി മാത്രം അവശേഷിച്ചു. ജനാധിപത്യ രാഷ്ട്രങ്ങളുടെ വകയായ കോളണികളിലെ ജനങ്ങൾക്ക് ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അങ്ങനെയൊരു സന്ദർഭത്തിലാണു മാർക്സിയൻ സിദ്ധാന്തത്തിന്റെ രംഗപ്രവേശം. സാമ്പത്തികമായ സമത്വമാണു സാമൂഹ്യനീതിയുടെ അടിസ്ഥാനമെന്ന് മാർക്സിസം വാദിച്ചു. സാമ്പത്തിക സമത്വത്തിന്റെ അഭാവത്തിൽ ജനപ്രാതിനിധ്യസ്ഥാപനങ്ങൾ ധനികവർഗ്ഗത്തിന്റെ പിടിയിൽ അമരുമെന്നും തങ്ങളുടെ ആധിപത്യവും ചൂഷണവും തുടരാൻ വേണ്ടി അവർ ആ സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ടിരിക്കുമെന്നും മാർക്സിസ്റ്റുകൾ ചൂണ്ടിക്കാണിച്ചു. വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് തൊഴിലാളിവർഗ്ഗത്തിന്റെ സർവ്വാധിപത്യം സ്ഥാപിച്ച് ഉല്പാദനോപാധികളെ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ മാത്രമേ സാമ്പത്തികസമത്വം സ്ഥാപിക്കാൻ കഴിയൂ എന്നവർ വാദിച്ചു. അന്നുവരെ കരുതപ്പെട്ടിരുന്ന രാഷ്ട്രീയസംവിധാനം അതിനെതിരായഒരു വെല്ലുവിളിയായിട്ടാണു കമ്മ്യൂണിസത്തെ കണ്ടത്.

ഇരുപതാം നൂറ്റാണ്ടിൽ ജനാധിപത്യത്തെ ജർമ്മനിയിലെ നാസിസവും ഇറ്റലിയിലെ ഫാസിസവും വെല്ലുവിളിച്ചു. ഫാസിസ്റ്റുകൾ ജനാധിപത്യശക്തികളോടു കൂടുതൽ ആക്രമണപരമായ ഒരു സമീപനമാണു കൈക്കൊണ്ടത്. അത് രണ്ടാം ലോകയുദ്ധത്തിലേക്കു നയിച്ചു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് റഷ്യയും ഫാസിസ്റ്റുശക്തികളും തമ്മിൽ സഖ്യമുണ്ടാക്കിയെങ്കിലും, പിന്നീട് റഷ്യയും പാശ്ചാത്യശക്തികളോടുചേർന്ന് ഫാസിസ്റ്റുകൾക്കെതിരായി യുദ്ധം ചെയ്തു. ഫാസിസ്റ്റുകൾ പരാജയപ്പെടുകയും ചെയ്തു. ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായി. കമ്മ്യൂണിസത്തിന്റെ അധികാരമേഖല വളരെ വിപുലമായെങ്കിലും, അവരുടെ സിദ്ധാന്തത്തിലും അതിന്റെ നടത്തിപ്പിലും ഗുരുതരമായ പ്രശ്നങ്ങൾ തലയുയർത്തി. റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സർവ്വാധിപത്യം യഥാർത്ഥത്തിൽ സ്റ്റാലിന്റെ മർദ്ദനപർമായ ഏകാധിപത്യമായി അധഃപതിച്ചുവെന്ന ആക്ഷേപം സോവിയറ്റ് റഷ്യതന്നെ സ്റ്റാലിന്നുശേഷം ഉന്നയിച്ചു. റഷ്യയും ചൈനയും തമ്മിൽ വിവാദങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ് ജനാധിപത്യത്തിന്റെ ശരിയായ രൂപം റഷ്യയുടേയോ, ചൈനയുടേതോ എന്നു നിശ്ചയിക്കാൻ രാഷ്ട്രീയ നിരിക്ഷകർക്കു ബുദ്ധിമുട്ടായി.

സോഷ്യലിസ്റ്റ് ജനാധിപത്യം

തിരുത്തുക

സാമ്പത്തികസമത്വവും, രാഷ്ട്രീയസമത്വവും, സാമൂഹിക സമത്വവും ഒന്നിച്ചുപുലർന്നാൽ മാത്രമെ സോഷ്യലിസ്റ്റ് ജനാധിപത്യം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.

ജനാധിപത്യവും ക്രിസ്തുമതവും

തിരുത്തുക

ജനാധിപത്യം ആദ്യമായി ആവിർഭവിച്ചത് ക്രിസ്ത്യൻ രാജ്യങ്ങളിൽ ആയിരുന്നു. ഏതാണ്ട് 50 കൊല്ലങ്ങൾക്ക് മുമ്പ് വരെ ക്രിസ്തുമതവും ജനാധിപത്യവും പരസ്പരവിരുദ്ധങ്ങളായി സാമൂഹ്യ ശാസ്ത്രകാരന്മാർ പൊതുവെ കരുതിയിരുന്നു.[14] ക്രൈസ്തവ യൂറോപ്പിൽത്തന്നെ ഫാഷിസവും നാസിസവും ഉദയംകൊണ്ടു എന്നതും യാഥാർത്ഥ്യമാണ്. രാഷ്ട്രീയ അധികാരശക്തികൾക്ക് സമ്പൂർണമായി വണങ്ങേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ മാർട്ടിൻ ലൂതർ പറഞ്ഞു: ‘രാജാവ് എന്നെ വിളിച്ചാൽ ദൈവം എന്നെ വിളിച്ചതുപോലെയാണ്’.[15] മദ്ധ്യകാല നൂറ്റാണ്ടുകളില് കത്തോലിക്ക സഭയിൽ പോപ്പിന്റെ ആധിപത്യത്തിലും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കു പോലും വിലക്കുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആധുനിക കാലത്തേക്ക് കടന്നപ്പോള് ഈയവസ്ഥക്ക് കാര്യമായ മാറ്റം വരുകയുണ്ടായി. ഇന്ന് ആഴത്തിൽ വേരോട്ടമുള്ള ജനാധിപത്യ രാഷ്ട്രങ്ങൾ ക്രിസ്തു മതത്തിന്റെ ഹൃദയഭാഗങ്ങളിലാണെന്ന് നമുക്കറിയാം. ഇവയിൽ പലതും യൂറോപ്യൻ രാജ്യങ്ങളാണ്. പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിൽ ജനാധിപത്യം കൂടുതൽ സ്വീകാര്യമായിരുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവ കൂടുതൽ വളർച്ച പ്രാപിച്ചതായി കാണാം.

ഇസ്‌ലാമിക ജനാധിപത്യം

തിരുത്തുക

ഇസ്ലാമിക രാജ്യങ്ങളിൽ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും ഒഴിവാക്കുന്നതിലും ജനാധിപത്യ രീതിശാസ്ത്രത്തെ അംഗീകരിക്കുന്ന ഇസ്‌ലാം, പക്ഷെ നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ മതപരമായ ചില നിയന്ത്രണങ്ങൾ വെച്ചിരിക്കുന്നു. തികച്ചും മതപരമായ ഇസ്ലാമിക ശരിയത്തു നിയമങ്ങൾ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള നിയമ നിർമ്മാണത്തിന്‌ മാത്രമേ സഭക്ക് അധികാരമുണ്ടാകൂ. നബിക്ക് ശേഷം ഖലീഫമാരെ നിശ്ചയിച്ച രീതികൾ പരിശോധിച്ചാൽ ഇസ്‌ലാമിന്റെ ജനാധിപത്യ വീക്ഷണം മനസ്സിലാക്കാൻ കഴിയും. എന്നാൽ പിന്നീട് അത് രാജഭരണത്തിലേക്ക് വഴിതെറ്റുകയായിരുന്നു[16].

ഭരണാധികാരികളെ തിരഞ്ഞടുക്കുക, കൂടിയാലോചന സംവിധാനം, വിമർശനാധികാര്യം, അധികാരികളെ നിശ്ചയിക്കുവാനും മാറ്റാനുമുള്ള പൗരൻമാരുടെ അവകാശം എന്നു തുടങ്ങുന്ന ജനാധിപത്യത്തിൻറെ ഈ വിശാല മേഖലയെ ഇസ്‌ലാം പിന്തുണക്കുന്നു. ഖിലാഫത്തിലൂടെ തെരഞ്ഞെടുപ്പു സംവിധാനം, ശൂറ(പാർലമെൻററി സംവിധാനം), നീതിനിർവാഹക സംവിധാനം എന്നിവക്ക് മാതൃകകൾ സമർപ്പിക്കാനായി. ആധുനിക ജനാധിപത്യത്തെയും ഇസ്‌ലാമിനെയും ഈ രീതിയിൽ ആദ്യമായി സൈദ്ധാന്തിക തലത്തിൽ വിശകലനം ചെയ്തത് സയ്യിദ് മൗദൂദിയാണ്[17] ബുദ്ധിയുള്ള ഒരുത്തനും ജനാധിപത്യത്തിന്റെ ക്രിയാത്മക വശത്തെ എതിർക്കുകയില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.[18] ഈ വീക്ഷണത്തെ റാശിദ് ഗനൂശി, ഡോ. യൂസുഫുൽ ഖർദാവി, അസ്സാം തമീമി തുടങ്ങിയവരും ക്രിയാത്മകമായി വിലയിരുത്തിയിട്ടുണ്ട്.

ഈജിപ്ഷ്യൻ ജിഹാദ് സംഘത്തിനെ തലവനും അൽ ഖാഇദയുടെ താത്വികാചര്യനുമായ ഡോ. അയ്മൻ സവാഹിരി, ഈജ്പ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ നേതാവ്‌ സയ്യിദ് ഖുതുബ്, ഹിസ്ബുത്തഹ്രീറിന്റെ നേതാവ് തഖിയുദ്ദീൻ നബ്‌ഹാനി എന്നിവർ തീർത്തും ഉപേക്ഷിക്കേണ്ട രീതിയായി ജനാധിപത്യത്തെ വിലയിരുത്തുന്നു. [19][20]ലോകത്ത് പ്രവർത്തിക്കുന്ന എല്ലാ ജിഹാദി സംരംഭങ്ങളും, സലഫികളും തകർക്കപ്പെടേണ്ട ജനവിരുദ്ധ വ്യവസ്ഥിതിയായാണ് ജനാധിപത്യത്തെ കാണുന്നത്. ജനാധിപത്യവും ഇസ്‌ലാമും വിരുദ്ധാശയങ്ങളാണെന്ന ചിന്താഗതി മാത്രമല്ല, ജനാധിപത്യം ഇസ്‌ലാമിനെതിരെയുള്ള പാശ്ചാത്യ നിർമിതിയാണെന്ന് വരെയുള്ള വിവിധ വാദമുഖങ്ങളാണ്‌ ഈ ശത്രുതക്കടിസ്ഥാനമായി കാണുന്നത്.

'നന്മയിലേക്കു ക്ഷണിക്കുകയും ധർമം കൽപിക്കുകയും അധർമം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിർവഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവർ.' (വിശുദ്ധ ഖുർആൻ )

ആധുനിക ജനാധിപത്യം

തിരുത്തുക

ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് 1265 ലെ മോൺഫോറ്ട്ടിന്റെ പാർലമെന്റായിരുന്നു. എങ്കിലും ഒരു ചെറു ന്യൂന‍പക്ഷത്തിനേ അവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ [21]. രാജഭരണത്തിനു കൂച്ചുവിലങ്ങിട്ട് കൊണ്ട് അവതരിപ്പിച്ച മാഗ്നാകാർട്ട ബ്രിട്ടീഷ് പർലമെന്റ് ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു.

വിദ്യാഭ്യാസവും ജനാധിപത്യവും

തിരുത്തുക

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതുകൊണ്ടർത്ഥമാക്കുന്നത്. പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം.ധാരണാശക്തി തൃപ്തികരമായിരിക്കുകയും സ്വഭാവം മെച്ചപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ജനത ബോധവാൻമാരാകുന്നു.സാമൂഹ്യസേവനതൽപരതയും ഊർജ്ജസ്വലതയും രാഷ്ട്രീയമായ വിവേകവും ജനാധിപത്യത്തിലാവശ്യമാണ്. പുതിയതലമുറയ്ക്ക് സാംസ്കാരികപാരമ്പര്യം പകർന്നുകൊടുക്കുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാഥമികവും പ്രധാനവുമായ ധർമ്മമാണ്. കല,ശാസ്ത്രം,ജീവിതരീതികൾ എന്നിവയിൽ പണ്ടും ഇന്നും പുലർത്തുന്ന വ്യതിയാനങ്ങളോടെ വേണം പുതിയ തലമുറ അവ ഉൾക്കൊള്ളുവാൻ. ഈ ഉത്തരവാദിത്തമാണ് വിദ്യാലയങ്ങൾ ഏറ്റെടുത്തിരിക്കേണ്ടത്. സംസ്ക്കാരം സ്വരൂപിക്കുകയും പകർന്നുകൊടുക്കുകയും ചെയ്യുന്ന സാമൂഹ്യസ്ഥാപനമാണ് വിദ്യാലയം. ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുവാനുള്ള അവസരം വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾക്കു ലഭിക്കണം. യഥാർത്ഥവും സങ്കീർണ്ണവുമായ ജീവിതയാഥാർത്ഥ്യങ്ങൾ വിദ്യാർത്ഥികൾ മനസ്സിലാക്കിയിരുന്നാൽ മാത്രമെ ജനാധിപത്യം വിജയകരമാവുകയുള്ളു.ആത്മസാക്ഷാത്കാരം, മാനുഷികബന്ധങ്ങൾ, സാമ്പത്തികഭദ്രത, പൗരബോധം എന്നീ ഗുണങ്ങൾ വിദ്യാഭ്യാസത്തിലൂടെ വരും തലമുറയിൽ വികസിച്ചുവരേണ്ടതാണ്. സമ്പൂർണ്ണ വിദ്യാഭ്യാസം കൊണ്ട് മാത്രമെ ദുഷ്പ്രവണതകളേയും ദുഷ്പ്രചാരങ്ങളെയും അതിജീവിക്കുവാൻ മനുഷ്യനു കഴിയുകയുള്ളു. രാഷ്ട്രീയ സാമ്പത്തിക സാമുഹിക രംഗങ്ങളിൽ അവശ്യം വേണ്ട മാറ്റം കൊണ്ടുവരാൻ വിദ്യാഭ്യാസ ഏജൻസികളും ബാധ്യസ്ഥരാണ്. പരിവർത്തന വിധേയമായികൊണ്ടിരിക്കുന്ന ഒരു സമുഹത്തിലെ വിദ്യാഭ്യാസം ഭാരിച്ച ഉത്തരവാദിത്തമാണ്.ചുറ്റ്പാടുമായി പൊരുത്തപ്പെടുവാനുള്ള ഉൾകാഴ്ച്ച അവനു ലഭ്യമാക്കണം. വസ്തുതകളും യാഥാർത്ഥ്യങ്ങളും അവാസ്തവിക പ്രസ്താവനകളിൽനിന്നു വേർതിരിച്ചു മനസ്സിലാക്കുവാനുള്ള കഴിവ് വിദ്യാർത്ഥികൾക്കു നൽകിയാൽ മാത്രമേ ജനാധിപത്യം വിജയപ്രദമാവുകയുള്ളു.

അന്താരാഷ്ട്ര ജനാധിപത്യ ദിനം

തിരുത്തുക

സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും ആചരിക്കുന്നു. (ആർട്ടിക്കിൾ 21.3). ഓരോ വർഷവും ഒരോ വിഷയങ്ങൾ പ്രമേയമാകാറുണ്ട്. 2019 ലെ പ്രമേയം പങ്കാളിത്തം എന്നതാണ്.[22]

ജനാധിപത്യ സ്തംഭങ്ങൾ

തിരുത്തുക
  • ജനതയുടെ പരമാധികാരം -Sovereignty of the people. (പാർലമെന്റും ലെജിസ്ലേറ്റീവുമാണത്‌. നിയമഭേദഗതി നടത്താനുള്ള അവകാശവും അധികാരവും പാർലമെന്റിനും ലെജിസ്ലേറ്റീവിലും നിക്ഷിപ്തമാണ്‌. ആ അർത്ഥത്തിൽ [[പരമാധികാരകോടതി] അധികാരം പാർലമെന്റിനായിരിക്കും)(തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ സദാചാരത്തിന്‌ അളവുകോൽ ഏർപ്പെടുത്താൻ വ്യവസ്ഥയില്ലാത്തതിനാൽ ജനതയുടെ പരമാധികാരം ഭരണകൂത്തിന്റെ പിഴവിനും കഴിവില്ലായ്മക്കും കാരണമാകുന്ന നിരവധി സന്ദർഭങ്ങൾക്ക്‌ ജനാധിപത്യം സാക്ഷിയാകാറുണ്ട്‌)
  • ഭൂരിപക്ഷ ഭരണം- Majority rule.(തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ഉൾക്കൊള്ളുന്ന ഭരണകൂടം. തെരെഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനായിരിക്കും ഭരണമെന്നത്‌ സുവ്യക്തം. (ഇവിടെ ഗുണത്തിനല്ല എണ്ണത്തിനാണ്‌ പ്രസക്തിയെന്നത്‌ ജനാധിപത്യത്തിന്റെ പരാജയമാണ്‌. )
  • ന്യൂനപക്ഷാവകാശം - Minority rights.(ഭൂരിപക്ഷം ഭരിക്കുമ്പോൾ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്നതാണത്‌)(ജനാധിപത്യത്തിന്‌ കീഴിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്നത്‌ വ്യർഥമോഹമാണ്‌. ഏറ്റവും വലിയ ജനാധിപത്യ നാടായ ഇന്ത്യയിൽ പോലും നിരവധി ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളുണ്ടായിട്ടുണ്ട്‌. ഭരണകൂടത്തിന്‌ അവയെ ക്രിയാത്മകമായി നേരിടാനോ, എന്നെന്നേക്കുമായി ന്യൂനപക്ഷ വിരുദ്ധ കലാപശ്രമങ്ങളെ ഇല്ലാതാക്കാനോ ആയിട്ടില്ല)
  • അടിസ്ഥാന മനുഷ്യാവകാശം - Basic human rights.(എല്ലാതരം ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തലും അവരുടെ നിലനിൽപ്പ്‌ സംരക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണത്‌)(ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസി ദലിത്‌ പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. അവരുടെ ജീവിക്കാനുള്ള അവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുകയും കാടുകളിൽ നിന്ന് പോലും കുടിയിറക്കപ്പെടുകയും ചെയ്യുന്നു.)
  • സ്വാതന്ത്ര്യവും നീതിനിഷ്ടവുമായ തിരഞ്ഞെടുപ്പ്‌ - Free and fair elections.(ഏറ്റവും വലിയ ജനാധിപത്യ നാടായ ഇന്ത്യയിൽ പോലും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ഘട്ടങ്ങളുണ്ടായിട്ടുണ്ട്‌)
  • നിയമാർഹത - Due process of law.
  • നിയമ സമത്വം - Equality before the law. (ഭരണവർഗത്തിനും ഭരിക്കപ്പെടുന്ന ന്യൂനപക്ഷത്തിനും തുല്യ പരിഗണന നൽകപ്പെടുന്ന നിയമസംഹിതയുടെ ശാക്തീകരണം. അതിനാൽ കോടതി അവിടെ ശക്തമായിരിക്കണം.)(കോടതിയുടെ ശാക്തീകരണം പലപ്പോഴും ജനാധിപത്യ വ്യവസ്ഥതയുടെ ആത്മാർഥതയെ തന്നെ ചോദ്യം ചെയ്യുന്ന അവസരങ്ങളുണ്ടാകാറുണ്ട്‌.)
  • സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരത - Social, economic, and political pluralism.(സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അർത്ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുത.
  • സഹിഷ്ണുത, പ്രായോഗികത, സഹകരണം, വിട്ടുവീഴ്ച - Tolerance, pragmatism, cooperation, and compromise. (സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അർത്ഥശാസ്ത്രങ്ങളുടെയും പ്രാദേശിക ദേശീയ ഉപദേശീയ രാഷ്ട്രീയ ബഹുജന മുന്നേറ്റങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ സ്വാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടൊത്തുള്ള സഹകരണ വിട്ടുവീഴ്ചാ നിലപാടുകളും)(എന്നാൽ ഇന്ത്യയിൽ പല ഉപദേശീയ ചിന്താഗതികളെയും ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്‌. വടക്ക്‌ കിഴക്കൻ മേഖലയിലെ ഇന്നും തുടർന്ന് പോരുന്ന സംഘർഷങ്ങളും അടിച്ചമർത്തപ്പെട്ട ഖലിസ്ഥാൻ വാദവും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌. കശ്മീരിനെ ഇന്നും സംഘർഷമേഖലയായി നിലനിർത്തുന്നതും ഇത്തരം അസഹിഷ്ണതയുടെയും ബഹസ്വരതയെ സംഗീകരിക്കാൻ മടികാണിക്കുന്ന പ്രായോഗികതയുടെ അഭാവവും അസഹകരണവും വിട്ടുവീഴ്ചാ മനോഭാവമില്ലായ്മയുമാണ്‌. ഇന്ത്യയിൽ നിലന്നിരുന്ന ദ്രാവിഡ മുന്നേറ്റങ്ങളും തെലുങ്കാന പ്രസ്ഥാനങ്ങളും ഈ ഉപദേശീയതയുടെ നിദാനങ്ങളാണ്‌. എന്നാൽ രാഷ്ട്രത്തിനകത്തൊരു മഹാരാഷ്ട്രം നിലനിൽക്കുന്നത്‌ ഈ സഹകരണത്തിന്റെയോ സഹിഷ്ണുതയുടേയോ ഉദാഹരണമല്ല. അത്‌ കഴിവുകേടിന്റെ നിദാനമാണ്‌)
  • മാധ്യമങ്ങൾ - Media. (ശക്തവും സ്വതന്ത്രവുമായ മാധ്യമങ്ങൾ ജനാധിപത്യത്തെ താങ്ങി നിർത്തുന്നു)(ഭരണകൂടം പുറത്ത്‌ വിടുന്ന വാർത്തകൾ അതിന്റെ നിഷ്പക്ഷത നോക്കാതെയും, വാർത്തകളുടെ ഉറവിടം അന്വേഷിക്കാതെയും, വരികൾക്കിടയിൽ യാഥാർത്ഥ്യം ചികയാതെയും നൽകുന്ന വാർത്തകൾ മാധ്യമങ്ങളുടെ നിഷ്പക്ഷതെയേയും ആത്മാർത്ഥതയേയും ചോദ്യം ചെയ്ത പല സന്ദർഭങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്‌. കച്ചവട ലാഭത്തിന്‌ വേണ്ടി എക്സ്ക്ലൊസെവ്‌ വാർത്തകൾ പടക്കുന്ന പത്ര ടിവി വിഭാഗങ്ങൾ ഉണ്ടാകുന്നുവെന്നത്‌ പത്ര ധർമ്മത്തെയും ജനാധിപത്യത്തിന്റെ നിലനിൽപ്പിനേയും ചോദ്യം ചെയ്യുന്നു)

അർത്ഥ തലങ്ങൾ

തിരുത്തുക
  • The Merriam-Webster Dictionary ൽ ഇതിനു നൽകിയിരിക്കുന്ന അർത്ഥം കാണുക:

ജനങ്ങളുടെ ഭരണം, ഭൂരിപക്ഷ ഭരണം, പരമാ‍ധികാരം ജനങ്ങളിൽ അർപ്പിതമായ ഭരണം

  • Encarta Dictionary ൽ പറയുന്നു:

ഭൂരിപക്ഷത്തിനു തീരുമാനാധികാരമുള്ള ഭരണം

  • Britanica Encyclopedia ൽ പറയുന്നു:

ജനങ്ങൾക്ക് പരമാധികാരമുള്ള ഭരണം

  • Wordnet ൽ കാണുക:

ജനങ്ങൾ തെരഞ്ഞെടുക്കുകയും പ്രതിനിധീകരിക്കുകയും ജനങ്ങൾക്ക് പരമാധികാരമുള്ള വ്യവസ്ഥ

  • Double Day Dictionary ൽ ഇങ്ങനെ കാണാം:

രാഷ്ട്രീയ നിയന്ത്രണം ജനങ്ങളിൽ അർപ്പിതമായിരിക്കുന്ന വ്യവസ്ഥ

  • The New English Penguin Dictionary ൽ കാണുക:

ജനതക്ക് പരമാധികാരമുള്ള ഭരണകൂടം

  • Oxford Standard Dictionary ൽ കാണാം:

മുഴുവൻ‍ ജനതയുടെയും ഭരണം, മുഴുവൻ ജനതയാലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാൽ ഭരിക്കുന്ന നിയമം

അർത്ഥകല്പനകൾ

തിരുത്തുക
  • ജനതയുടെ ഭരണ സംവിധാനം;പ്രത്യേകിച്ച്: ഭൂരിപക്ഷത്തിന്റെ ഭരണം[23]
  • ജനാധിപത്യസർക്കാരുള്ള ഒരു രാഷ്ട്രീയവ്യവസ്ഥ [24]
  • സ്വതന്ത്രവും സമത്വപൂർണവുമായ ജനപ്രാതിനിധ്യം [25]
  • ഭൂരിപക്ഷത്തിന്റെ ഭരണം [26]
  • ജനങ്ങളുടെ ഭരണം, ഭൂരിപക്ഷഭരണം [27]

ജനാധിപത്യത്തെ കുറിച്ച അഭിപ്രായ പ്രകടനങ്ങൾ

തിരുത്തുക
  • “ജനാധിപത്യം വിദ്യാഹീനരുടെ ഭരണമാണ്. അരിസ്റ്റോക്രസി തലതിരിഞ്ഞ വിദ്യ നേടിയവരുടേയും” - ഗിൽബർട്ട് കെ. ചെസ്റ്റെർടോൺ
  • “ജനാധിപത്യം നിങ്ങൾക്കിഷ്ടമുള്ളത് പറയുകയും നിങ്ങളോട് കല്പിച്ചത് മാത്രം പ്രവർത്തിക്കുകയും ചെയ്യേണ്ട വ്യവസ്ഥയാണ്” - ഡേവ് ബർറി
  • “ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിർക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല” - സയ്യിദ് മൌദൂദി Archived 2011-02-15 at the Wayback Machine.

ഇതും കാണുക

തിരുത്തുക
  1. Source:'The Criticism of Democracy and the Illustration of its Reality' by Abdul Qadir Bin Abdul Aziz
  2. http://www.bbc.co.uk/history/ancient/greeks/greekdemocracy_01.shtml
  3. Source: Eli Sagan's The Honey and the Hemlock
  4. name=henry>Henry George Liddell, Robert Scott, A Greek-English Lexicon
  5. The Athenian Democracy in the Age of Demosthenes", Mogens Herman Hansen, ISBN 1-85399-585-1, P.81-84
  6. Xenophon (Memorabilia Book I, 2.9)
  7. സദാചാരവ്യവസ്ഥയും തത്ത്വദർശനങ്ങളും
  8. History of Buddhism in India, Translation: A. Shiefner
  9. Democracy in Ancient India by Steve Muhlberger, Associate Professor of History, Nipissing University
  10. Sharma, Republics, pp. 15-62, 237
  11. Democracy in Ancient India by Steve Muhlberger, Associate Professor of History, Nipissing University
  12. സർഫറാസ് നവാസ് : ജനാധിപത്യം
  13. വിശ്വവിജ്ഞാനകോശം ആറാം വാള്യം
  14. Lipset, Seong and Torres, A Comparative Analysis of the Social Requisites of Democracy, International Social Science Journal, vol. 136 (May 1993), p. 29
  15. Cited in Roland Bainton, Here I Stand: A Life of Martin Luther, Mentor: New York, 1977 6.Robin B. Wright, "Islam and Liberal Democracy: Two Visions of Reformation," Journal of Democracy, April 1996, p. 65-67
  16. അബുൽ അഅ്‌ലാ മൗദൂദി: ഖിലാഫത്തും രാജവാഴ്ചയും
  17. "മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ്.20, ഐ.പി.എച്ച് കോഴിക്കോട്". Archived from the original on 2011-02-15. Retrieved 2010-12-14.
  18. "തഹ്‌രീകെ ആസാദീ ഹിന്ദ് ഔർ മുസൽമാൻ, പേജ്475". Archived from the original on 2011-02-15. Retrieved 2010-12-14.
  19. ഡോ. അയ്മൻ സവാഹിരി: അൽ ഹസദുൽ മുർ‌റ്, അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ ഫി സിത്തീന ആമൻ, പേജ്:8
  20. സയ്യിദ് ഖുതുബ്: വഴിയടയാളങ്ങൾ
  21. Levinson, Sanford. Constitutional Faith. Princeton University Press, 1989, p. 60
  22. "International Day of Democracy 15 September". {{cite web}}: line feed character in |title= at position 31 (help)
  23. The Merriam-Webster Online dictionary
  24. The Merriam-Webster Online dictionary
  25. Encarta dictionary
  26. American Heritage Dictonay
  27. Word tutor
"https://ml.wiki.x.io/w/index.php?title=ജനാധിപത്യം&oldid=4109090" എന്ന താളിൽനിന്ന് ശേഖരിച്ചത്