രാമൻ

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഏഴാമത്തെ അവതാരം , രാമായണത്തിലെ കേന്ദ്രകഥാപാത്രം
(Rama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീരാമൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീരാമൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീരാമൻ (വിവക്ഷകൾ)

ഹൈന്ദവ വിശ്വാസപ്രകാരവും, വൈഷ്ണവ വിശ്വാസപ്രകാരവും ത്രിമൂർത്തികളിൽ ഒരാളും, പരിപാലകനുമായ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേ അവതാരമാണ്‌ ശ്രീരാമൻ (English: Rama, IAST: rāma, Devanāgarī: राम, Thai: พระราม, Lao: ພຣະຣາມ, Burmese: Yama, Tagalog: Rajah Bantugan)‍. അയോദ്ധ്യയിലെ രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.

ശ്രീ രാമൻ
ശ്രീ രാമൻ
ദേവനാഗരിराम
തമിഴ് ലിപിയിൽஇராமர்
Affiliationആദിനാരായണൻ
നിവാസംഅയോദ്ധ്യ
മന്ത്രംരാമ രാമ
ആയുധംവില്ലും അസ്ത്രവും
ജീവിത പങ്കാളിസീത
Mountരഥം

തെക്കേ ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും [1] ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്.

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു[2]. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു[2][3]. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ശിവന്റെ അവതാരവും മഹാബലവാനുമായ ഹനുമാൻ ശ്രീരാമന്റെ ഭക്തനും ദാസനുമായി വിശ്വസിക്കപ്പെടുന്നു.

ഹൈന്ദവ വിശ്വാസപ്രകാരം രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.[4] പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് അസുര രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.

വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, [4] പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നൽകിയ രാമൻ, ഒടുവിൽ പുത്രന്മാരായ ലവ-കുശന്മാർക്ക് രാജ്യം നൽകി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.

രാമൻ ജീവിച്ചിരുന്നത് ഏകദേശം ബി.സി 1300-1200 കാലഘട്ടത്തിൽ വെങ്കല യുഗത്തിൽ ആയിരുന്നു. ഇത് ഋഗ്വേദ കുലമണ്ഡലങ്ങൾ (മണ്ഡലം 2 മുതൽ 7 വരെ) രചിക്കപ്പെടുന്ന കാലം ആയിരുന്നു. രാമന്റെ സഹോദരൻ ആയ ലക്ഷ്മണന്റെ ഒരു മകൻ ആയ ധ്വന്യൻ എന്നയാളെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശം ഉണ്ട് (ഋഗ്വേദം 5.33.10), രാമനെ കുറിച്ചും പരാമർശം ഉണ്ട് (ഋഗ്വേദം 10.93.14). ദശരഥ രാജാവിന്റെ ഭാര്യാസഹോദരൻ ആയ രാജാവ് ദിവോദാസനും അദ്ദേഹത്തിന്റെ പൗത്രൻ സുദാസും ഋഗ്വേദത്തിൽ ധാരാളം പരാമർശിക്കപ്പെടുന്ന വീരൻമാർ ആണ്.

തുളസീദാസ്, തുഞ്ചത്തെഴുത്തച്ഛൻ, ഭദ്രാചലം രാമദാസ്, ത്യാഗരാജസ്വാമികൾ തുടങ്ങി നിരവധി പ്രസിദ്ധ കവികൾ രാമഭക്തരായിരുന്നു. ഇവരുടെ കൃതികളിൽ രാമന്റെ മഹിമകൾ ധാരാളമായി കാണാം.

രാമന്റെ ജനനവും വിവാഹവും

തിരുത്തുക

അയോദ്ധ്യയിലെ ഇക്ഷ്വാകുവംശത്തിലെ രാജാവായ ദശരഥൻ കുലഗുരു വസിഷ്ഠന്റെ നിർദേശപ്രകാരം, ഋശ്യശൃംഗ മുനിയുടെ നേതൃത്വത്തിൽ പുത്രകാമേഷ്ടി യാഗം നടത്തുന്നു.യാഗാന്ത്യത്തിൽ പ്രജാപതിയുടെ പ്രതിപുരുഷൻ യജ്ഞ കുണ്ഡത്തിൽ നിന്നു പ്രത്യക്ഷനായി, ദേവന്മാർ തയ്യാറാക്കിയ പായസം രാജാവിന് സമർപ്പിച്ചിട്ടു രാജപത്നിമാർക്കു നൽകണമെന്നും അപ്രകാരം ചെയ്താൽ ഉത്തമരായ നാലു പുത്രന്മാർ ജനിക്കുമെന്നുപറഞ്ഞു അനുഗ്രഹിക്കുന്നു. രാജാവ് പായസത്തിന്റ പകുതി കൗസല്യ ദേവിക്കും ശേഷിച്ചതിന്റെ പകുതി കൈകെയിക്കും ബാക്കിയായതിന്റെ പകുതി സുമിത്രക്കും, ശേഷിച്ച ഭാഗം, ഒന്നു ആലോചിച്ചതിനുശേഷം സുമിത്രക്കു തന്നെ നൽകുന്നു.

ഇതേ സമയം തന്നെ, രാവണന്റെ ഉപദ്രവങ്ങൾകൊണ്ടു പൊറുതി മുട്ടി തന്റെ മുന്നിൽ അഭയം പ്രാപിച്ച പശു വേഷധാരിണിയായ ഭൂദേവിയോടും ഇന്ദ്രാദി ദേവന്മാരോടും താൻ ദശരഥപുത്രന്മാരായി ജനിച്ചു രാവണനെ വധിച്ചു ലോകർക്കു സങ്കട നിവർത്തിയുണ്ടാക്കാമെന്ന് മഹാവിഷ്ണു വാക്കു കൊടുക്കുന്നു. അതിൻ പ്രകാരം വിഷ്ണു സ്വചൈതന്യത്തെ നാലായി പകുത്തു രാമനായി കൗസല്യയുടെയും, ഭരതനായി കൈകെയിയുടെയും ലക്ഷ്മണൻ ശത്രുഘ്‌നൻ എന്നിങ്ങനെ സുമിത്രയുടെയും പുത്രന്മാരായി പിറക്കുന്നു. ദശരഥൻ അത്യധികം സന്തോഷത്തോടെ പുത്രന്മാരോടും പത്നിമാരോടുമൊപ്പം ആയോധ്യയിൽ വാണരുളി.

നാല് രാജകുമാരന്മാരും ഒന്നിച്ചു കളിച്ചും പഠിച്ചും ഉണ്ടും ഉറങ്ങിയും ഒരിക്കലും കൂട്ടുപിരിയാതെ ഒരുമയോടും സഹോദര സ്നേഹത്തോടും ജീവിച്ചു. ലക്ഷ്മണൻ രാമന്റെയും ശത്രുഘ്‌നൻ ഭരതന്റേയും സന്ദഹസഹചാരികളായിരുന്നു.

ഒരുനാൾ അയോധ്യയിൽ എത്തിച്ചേർന്ന വിശ്വാമിത്ര മഹർഷി രാമലക്ഷ്മണന്മാരെ തന്റെ യാഗത്തിന്റെ രക്ഷയ്ക്കായി കൂട്ടികൊണ്ടുപോകുന്നു. രാജകുമാരന്മാരേ വിശപ്പും ദാഹവും ക്ഷീണവും ക്ലേശിപ്പിക്കാതിരിക്കുവാനായി മഹർഷി അവർക്ക് ബല അതിബല എന്ന മന്ത്രങ്ങൾ ഉപദേശിക്കുന്നു. വഴിയിൽ താടകവനത്തിൽവെച്ചു (മുൻപ് മലദം കരുഷം എന്നീ ജനപദങ്ങൾ) താടക എന്ന വൃദ്ധയും വികൃതരൂപിണിയുമായ യക്ഷിണിയെ രാമൻ ദുർജ്ജയമായ അസ്ത്രമയച്ചു വധിച്ചു. മഹർഷി വിശ്വാമിത്രൻ പ്രീതിച്ചു, ഇന്ദ്രന്റെ നിർദേശപ്രകാരം രാമന് അമോഘങ്ങളായ ബ്രഹ്മശിരസ്സ്, വിഷ്ണുചക്രം, ഐന്ദ്രാസ്ത്രം മുതലായ അസ്ത്രശസ്ത്രങ്ങൾ നൽകിയനുഗ്രഹിക്കുന്നു.രാമൻ ഇവയൊക്കെ ലക്ഷ്മണനും നൽകുന്നു.

പിന്നീട് വിശ്വാമിത്രന്റെ ആശ്രമത്തിൽ അഞ്ചുദിനരാത്രങ്ങൾ രാമലക്ഷ്മണന്മാർ യാഗത്തിനു കാവൽ നിൽക്കുന്നു. ആറാം ദിവസം യാഗം മുടക്കാനെത്തിയ സുബാഹുവിനെ രാമൻ ആഗ്നേയാസ്ത്രം കൊണ്ടു വധിച്ചു, മാരീചനെ മാനവാസ്ത്രമെയ്തു നൂറു യോജന ദൂരം സാഗരത്തിൽ വീഴ്ത്തി.

നിർവിഘ്നം യാഗം പൂർത്തിയായ ശേഷം മൂവരും വിദേഹ രാജ്യത്തേക്ക് പുറപ്പെട്ടു. ദേവേന്ദ്രന്റെ മായയാൽ കബളിപ്പിക്കപ്പെട്ടു, തന്റെ ഭർത്താവായ ഗൗതമ മുനിയുടെ ശാപമേറ്റു ആയിരം വർഷം ദുഃഖമയിയായി വായു മാത്രം ഭക്ഷിച്ചു ആരുടെയും കണ്ണിൽ പെടാതെ ഗൗതമാശ്രമത്തിൽ മൂടൽ മഞ്ഞിൽ എന്നപോലെ വെണ്ണീരിൽ മറഞ്ഞു കിടന്ന ബ്രഹ്മപുത്രിയായ അഹല്യയെ അവരുടെ പാദങ്ങളിൽ നമസ്കരിച്ചു രാമൻ പൂർവസ്ഥിയിലാക്കി.

മിഥിലയിലെത്തിയ രാമൻ രുദ്രഭഗവാന്റെ വില്ലു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും, അയ്യായിരം പേർ എടുത്തുകൊണ്ടുവന്നു എട്ട് ചക്രങ്ങളുള്ള കൂറ്റൻ ഇരുമ്പു പേടകത്തിൽ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റൻ വില്ലു അനേകരാജാക്കന്മാരുടെ മുന്നിൽ വെച്ചു രാമൻ ഞാണേറ്റുകയും, രാമന്റെ കരബലം താങ്ങാനാവാതെ വില്ലു രണ്ടായി ഒടിഞ്ഞു നിലം പതിക്കുകയും ചെയ്തു. ആർക്കും ഇന്നേ വരെ കുലയേറ്റൻ സാധിക്കാത്ത വില്ലു രാമൻ ഒടിച്ചതിനാൽ, അയോനിജയയായി ഉഴവുചാലിൽ നിന്നും ലഭിച്ച മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളർത്തുമകൾ സീത രാമന്റെ ധർമ്മ പത്നിയായി തീർന്നു. ലക്ഷണൻ സീതയുടെ സഹോദരി ഊർമിളയും ഭരതൻ ജനകസഹോദരപുത്രി മാണ്ഡവിയെയും ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം ചെയ്യുന്നു.

പിന്നീട് ഏവരും അയോധ്യയിലേക്കു മടങ്ങുന്ന വഴിക്ക് പരശുരാമനെ കണ്ടുമുട്ടുന്നുന്നു. ശിവധനുസ്സ് രാമൻ മുറിച്ചതിൽ കോപിഷ്ഠനായ പരശുരാമൻ ശ്രീരാമനോട് തന്റെ കൈവശമുള്ള വൈഷ്ണവധനുസ്സ് കുലയേറ്റൻ ആവശ്യപെടുന്നു. ശ്രീരാമൻ അപ്രകാരം ചെയ്‌തപ്പോൾ അദ്ദേഹം സാക്ഷാൽ വിഷ്‌ണുഭഗവാൻ തന്നെ എന്നു തിരിച്ചറിഞ്ഞ ഭാർഗവൻ തന്നിൽ ശേഷിച്ച വൈഷ്ണവാംശവും ശ്രീരാമന് നൽകി മടങ്ങി. അയോദധ്യയിൽ തിരിച്ചെത്തി എല്ലാവരും സസന്തോഷം ചിരകാലം വസിച്ചു.

അഭിഷേകവിഘ്നം

തിരുത്തുക

കൈകെയിയുടെ അച്ഛനായ അശ്വപതി രാജാവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പുത്രനായ യുധാജിത് ഭരതശത്രുഘ്നൻമാരെയും പത്നിമാരെയും ദശരഥന്റെ അനുമതിയോടെ കേകേയത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.അവർ പോയി ആനേകകാലം കേകേയത്തിൽ താമസിച്ചെങ്കിലും പ്രിയപുത്രനായ രാമന്റെ സാന്നിധ്യം മൂലം ദശരഥനു യാതൊരു പ്രയാസവുമുണ്ടായില്ല. എന്നാൽ ഒരുനാൾ ദുഃസ്വപ്നങ്ങളും ദുസ്സൂചനകളും കണ്ടു അസ്വസ്ഥനായ ദശരഥൻ അടുത്ത ദിവസത്തെ ശുഭമുഹൂർതത്തിൽ തന്നെ രാമനെ യുവരാജാവായി വാഴിക്കാൻ രാജസഭയിൽ സർവസദസ്യരുടെയും മുന്നിൽവെച്ച് പ്രഖ്യാപിച്ചു.

കോസല രാജ്യം ആഹ്ലാദത്തിൽ അലതല്ലി. എന്നാൽ കൈകെയിയുടെ കൂനിയായ ദാസി മൻഥരയുടെ ശക്തമായ ഉപജാപം മൂലം മനസ്സ് മാറിയ കൈകേയി രാജാവിനോട് രണ്ടു വരങ്ങൾ ആവശ്യപെടുന്നു (പണ്ട് ദേവസുരയുദ്ധത്തിൽ തൻറെ ജീവൻ രക്ഷിച്ചതിന്റെ പ്രത്യുപകാരമായി രാജാവ് കൈകെയിക്കു നൽകിയതാണ് ആ രണ്ടു വരങ്ങൾ).ഒന്നു ഭരതനെ യുവരാജാവായി വാഴിക്കണം എന്നും, അടുത്തതു രാമൻ പതിനാലു വർഷം മുനിവേഷത്തിൽ വനത്തിൽ വസിക്കണമെന്നും. ഇതു കേട്ട് മൂർച്ഛിച്ച് വീണ രാജാവ് കൈകെയിയോട് ഭരതനെ യുവരാജാവായി വാഴിക്കാം,അതിനുവേണ്ടി രാമനെ വനത്തിൽ അയക്കരുതെയെന്നു കെഞ്ചി പറഞ്ഞിട്ടും കൈകേയിയുടെ മനസ്സലിഞ്ഞില്ല.

അച്ഛന്റെ വാക്കുപാലിക്കാനായി മഹാത്മാവായ രാമൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിൽ പോകാൻ തയ്യാറാകുന്നു. രാമൻ എവിടേക്കാണോ അവിടെ താനും ഒപ്പമുണ്ടെന്നു പറഞ്ഞു സീതയും രാമനെ അനുഗമിക്കാൻ തയ്യാറാകുന്നു. പിതാവിനെ തടവറയിലാക്കി ജ്യേഷ്ഠനെ താൻ രാജാവായി അവരോധിക്കുമെന്നു പറഞ്ഞു കോപിഷ്ഠനായ നിന്ന ലക്ഷ്മണനെ രാമൻ ശാന്തനാക്കുന്നു, ജ്യേഷ്ഠനെ പിരിഞ്ഞു തനിക്കു ജീവിക്കാൻ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നു.

രാമനെ ദശരഥനായി കരുതി, സീതയെ തന്നെപോലെ കരുതി, വനത്തെ അയോദ്ധ്യ പോലെയും കരുതി സുഖമായി പോയി വരൂ എന്നു സുമിത്ര ലക്ഷ്മണനെ ഉപദേശിക്കുന്നു.

രാമനും സീതയ്ക്കും ലക്ഷ്മണനും വനവാസത്തിനു അണിയാണുള്ള മരവുരി. കൈകേയി തന്നെ അവർക്ക് നൽകുന്നു. ഇതിൽ കോപിഷ്ഠനായ വസിഷ്ഠ മഹർഷി, കൈകേയി രാമനു മാത്രമേ വനവാസം വിധിച്ചുള്ളുവെന്നും സീത സാധാരണ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു തന്നെ കാട്ടിൽ പോകുമെന്ന് അറിയിക്കുന്നു.

പിതാവിനോടും മാതാക്കളോടും ഗുരുവിനോടും പൗരജനങ്ങളോടും യാത്ര ചോദിച്ചുകൊണ്ട് വനവാസത്തിനു വേണ്ടുന്ന ആവശ്യവസ്തുക്കളും ആയുധങ്ങളുമായി, സുമന്ത്രർ തെളിക്കുന്ന തേരിൽ മൂവരും വനവാസത്തിനു പുറപ്പെട്ടു. ദശരഥരാജാവ് ക്രോധത്തിൽ, "നിന്റെ പുത്രനോട് കൂടി നിന്നെ ഞാൻ ഉപേക്ഷിച്ചു" എന്നു കൈകേയിയെ ശപിക്കുന്നു. തന്നെ കൗസല്യയുടെ അന്തപുരത്തിൽ എത്തിക്കാൻ രാജാവ് സേവകരോട് കല്പിച്ചു. ദശരഥന്റെ ബോധം മറയുകയും ഇടക്ക് തെളിയുകയും, അദ്ദേഹം സദാ രാമ..... രാമ.... എന്നു വിളിച്ചു വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാമനോടുള്ള സ്നേഹം നിമിത്തം ജനങ്ങൾ തേരിന് പിന്നാലെ ഓടിയെങ്കിലും, അവർ അന്നു രാത്രി തന്ത്രപൂർവം ജനങ്ങളെ ഒഴിവാക്കി തമസാനദി കടന്നു വടക്കോട്ടു ശൃംഗവേര പുരത്തിലേക്ക് പോയി. നിരാശരായ പ്രജകൾ അയോധ്യയിൽ തിരിച്ചെത്തി വിലപിച്ചു.

പാദുകാഭിഷേകം

തിരുത്തുക

ശൃംഗവേരത്തിലെ നിഷാദരാജാവായ ഗുഹൻ രാമനെ സ്വീകരിച്ചു സൽക്കാരം അരുളിയെങ്കിലും തനിക്കു അവ ഒക്കെ ഇപ്പോൾ വർജ്ജ്യമാണെന്നു പറഞ്ഞു കൊണ്ട് രാമൻ സ്‌നേഹത്തോടെ നിരസിച്ചു. തുടർന്ന് രാമൻ അന്ന് രാത്രി അവിടെ മരച്ചുവട്ടിൽ വിശ്രമിക്കുന്നു. ഗുഹൻ കൊണ്ടു വന്ന വടവൃക്ഷത്തിന്റെ പാലുപയോഗിച്ചു വനവാസികളെ പോലെ ജടാമകുടമണിഞ്ഞ രാമലക്ഷ്മണന്മാർ സുമന്ത്രരെ അയോധ്യയിലേക്കു മടക്കി അയക്കുന്നു.ഗുഹൻ തോണിയിൽ അവരെ ഗംഗ കടത്തുന്നു, പതിനാലു വര്ഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടാമെന്നു രാമൻ ഗുഹന് വാക്കു കൊടുക്കുന്നു.

ഗംഗ കടന്ന മൂവർ സംഘം ഭരദ്വാജ മുനിയെ കണ്ടു വണങ്ങുന്നു. മഹർഷി അവരോട് ചിത്രകൂടത്തിൽ പോയി വസിക്കാൻ മാർഗനിർദേശം നൽകുന്നു. പിന്നീട് അവിടെ നിന്നും കാളിന്ദി കടന്നു വാൽമീകി മഹർഷിയെ ദർശിച്ചു അവർ ചിത്രകൂടത്തിലെത്തി പർണശാല നിർമിച്ചു മനോഹരമായ ആ കാനനപ്രദേശത്തു വസിച്ചു.

സുമന്ത്രർ അയോധ്യയിലെത്തി, രാമലക്ഷണന്മാരും സീതയും കാനനത്തിലേക്കു യാത്രയായതായി എല്ലാവരെയും അറിയിക്കുന്നു. ദശരഥന്റെ നില കൂടുതൽ മോഷമാകുന്നു. പ്രിയപുത്രന്റെ വിരഹവും, മുൻപ് താൻ ആളറിയാതെ ആനയാണെന്നു കരുതി ഇരുട്ടത്ത് അസ്ത്രമെയ്തു കൊന്ന ശ്രവണകുമാരന്റെ അന്ധരും വൃദ്ധരുമായ മാതാപിതാക്കൾ നൽകിയ ശാപം മൂലവും അത്യധികമായ പുത്രവിയോഗദുഃഖത്താൽ മഹാരാജാവ് ദശരഥൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

വസിഷ്ഠനിർദേശത്തിൽ രാജാവിന്റെ ശവ ശരീരം കേടുകൂടാതെ എണ്ണതോണിയിൽ സൂക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ടു, ഭരതനെ കൂട്ടികൊണ്ടുവരാനായി കേകയത്തിലേക്കു ദൂതരെ അയച്ചു. അയോധ്യയിലെ സംഭവവികാസങ്ങളെ പറ്റി ആരെയും ഒന്നും അറിയിക്കരുത് എന്നു പ്രത്യേകം ശട്ടംകെട്ടി.കേകയത്തിൽ നിന്നു മടങ്ങുന്ന വഴിക്ക് ഭരതശത്രുഘ്നൻമാർ അനവധി ദുർനിമിത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു. അയോധ്യയിലെ ശോകമായ അന്തരരീക്ഷവും കണ്ടു ഭയന്ന ഭരതന്റെ നിര്ബന്ധത്തിനു വഴങ്ങി കൈകേയി എല്ലാം തുറന്നു പറയുന്നു. ഞെട്ടിത്തരിച്ചു ഭരതൻ ഉഗ്രകോപതോടെ കൈകെയിയെ തള്ളിപ്പറഞ്ഞു. അച്ഛനെ കൊല്ലിച്ച ജ്യേഷ്ഠനെ കാട്ടിലേക്കയച്ച കൈകേയി രാക്ഷസി ആണെന്നും, "മേലിലാരും ഒരു പെണ്കുട്ടിക്കും കൈകേയിയുടെ പേരു നല്കുന്നുന്നതല്ല" എന്നും അമ്മയെ ശപിക്കുന്നു. ഭരതൻ കൗസല്യയോട് മാപ്പപേക്ഷിക്കുന്നു. കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു. ക്രുദ്ധനായ ശത്രുഘ്‌നൻ മൻഥരയെ മർദ്ധിക്കുമ്പോൾ ഭരതൻ തടയുകയും, "ഹീനയാണെങ്കിലും അവൾ ഒരു സ്ത്രീയല്ലേ, അവളെ വധിക്കരുതു" എന്നു പറഞ്ഞു. അവൾ പ്രാണരക്ഷാർഥം ഓടിഒളിക്കുകയും ചെയ്തു.

അച്ഛന്റെ ജഡം യഥാവിധി സംസ്കരിച്ചിട്ടു ശേഷക്രിയകളും ചെയ്‌തു ഭരതശത്രുഘ്നൻമാർ രാമനെ തിരിച്ചു കൊണ്ടു വരാനായി ആചാര്യന്മാരോടും മാതാക്കളോടും ചതുരംഗസേനയോടും പൗരപ്രജകളോടും സർവവിധ രാജകീയ ചിഹ്നങ്ങളോടും കൂടെ കാട്ടിലേക്ക് പുറപ്പെടുന്നു. വഴിയിൽ ഗുഹനെ കണ്ടുമുട്ടുകയും അവരൊന്നിച്ചു ഭരദ്വാജാശ്രമത്തിലെത്തി മുനിയെ കണ്ടതിനു ശേഷം ചിത്രകൂടം ലക്ഷ്യമാക്കി സഞ്ചരിച്ചു. ദൂരെ നിന്നും പടയോട് കൂടിയ ഭരതന്റെ വരവ് കണ്ട ലക്ഷണൻ തെറ്റിദ്ധരിച്ചു ഭരതനോടു യുദ്ധത്തിനൊരുങ്ങുമ്പോൾ രാമൻ തടയുന്നു. ദൂരെ നിന്നു തന്നെ രാമനെ കണ്ട ഭരതൻ ഓടിവന്നു രാമന്റെ പാദങ്ങളിൽ വീഴുന്നു. അച്ഛന്റെ മരണവർത്തായറിഞ്ഞ രാമൻ മൂർച്ഛിച്ച് വീഴുകയും ബോധം തെളിഞ്ഞപ്പോൾ കുട്ടികളെ പോലെ വാവിട്ടു കരയുകയും ചെയ്തു. ശേഷം രാമലക്ഷ്മണർ മന്ദാകിനിയിലിറങ്ങികുളിച്ച് പഴക്കാമ്പു കൊണ്ടു അച്ഛന് ബലിപിണ്ഡം സമർപ്പിച്ചു.

രാമനെ തിരിയെ അയോധ്യയിലേക്ക് മടക്കി കൊണ്ടു വന്നു രാജാവായി വാഴിക്കാൻ ഭരതൻ ആവോളം ശ്രമിച്ചിട്ടും രാമൻ തന്റെ തീരുമാനത്തിൽ നിന്നും അണുവിട ഇളകിയില്ല. രാമന്റെ തീരുമാനം മാറ്റാൻ നിരാഹാരത്തിനൊരുങ്ങിയ ഭരതനെ സിദ്ധന്മാരും ദേവർഷികളും കൂടി പിന്തിരിപ്പിച്ചു. പതിനാലു വർഷത്തിന് ശേഷം വനവാസം പൂർത്തിയാകുമ്പോൾ താൻ അയോധ്യയിൽ തിരിച്ചെത്തി രാജാവായി വാണു കൊള്ളാമെന്നു രാമൻ ഭരതന് ഉറപ്പു നൽകുന്നു. അവസാനം ഭരതൻ രാമന്റെ പാദുകങ്ങൾ ആവശ്യപ്പെടുകയും, അവയെ രാജാസിംഹാസനത്തിൽ വെച്ചു പൂജിച്ചു രാമന്റെ പ്രതി പുരുഷനായി രാമനെ പോലെ തന്നെ താപസവേഷത്തിൽ അയോധ്യക്കുപുറത്തു നന്ദിഗ്രാമത്തിൽ വസിച്ചു കൊണ്ട് നാട് ഭരിക്കുമെന്നു ഭരതൻ സമ്മതിക്കുന്നു. പതിനാലു വർഷം പൂർത്തിയാകുന്ന ദിവസം രാമൻ അയോധ്യയിൽ വന്നെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേഷം ചെയ്യുമെന്നും കൂടി ഭരതൻ പറഞ്ഞു. രാമപാദുകങ്ങളും ശിരസ്സിൽ ഏറ്റികൊണ്ടു ഭരതനും പരിവാരങ്ങളും മടങ്ങി പോയി.

രാമന്റെ വനവാസം

തിരുത്തുക

ഭരതനും അമ്മമാരും ജനങ്ങളും വിടപറഞ്ഞ ആശ്രമത്തിൽ വസിച്ചാൽ തന്നിൽ പലപല ഓർമ്മകളും അങ്കുരിക്കുമെന്നു കരുതിയ രാമൻ ചിത്രകൂടമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിന്റെ ഉൾപ്രദേശങ്ങളിലോട്ട് യാത്രയായി.അത്രി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്ന അവരെ മുനി സ്നേഹാദരവോടെ സ്വീകരിച്ചു. മഹർഷി പത്‌നി അനസൂയ സീതയെ മകളെ പോലെകണ്ടു ദിവ്യമായ ആഭരണങ്ങൾ സമ്മാനിച്ചു. ദിവ്യാഭരണങ്ങൾ അണിഞ്ഞ സീത മഹാലക്ഷ്മിയെപ്പോലെ ശോഭിച്ചു.

മഹർഷിയോട് വിട പറഞ്ഞു മൂവരും യാത്ര തുടരവേ വിരാധൻ എന്ന രാക്ഷസൻ സീതയെ അപഹരിച്ചു. ആയുധങ്ങളേറ്റു മരിക്കില്ല എന്നു വരബലമുള്ള വിരാധനെ രാമലക്ഷ്മണന്മാർ അംഗഭംഗം വരുത്തി മണ്ണിൽ കുഴിച്ചിട്ടപ്പോൾ വിരാധനു മോക്ഷം ലഭിക്കുകയും, അവൻ വീണ്ടും തുമ്പുരു എന്ന ഗന്ധർവനായി തീരുകയും ചെയ്തു. വിരാധനിർദ്ദേശപ്രകാരം അവർ സുതീഷ്‌ണ മുനിയെ ദർശിച്ചു. രാമന്റെ ദർശനം ലഭിച്ചു സായൂജ്യമടഞ്ഞ മുനി അവരുടെ മുന്നിൽ വെച്ചു അഗ്നിപ്രവേശം ചെയ്തു ബ്രഹ്മലോകം പൂകി.അതിനുശേഷം അവിടെയുള്ള മുനിമാരുടെ പേടിസ്വപ്നമായ രാക്ഷസന്മാരെ വധിച്ചു കൊള്ളാമെന്നു രാമൻ പ്രതിജ്ഞ ചെയ്തു.

പിന്നീട് ശരഭംഗ മുനിയെ കണ്ടു വന്ദിച്ച് വീണ്ടും അവിടെ എത്തുമെന്ന് രാമൻ വാക്കു കൊടുത്തു. ഇങ്ങനെ ഓരോ പുണ്യാശ്രമങ്ങൾ സന്ദര്ശിച്ചു പത്തു വർഷങ്ങൾക്ക് ശേഷം മൂവരും വീണ്ടും ശരഭംഗാശ്രമത്തിൽ എത്തിച്ചേർന്നു. മുനിയുടെ നിര്ദേശമനുസരിച്ചു മൂവരും അഗസ്ത്യാശ്രമത്തിലേക്കു പുറപ്പെട്ടു. മാനംമുട്ടേ വളർന്ന വിന്ധ്യന്റെ അഹങ്കാരം ശമിപ്പിച്ച, കാവേരിയെ ദക്ഷിണഭാരതത്തിൽ എത്തിച്ച, മഹാസമുദ്രം കൈക്കുമ്പിളിലാക്കി കുടിച്ചു വറ്റിച്ച, വാതാപിയെയും ഇല്വലനേയും വധിച്ച മഹാത്മാവായ കുംഭസംഭവൻ ആഗസ്ത്യ മുനി അത്യധികം സന്തോഷത്തോടെ മൂവരെയും സ്വീകരിച്ചുപചരിച്ചു.പണ്ട് ദേവന്മാർക്കു വേണ്ടി മഹാവിഷ്ണു അസുരനാശം വരുത്താനുപയോഗിച്ച വില്ലും അമ്പൊഴിയാത്ത രണ്ടു ആവനാഴിയും മുനി രാമനു സമ്മാനിച്ചു. മഹർഷിയുടെ നിർദേശപ്രകാരം സീതാരാമലക്ഷ്മണൻമാർ ശേഷിച്ച വനവാസകാലം ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടി എന്ന സ്ഥലത്തു പർണാശാല കെട്ടി സസുഖം ജീവിച്ചു.പഞ്ചവടിയിലെ ഒരു വട വൃക്ഷത്തിന്റെ കൊമ്പിൽ മൂവരും ദശരഥന്റെ സുഹൃത്തും അരുണന്റെ പുത്രനും ഭീമാകാരനുമായ ജടായു എന്ന കഴുകനെ പരിചയപെട്ടു. തന്റെ പുത്രിയെപോലെ സീതയെ എന്നും രക്ഷിച്ചു കൊള്ളാമെന്നു ജടായു രാമനു വാക്കു നൽകുന്നു.

സീതാപഹരണം

തിരുത്തുക

ഒരു ദിവസം പഞ്ചവടിയിൽ എത്തിചേർന്ന രാവണ സഹോദരി ശൂർപ്പണഖ രാമനെ കണ്ടു മോഹിതയായി, അദ്ദേഹത്തെ പതിയാക്കാനുള്ള അത്യാഗ്രഹത്തോടെ രാമനെ സമീപിച്ചു. താൻ ഏകപത്നി വ്രതൻ ആണെന്ന് പറഞ്ഞു രാമനെ അവളെ ലക്ഷ്മണനു സമീപമയച്ചു. താൻ ജ്യേഷ്ഠന്റെ വെറും സേവകൻ മാത്രമാണെന്നും പറഞ്ഞു ലക്ഷണൻ അവളെ തിരിച്ചു രാമന്റെ സമീപത്തേക്കും അയച്ചു. ഇതു തുടർന്നപ്പോൾ കോപിഷ്ഠയായ ശൂർപ്പണഖ സീതയെ കൊല്ലാൻ ശ്രമിക്കുകയും ലക്ഷ്മണൻ അവളുടെ മൂക്കും ചെവികളും ഛേദിച്ചു നിലത്തിടുകയും ചെയ്തു.

ശൂർപ്പണഖ നേരെ ചെന്നു ആർദ്ധസഹോദരന്മാരായ ഖര ദൂഷണന്മാരോട് ആവലാതി പറഞ്ഞു. ഖരൻ അയച്ച പതിനാലു രാക്ഷവീരന്മാരെ രാമൻ വധിച്ചു. കോപിഷ്ഠനായ വന്ന ഖരനെയും ദൂഷണനെയും ത്രിശിരസ്സിനെയും അവരുടെ പതിനാലായിരം വരുന്ന രാക്ഷസൈന്യത്തെയും രാമൻ ഒറ്റക്ക് നിന്നു വെറും മൂന്നേ മുക്കാൽ നാഴിക കൊണ്ടു കാലപുരിക്കയച്ചു.

യുദ്ധത്തിൽ കൊല്ലപ്പെടാതെ ശേഷിച്ച അകമ്പനൻ എന്ന രാക്ഷസനോടൊപ്പം ശൂർപ്പണഖ ലങ്കയിലേക്കു ആകാശമാർഗേണ പോയി.രാമന്റെ കരവിരുതിന്റെ സ്മരണ തന്നെ വിറപ്പിക്കുന്നെണ്ടെങ്കിലും സഹോദരനായ രാവണനു മാത്രമേ രാമനെ തോല്പിക്കാനാകു എന്നു അവൾ മനസ്സിന്നെ സ്വയം വിശ്വസിപ്പിച്ചു. സീതയെ രാവണനുവേണ്ടി താൻ കൊണ്ടു വരാൻ നോക്കിയപ്പോഴാണ് തനിക്കു ഈ ദുർവിധി ഉണ്ടായതെന്നു അവൾ കള്ളം പറഞ്ഞു. രാവണന്റെ മുന്നിൽ അവൾ സീതയുടെ വിശദമായ സൗന്ദര്യവർണ്ണന നടത്തി. രാമനെ കൊന്നു സീതയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ രാവണനെ പോലെ ഭാഗ്യവാനായി വേറെയാരും ഉണ്ടാകില്ല എന്നവൾ വ്യക്തമാക്കി.

ഏതു വിധേനയും സീതയെ സ്വന്തമാക്കാൻ രാവണൻ തീർച്ചപ്പെടുത്തി. രാവണൻ അമ്മാവനായ മാരീചനെ ഭീഷണിപെടുത്തി തന്നോടൊപ്പം സീതയെ അപഹരിക്കാനായി കൂടെ കൊണ്ടു പോയി. ദുഷ്ടനായ രാവണന്റെ കയ്യാൽ മരിക്കുന്നതിലും ശ്രേഷ്ഠം ധർമ്മിഷ്ഠനായ രാമന്റെ കൈകൊണ്ടുള്ള മരണമാണെന്നു കരുതി മാരീചൻ സ്വന്തം വിധി സ്വയം തെരഞ്ഞെടുത്തു.

പഞ്ചവടിയിൽ എത്തിച്ചേർന്ന മാരീചൻ രാവണന്റെ ഇച്ഛ പോലെ ഇന്ദ്രനീലശോഭയാർന്ന ഒരു മാനായി മാറി. മാനിനെ കണ്ട സീത അതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. മായാമാനിൽ ലക്ഷ്മണൻ സംശയം പ്രകടിപ്പിച്ചെങ്കിലും സീതയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ രാമൻ, ലക്ഷ്മണനെ സീതയുടെ കാവലിനു നിറുത്തി മാനിന്റെ പിന്നാലെ പോയി. മാരീചനായ മാൻ രാമനെ പർണശാലയിൽ നിന്നു ദൂരെ അകറ്റി. ഒടുവിൽ രാമൻ, മാൻ രാക്ഷസമായ ആണെന്നു തിരിച്ചറിഞ്ഞു അതിനെ ലക്ഷ്യമാക്കി ബാണം എയ്തു.രാമബാണമേറ്റ മാരീചൻ മരിക്കുന്നതിന് മുന്നേ രാമന്റെ ശബ്ദത്തിൽ രക്ഷിക്കണേ എന്നു ഉറക്കെ കരഞ്ഞു. അതു കേട്ടു ഭയപ്പെട്ടു സീത ലക്ഷ്മണനോട് രാമനെ തിരഞ്ഞു ഉടൻ തന്നെ പുറപ്പെടാൻ ആവശ്യപെടുന്നു. ഇതു രാക്ഷസന്റെ മായയാണ് എന്നൊക്കെ ലക്ഷ്മണൻ സീതയോട് പറഞ്ഞെങ്കിലും സീത ഒന്നും ചെവിക്കൊണ്ടില്ല. ലക്ഷ്മണനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കുത്തുവാക്കുകൾ സീത പറയുന്നു. ഒടുവിൽ സീത ആത്‍മഹത്യ ഭീഷണി കൂടെ മുഴക്കിയപ്പോൾ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ രാമനെ തിരഞ്ഞു പോയി.

ഇതേ സമയം ആശ്രമത്തിനു സമീപം മറഞ്ഞു നിന്നു രാവണൻ ഒരു മുനിയുടെ വേഷത്തിൽ വന്നു സീതയോട് ഭിക്ഷ അവശ്യപ്പെട്ടു. ഭിക്ഷ നല്കാതിരിക്കുന്നത് പാപം ആണെന്ന് കരുതി പുറത്തിറങ്ങിയ സീതയോട് താൻ ആരെന്നു രാവണൻ വെളിപ്പെടുത്തുന്നു. ശേഷം ഭയന്നു പോയ സീതയെ രാവണൻ ബലപൂർവം പുഷ്പകവിമാനത്തിൽ പിടിച്ചിരുത്തി ലങ്കയിലേക്കു യാത്രയായി.

സീതയുടെ നിലവിളി കേട്ട ജടായു അങ്ങോട്ടു കുതിച്ചെത്തി രാവണനോട് സീതയെ മോചിപ്പിക്കാൻ ആവശ്യപെടുന്നു. രാവണനോട് പൊരുതി ജടായു, അവനെ മുറിവേല്പിക്കുന്നു. എന്നാൽ അധികം വൈകാതെ വയോവൃദ്ധനായ ജടായു, ചിറകിൽ രാവണന്റെ വാളുകൊണ്ടുള്ള വെട്ടേറ്റു നിലമ്പതിച്ചു.

രാവണൻ സീതയും കൊണ്ടു യാത്ര തുടർന്നു. ഒരു പർവതത്തിനു മുകളിൽ അഞ്ചു വാനരന്മാർ വട്ടം കൂടി ഇരിക്കുന്നതു കണ്ട സീത തന്റെ ആഭരണങ്ങൾ പട്ടു ചേലയിൽ പൊതിഞ്ഞു താഴെക്കിന്‌ ഇട്ടു. തന്നെ അന്വേഷിച്ചു വരുന്ന രാമനു തന്നെ രാവണൻ കൊണ്ടു പോയ ദിശ മനസ്സിലാകാനുള്ള സൂചനക്കുവേണ്ടിയാണ് സീത ഇങ്ങനെ ചെയ്തത്. ലങ്കയിൽ എത്താൻ വെമ്പിനിന്ന രാവണൻ ആകട്ടെ ഇതു കണ്ടില്ല.

ലങ്കയിൽ എത്തിയ രാവണൻ സീതയ വശത്താക്കാൻ ശ്രമിച്ചെങ്കിലും പരാജിതനായി. ക്രോധിതനായ രാവണൻ സീത തനിക്കു വശം വദയാകാൻ ഒരു വർഷം അവധി നൽകുന്ന, അല്ലാത്ത പക്ഷം സീതയെ വെട്ടിനുറുക്കി പ്രാതലായി ഭക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.സീതയെ ഉഗ്രകളായ രാക്ഷസിമാരുടെ ശക്തമായ കാവലിൽ അശോകവനികയിലെ ശിംശപ വൃക്ഷച്ചുവട്ടിൽ രാവണൻ പാർപ്പിച്ചു.മറ്റാരെയും സീതയെ കാണാൻ അനുവദിക്കരുതെന്നും ഏതു മാർഗം ഉപയോഗിച്ചും സീതയെ വശത്താക്കാനും രാവണൻ രാക്ഷസിമാരോട് കൽപ്പിച്ചു.

സുഗ്രീവസഖ്യം

തിരുത്തുക

തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനിൽ നിന്നു നടന്ന കാര്യങ്ങൾ ഗ്രഹിച്ച രാമൻ സംഭീതനായ ആശ്രമത്തിലേക്കു ഓടുന്നു അവിടെയെങ്ങും സീതയെ കാണാതെ പരിഭ്രമിച്ച രാമൻ സീതയെ രാക്ഷസർ അപഹരിച്ചു എന്നു തീർച്ചപ്പെടുത്തുന്നു. മനോനില തെറ്റിയവനെ പോലെ പെരുമാറിയ രാമൻ വൃക്ഷങ്ങളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്നു പുലമ്പുന്നു. ലക്ഷമണന്റെ ആശ്വാസവചനങ്ങളിൽ സമചിത്താനായ രാമൻ അനുജനോടൊപ്പം സീതയെ അന്വേഷിച്ചിറങ്ങുന്നു.

വഴിയിൽ ഒരിടത്തു കണ്ട ഭീകരരൂപി സീതയെ ഭക്ഷിച്ച രാക്ഷസൻ ആണോയെന്നു രാമൻ തെറ്റിദ്ധരിക്കുന്നു.എന്നാൽ അതു രാവണന്റെ വെട്ടേറ്റു വീണ ജടായുവായിരുന്നു. സീതയെ രാവണൻ എന്ന രാക്ഷസൻ അപഹരിച്ചു തെക്കു ദിശയിലേക്കു കൊണ്ടുപോയെന്നു രാമനോടു പറഞ്ഞിട്ടു ജടായു അന്ത്യശ്വാസം വലിച്ചു.പിതാവിനെ എന്ന പോലെ ഇരുവരും ജടായുവിന്റെ ജഡം സംസ്‌കരിച്ചു ശേഷക്രിയകളും ചെയ്തു. ജടായു പറഞ്ഞതനുസരിച്ചു ഇരുവരും സീതയെ തിരഞ്ഞു തെക്ക് ദിക്കിലേക്ക് യാത്രയാകുന്നു.

ഇരുവരും മുന്നോട്ടു പോയപ്പോൾ അയോമുഖി എന്ന രാക്ഷസി ഒരു ഗുഹയിൽ നിന്നും ഇറങ്ങി വന്നു ലക്ഷ്മണനെ കാമപുരസരം കടന്നു പിടിക്കുന്നു. കോപിഷ്ഠനായ ലക്ഷ്മണൻ അവളുടെ സ്തനങ്ങൾ വെട്ടിയരിയുന്നു. ഒരലർച്ചയോടെ അവൾ ഓടിയൊളിച്ചു.പിന്നീട് മുന്നോട്ടു പോയ ഇരുവരും കബന്ധൻ എന്ന വിചിത്രരൂപിയായ രാക്ഷ്സന്റെ കയ്യിൽ അകപ്പെട്ടു. കബന്ധനവരെ ഭക്ഷിക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും അവന്റെ ഓരോ കൈകൾ വെട്ടിവീഴ്ത്തി. രാമലക്ഷ്മണന്മാരെ തിരിച്ചറിഞ്ഞ കബന്ധൻ തന്നെ ചിതയിൽ ദഹിപ്പിക്കാനാവശ്യപ്പെടുന്നു. അപ്രചാരം ചെയ്തപ്പോൾ അവൻ ശാപമുക്തനായി വീണ്ടും ദനു എന്ന ഗന്ധർവനായിത്തീരുന്നു. ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവൻ എന്ന വാനരനുമായി അഗ്നിസാക്ഷിയായി സഖ്യം ചെയ്യാനും അതു സീതാന്വേഷണത്തിൽ രാമനു വളരെ സഹായകമാകുമെന്നും കാരണം ഭൂമിയിൽ സുഗ്രീവനറിയാത്ത സ്ഥലം ഇല്ലെന്നും ദനു രാമനോട് നിർദ്ദേശിക്കുന്നു. ദനുവിൽ നിന്നു മാതംഗശിഷ്യയായ ശബരി എന്ന വൃദ്ധതാപസിയെക്കുറിച്ചറിഞ്ഞ രാമൻ അവരെ സന്ദർശിക്കുന്നു.രാമനെ ശബരി സൽക്കരിക്കുന്നു. രാമനെ ദർശിച്ചു ധന്യയായ ശബരി അഗ്നിപ്രവേശം ചെയ്തു മോക്ഷമടഞ്ഞു.

പമ്പാ സരസ് കടന്നു രാമലഷ്‌മണന്മാർ ഋശ്യമൂകം ലക്ഷ്യമാക്കി നീങ്ങുന്നു. അതി മനോഹരമായ പ്രകൃതി ഭംഗി രാമനിൽ സീതാസ്മരണയുണർത്തുന്നു. പർവതത്തിന്റെ മുകളിൽ ഇരുന്ന സുഗ്രീവൻ ആയുധ ധാരികളായ രണ്ടു പുരുഷന്മാരെ ദൂരെ കണ്ടു, അവർ തന്നെ വധിക്കാൻ ജ്യേഷ്ഠൻ ബാലി അയച്ച ചാരന്മാർ ആണോയെന്നു സംശയിക്കുന്നു.സത്യാവസ്‌തയറിഞ്ഞു വരാൻ തന്റെ ബുദ്ധിമാനായ മന്ത്രി ഹനുമാനെ സുഗ്രീവൻ അങ്ങോട്ടയച്ചു.എന്തെങ്കിലും ചതി പറ്റാതെ ഇരിക്കുവാനായി സന്യാസിവേഷത്തിൽ ഇരുവരുടെയും മുന്നിൽ എത്തിയ ഹനുമാന്റെ കഴിവിലും ജ്ഞാനത്തിലും വാക്സാമർഥ്യത്തിലും രാമനു പ്രീതിയുണ്ടാകുന്നു. ലക്ഷമണനിൽ നിന്നും വാസ്തവം ഗ്രഹിച്ച ഹനുമാൻ താനാരെന്നു വെളിപ്പെടുത്തുന്നു.തുടർന്ന് ഹനുമാൻ സ്വന്തം രൂപത്തിൽ രണ്ടു പേരെയും തോളിൽ ചുമന്നു സുഗ്രീവന്റെ അടുത്തെത്തിച് എല്ലാ കാര്യങ്ങളും വിശദമാക്കുന്നു.

സുഗ്രീവനും കൂട്ടരും വാനര രൂപം വെടിഞ്ഞു മനുഷ്യരൂപത്തിൽ ഇരുവരുടെയും മുന്നിൽ എത്തി.രാമനും സുഗ്രീവനും ഹനുമാന്റെ നിർദേശപ്രകാരം അഗ്നി കൊളുത്തി സഖ്യം ചെയ്യുന്നു.സുഗ്രീവനെ നിഷ്കരുണം രാജ്യത്തിൽ നിന്നും നിഷ്കാസനം ചെയ്തു അദ്ദേഹത്തിന്റെ പത്നിയെ തട്ടിയെടുത്ത ക്രൂരനായ ജ്യേഷ്ഠനും കിഷ്കിന്ധയുടെ രാജാവുമായ ബാലിയെ വധിച്ചു സുഗ്രീവനെ രാജാവായി വാഴിക്കാമെന്നു രാമനും പകരം തന്റെ സേനയെ ഉപയോഗിച്ചു സീതയെ കണ്ടെത്തി വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കു കൊടുത്തു.ആ അവസരത്തിൽ രാവണന്റെയും ബാലിയുടെയും സീതയുടെയും ഇടത്തെ കണ്ണു അടിക്കടി തുടിച്ചുകൊണ്ടിരുന്നു.

പിന്നീട് വർത്തമാനം പറയുന്ന സന്ദർഭത്തിൽ ഒരു പെണ്കുട്ടിയേ ക്രൂരനായ ഒരു രാക്ഷസൻ ആകാശമാർഗമായി കൊണ്ടു പോകുന്നത് കണ്ടു എന്നു പറഞ്ഞ സുഗ്രീവൻ, അവൾ താഴേക്കു ഇട്ടു കൊടുത്ത ആഭരണപൊതി എടുത്തു കൊണ്ട് വന്നു രാമനു കാണിച്ചുകൊടുത്തു. അവ സീതയുടെ ആഭരങ്ങളാണെന്നു രാമൻ തിരിച്ചറിഞ്ഞു, താങ്ങാനാവാത്ത ദുഃഖത്തോടെ നിലത്തുവീണു രാമൻ വിലപിച്ചു. ലക്ഷ്മണനെ രാമൻ ആ ആഭരണങ്ങൾ കാണിച്ചു. എന്നാൽ സീതയുടെ പാദസരങ്ങൾ മാത്രമേ ലക്ഷ്മണൻ തിരിച്ചറിഞ്ഞുള്ളൂ, മറ്റു ആഭരണങ്ങൾ അദ്ദേത്തിന് ആരുടേതാണെന്ന് മനസ്സിലായില്ല.കാരണം നിത്യം സീതയുടെ പാദങ്ങളിൽ നമസ്കരിക്കുന്ന ലക്ഷ്മണന് പാദസരങ്ങൾ സീതയുടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു.

നാഹാം ജാനാമി കേയൂരേ
നാഹാം ജാനാമി കുണ്ഡലെ
നൂപുരേത്വഭി ജാനാമി ന
നിത്യം പാദാദി വന്ദനാൽ

രാമനെ സുഗ്രീവൻ ആശ്വസിപ്പിച്ചു. രാമൻ സ്വസ്ഥമായ മനസോടെ സുഗ്രീവനെ ആലിംഗനം ചെയ്തു, താൻ ഏറ്റ കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു.ശ്രീരാമന്റെ വാക്കുകൾ കേട്ട് താൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞതായി സുഗ്രീവന് ബോധ്യമായി.

ബാലിവധം

തിരുത്തുക

സുഗ്രീവൻ രാമനോടു ബാലിയും താനുമായുള്ള ശത്രുതയുടെ കഥ പറഞ്ഞു കേൾപ്പിച്ചു.

പിതാവായ ഋഷരജസ്സിന്റെ കാല ശേഷം മൂത്ത പുത്രനായ ബാലി കിഷ്കിന്ധയിൽ വാനരരാജാവായും അനുജൻ സുഗ്രീവൻ അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചുകൊണ്ടും വാണു. ഒരിക്കൽ മായാവി എന്ന രാക്ഷസൻ കിഷ്കിന്ധയിലെത്തി ബാലിയെ പോരിന് വെല്ലുവിളിച്ചു. രാത്രി സമയം രക്ഷസന്മാരുടെ മായക്കു ശക്തി കൂടും എന്നു സുഗ്രീവന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടു ബാലി മായാവിയോട് യുദ്ധത്തിനിറങ്ങി. ബാലിയുടെ അടി കൊണ്ടവശനായ മായാവി പിന്തിരിഞോടി. പുറകേ ബാലിയും ഒപ്പം സുഗ്രീവനും.ഓടിയോടി മായാവി ഒരു ഗുഹയിൽ കേറി, സുഗ്രീവനെ പുറത്തു കാവലിരുത്തിയിട്ടു ബാലിയും അകത്തു കയറി.കുറേനാൾ കഴിഞ്ഞിട്ടും ബാലി മടങ്ങി വന്നില്ല. ഒരു വർഷത്തിന് ശേഷം ഗുഹയിൽ നിന്നും ബാലിയുടെ നിലവിളിയും മായാവിയുടെ അട്ടഹാസവും സുഗ്രീവൻ കേട്ടു.ഗുഹാമുഖത്തു രക്തം പതഞ്ഞു ഒഴുകുന്നത് കണ്ടു ബാലി മരിച്ചു എന്നു നിജപ്പെടുത്തിയ സുഗ്രീവൻ, മായാവി ഗുഹയിൽ നിന്നു രക്ഷപ്പെടാതെ ഇരിക്കാനായി വലിയൊരു പാറകല്ലു കൊണ്ടു ഗുഹാമുഖം അടച്ചു വെച്ചു. കിഷ്കിന്ധയിലെത്തിയ സുഗ്രീവൻ ദുഃഖിതനായി കഴിഞ്ഞുകൂടി. രാജ്യം അനാഥമാകാതിരിക്കാനായി മന്ത്രിമാരുടെ നിർബന്ധപ്രകാരം സുഗ്രീവൻ രാജാവായി.

വാസ്തവത്തിൽ ബാലി മരിച്ചു എന്നു സുഗ്രീവന് തോന്നിയത് മായാവിയുടെ മായ കൊണ്ടായിരുന്നു. മായാവിയെ കൊന്നു ഗുഹയുടെ വാതിലിലെത്തിയ ബാലി ഒറ്റ ചവിട്ടിനു പാറ കല്ല് ദൂരെ തെറിപ്പിച്ചു. തന്നെ കൊല്ലാൻ വേണ്ടി സുഗ്രീവൻ മനപ്പൂർവ്വം ഗുഹ പാറകൊണ്ടടച്ചു എന്നു വിശ്വസിച്ച ബാലി, കിഷ്കിന്ധയിൽ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി. ബാലിയെ കണ്ടു സുഗ്രീവൻ സർവസ്വവും അദ്ദേഹത്തിന് അടിയറ വച്ചിട്ടും ബാലി ശാന്തനായില്ല. സുഗ്രീവനെയും അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്മാരെയും ബാലി കിഷ്കിന്ധയിൽ നിന്നും ആട്ടിപ്പായിച്ചു. സുഗ്രീവന്റെ പത്നിയായ രുമയെ ബാലി ബലമായി അപഹരിച്ചു.

ബാലിയുടെ ശക്‌തി ശ്രീരാമൻ മനസ്സിലാക്കാൻ വേണ്ടി സുഗ്രീവൻ തുടർന്നു ; ബാലി മഹാഗിരികൾ എടുത്തു അമ്മാനമാടും, വൻവൃക്ഷങ്ങൾ പറിച്ചൊടിക്കും.അച്ഛനായ ദേവേന്ദ്രൻ കൊടുത്ത നൂറു പൊൻതാമരപ്പൂക്കൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും. ഇന്ദ്രന്റെ വരപ്രസാദത്താൽ എതിരാളിയുടെ പകുതി ശക്തി ബാലിയിൽ വന്നു ചേരും. ബ്രഹ്മമുഹൂർത്തത്തിനും മുന്നേ ഉണരുന്ന ബാലി സൂര്യോദയത്തിനു മുന്നേ നാലു മഹാസാഗരങ്ങളിലും തർപ്പണം ചെയ്‌തു മടങ്ങി എത്തും. ഒരിക്കൽ ഒരു കൂറ്റൻ പോത്തിന്റെ രൂപത്തിൽ തന്നോട് പോരിന് വന്ന ദുന്ദുഭി എന്ന അസുരനെ വധിച്ചു, അവന്റെ ജഡം ബാലി ഒരു യോജന ദൂരം വലിച്ചെറിഞ്ഞു. ജഡം വന്നു വീണതു മാതംഗ മുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ അശ്രമം ജഡം വീഴ്ത്തി ആശുദ്ധമാക്കിയവൻ ആ പ്രദേശത്തിന്റെ ഒരു യോജന ചുറ്റളവിൽ കാലു കുത്തിയാൽ തല പൊട്ടി തെറിച്ചു മരിക്കട്ടെ എന്നു മുനി ശപിച്ചു. അതിൻപ്രകാരമാണ് ബാലി കാൽ കുത്താത്ത ഏക സ്ഥലം എന്നുള്ള രീതിയിൽ ആ പ്രദേശത്തിന് അകത്തുള്ള ഋശ്യമൂക പർവതത്തിൽ ബാലിയെ പേടിച്ചു സുഗ്രീവൻ അഭയം തേടിയത്.

തന്റെ ശക്തിയിൽ സുഗ്രീവനു വിശ്വാസമുണ്ടാകാൻ വേണ്ടി ശ്രീരാമൻ ദുന്ദുഭിയുടെ അസ്ഥികൂടം കാൽ കൊണ്ട് തോണ്ടി പത്തു ജോജന ദൂരെ വീഴ്ത്തി മാത്രമല്ല ബാലിയുടെ കരബലം നിരന്തരം ഏറ്റിട്ടും വീഴാതെ നിന്ന ഏഴു സാലവൃക്ഷങ്ങളെ ഒരൊറ്റ ബാണം കൊണ്ടു രാമൻ തുളച്ചു.

സുഗ്രീവൻ രാമന്റെ പിൻബലത്തിൽ കിഷ്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്‌തു വധിക്കാൻ ശ്രമിച്ച രാമനു സഹോദരന്മാർ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാൻ സാധിച്ചില്ല. ബാലിയുടെ മർദനത്താൽ അവശനായ സുഗ്രീവൻ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയിൽ തിരിച്ചറിയാൻ വേണ്ടി രാമൻ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട്, ബാലിയുടെ പത്നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയിൽ ബാലിയെ രാമൻ ഒളിയമ്പെയ്തു. മരണക്കിടക്കയിൽ കിടന്നു കൊണ്ടു, മര്യാദപുരുഷോത്തമനായ രാമൻ തന്നെ ഒളിയമ്പെയ്‌തതു മൂലം അധർമം പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമർശിക്കുന്നു.

ഇക്കാണുന്ന ഭൂമി മുഴുവൻ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴിൽ, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്നിയെ കാമാന്ധനായി ബലപൂർവം അപഹരിച്ചു അധർമ്മം പ്രവർത്തിച്ച ബാലിയെ ശിഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമൻ ഉണർത്തിച്ചു. രാമന്റെ യുക്തിപൂർവ്വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപവിവശനായി. ബാലിയുടെ അവസാന നിമിഷങ്ങൾ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. ബാലി തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണ താമരമാല സുഗ്രീവനെ അണിയിച്ചിട്ടു കിഷ്കിന്ധയുടെ രാജാധികാരവും തന്റെ പത്നി താരയുടെയും പുത്രൻ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏൽപിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂർവം സംസ്‌കരിച്ചു.

സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു, അംഗദനെ യുവരാജാവായും വാഴിച്ചു.കിഷ്കിന്ധയിലേക്കുള്ള സുഗ്രീവന്റെ ക്ഷണം രാമൻ സ്നേഹപൂർവം നിരസിച്ചു.ഇനിയുള്ള മഴക്കാലം സീതാന്വേഷണത്തിന് പറ്റിയതല്ലെന്നു പറഞ്ഞ രാമൻ, അനവധി കാലം വനത്തിൽ വസിച്ചു ക്ലേശിച്ച സുഗ്രീവനോട് നാലു മാസങ്ങൾ രാജഭോഗങ്ങൾ ആവോളം അനുഭിച്ചു സുഖമായി കഴിയാൻ പറഞ്ഞു. ശേഷം രാമലക്ഷമണന്മാർ പ്രസവണം എന്ന പർവതത്തിലെ ഗുഹയിൽ താമസം മാറ്റി.

സീതാന്വേഷണം

തിരുത്തുക

നാലു മാസങ്ങൾക്കു ശേഷവും സുഗ്രീവൻ സീതാന്വേഷണത്തിൽ താല്പര്യം കാട്ടാത്തത് കണ്ട രാമൻ ദുഃഖിതനായി. രാമന്റെ ദുഃഖം കണ്ടിട്ടു ലക്ഷ്മണൻ ക്രുദ്ധനായി കിഷ്കിന്ധയിലെത്തി രോഷത്തോടെ സുഗ്രീവനെ തന്റെ ശപഥത്തെകുറിച്ചു ഓർമ്മിപ്പിക്കുന്നു. ബാലി പോയ വഴി അടഞ്ഞിട്ടില്ലെന്നു കൂടി ലക്ഷ്മണൻ സുഗ്രീവനെ ഭീഷണി കലർന്ന സ്വരത്തിൽ ഓർമ്മിപ്പിച്ചു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം താര ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു.

സുഗ്രീവൻ ഉടൻ തന്നെ രാമന്റെ മുന്നിൽ എത്തി, താൻ വാനരന്മാരെയെല്ലാം കിഷ്കിന്ധയിൽ എത്തി ചേരാൻ കല്പന കൊടുത്തായി അറിയിക്കുന്നു. അതിൻപ്രകാരം വന്നു ചേർന്ന കോടിക്കണക്കിനു വാനരന്മാരെ സുഗ്രീവൻ നാലു ദിശയിലും സീതയെ തിരയാൻ പറഞ്ഞയക്കുന്നു. ഒരു മാസം അവധി സുഗ്രീവൻ എല്ലാവർക്കും ഇതിനായി നൽകി. തെക്കു ദിക്കിൽ സീതയെ തിരയാൻ സുഗ്രീവൻ അയച്ചത് അംഗദൻ, ജാംബവാൻ, ഹനുമാൻ എന്നിവരുടെ സംഘത്തെയായിരുന്നു.സീതയെ കണ്ടെത്തിയാൽ തന്റെ ദൂതനാണ് ഹനുമാന് എന്നു തെളിവ് കാണിക്കാനായി രാമൻ തന്റെ മുദ്രമോതിരം ഹനുമാനെ ഏൽപ്പിക്കുന്നു.

ഒരു മാസത്തിനു ശേഷം ബാക്കി മൂന്നു സംഘങ്ങളും കിഷ്കിന്ധയിൽ നിരാശയോടെ മടങ്ങി എത്തി. എന്നാൽ തെക്കോട്ടു പോയ ഹനുമാനും കൂട്ടരും അനവധി ദിവസത്തെ തിരച്ചിലിനോടുവിൽ ദാഹിച്ചു വലഞ്ഞു വെള്ളമന്വേഷിച്ചു ഒരു ഗുഹയിൽ പ്രവേശിക്കുന്നു. അവിടെ വെച്ചു സ്വയംപ്രഭ എന്ന ദിവ്യ അവരെ സൽക്കരിച്ചു വിശപ്പും ദാഹവും മാറ്റുന്നു. ശേഷം സ്വയംപ്രഭ തൻറെ ദിവ്യശക്തിയിൽ അവരെ സമുദ്രക്കരയിൽ എത്തിച്ചു. മഹാസമുദ്രം കടന്നു എങ്ങനെ സീതയെ തിരയും എന്നോർത്തു ദുഃഖിതരായ അംഗദനും സംഘവും ജടായുവിന്റെ ജ്യേഷ്ഠനായ, ചിറകു നഷ്ടപ്പെട്ട സമ്പാതി എന്ന പക്ഷിയെ കണ്ടുമുട്ടി. വാനരന്മാരെ കണ്ടു മുട്ടിയ സമ്പാദിക്കു നഷ്ടപ്പെട്ട ചിറകു വീണ്ടും മുളച്ചു. സമ്പാതി ഉയരത്തിൽ പറന്നു തന്റെ ജന്മസിദ്ധമായ ദീർഘദൃഷ്ടി ഉപയോഗിച്ചു സീത ലങ്കയിൽ ഉണ്ടെന്നു കണ്ടെത്തി വാനരരെ അറിയിച്ചു.

ആരു നൂറു യോജന ദൂരം കടൽ ചാടി ലങ്കയിൽ എത്തുമെന്നു ഓർത്തു വാനരന്മാർ ചിന്താകുലരാകുന്നു. മാഹാശക്തനായ ഹനുമാനെ തന്റെ കഴിവുകളെ കുറച്ചു ജാമ്പവാൻ ബോധ്യപ്പെടുത്തുന്നു. ഹനുമാൻ വിരാട രൂപം കൈക്കൊണ്ടു സമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു കുതിച്ചു.വഴിക്ക് വെച്ചു സാഗരനിർദ്ദേശപ്രകാരം തന്നെ സൽക്കരിക്കാൻ കടലിൽ നിന്നും പൊന്തിവന്ന മൈനാക പർവതത്തിന്റെ സൽക്കാരം ഹനുമാൻ നിരസിച്ചു. തന്നെ പരീക്ഷിക്കാൻ ദേവന്മാർ അയച്ച നാഗമാതാവ് സുരസ്സയുടെ പരീക്ഷണത്തിലും ഹനുമാൻ വിജയിച്ചു. നിഴൽ തടഞ്ഞു നിർത്തി ജീവികളെ പിടികൂടി ഭക്ഷിക്കുന്ന അംഗാരകസിംഹിക എന്ന രാക്ഷസിയെ ഹനുമാൻ സംഹരിച്ചു.

ലങ്കയിൽ എത്തിയ ഹനുമാൻ സൂഷ്മരൂപം കൈകൊണ്ടു അകത്തേക്ക് പ്രവേശിച്ചപ്പോൾ ലങ്കയുടെ കാവൽ ദേവതയായ ലങ്കാശ്രീ അദ്ദേഹത്തെ തടഞ്ഞു. ഹനുമാന്റെ കൈപ്പത്തി കൊണ്ടുള്ള ഇടിയേറ്റ ലങ്കാനഗരദേവത ലങ്ക ഉപേക്ഷിച്ചു യാത്രയായി.രാവണന്റെ അന്തഃപുരവും ലങ്കയുടെ പ്രൗഢിയും പുഷപകവിമാനവും രാവണനെയും തൊട്ടടുത്തു കണ്ട ഹനുമാൻ വിസ്മയഭരിതനായി. അവിടെ മണ്ഡോദരിയെയും മറ്റു സ്ത്രീകളെയും കണ്ടെങ്കിലും സീതയെ മാത്രം ഹനുമാൻ കണ്ടില്ല. ഒടുവിൽ കൂടുതൽ അന്വേഷിച്ചപോൾ അശോകവനത്തിൽ ശിംശപ വൃക്ഷച്ചുവട്ടിൽ മലിനവസ്ത്രധാരിണിയും, ദുഃഖിതയും, രാക്ഷസിമാരുടെ ഭീഷണികൾ മൂലം തളർന്നിരിക്കുന്ന സീതയെ ഹനുമാൻ കണ്ടെത്തി.

സീതയുടെ മുന്നിൽ ഉടനെ പ്രത്യക്ഷപ്പെടാതെ ഹനുമാൻ മരത്തിന്റെ മുകളിൽ ഒളിച്ചിരുന്നു രംഗം വീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാവണൻ അവിടേക്ക് എഴുന്നള്ളി സീതയോട് തനിക്കു വശംവദയാകാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. സീത രാവണന്റെ നേർക്ക് നോക്കാതെ ഒരു പുൽകൊടിയിൽ നോക്കി ദുർബുദ്ധിയായ രാവണന്റെ അന്ത്യമടുത്തു എന്നും മറ്റും പറഞ്ഞു രാവണനെ നിരാകരിക്കുന്നു. സീതയോട് കോപിച്ച രാവണനെ ധാന്യമാലിനി എന്ന പത്നി അവിടെ നിന്നും കൂട്ടി കൊണ്ടു പോകുന്നു. കാവൽരാക്ഷസിമാർ സീതയെ വീണ്ടും ഭയപ്പെടുത്തുമ്പോൾ ത്രിജട എന്ന വൃദ്ധയും ബുദ്ധിമതിയുമായ രാക്ഷസി അവരെ തടഞ്ഞിട്ടു, താൻ കണ്ട സ്വപ്നത്തിൽ സീത രാമനോട് ചേരുന്നതും രാവണന്റെയും പുത്രന്മാരുടെയും സർവനാശവും കണ്ടതായി അറിയിച്ചു. അതിനാൽ സീതയെ ബഹുമാനിക്കാൻ ത്രിജട മറ്റുള്ളവരെ ഉപദേശിച്ചു.

രാക്ഷസിമാർ ഉറങ്ങിയപ്പോൾ തന്നെ രക്ഷിക്കാൻ ആരും വരില്ലായെന്നു ചിന്തിച്ചു നിരാശയായ സീത ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ ഹനുമാൻ രാമന്റെ ജീവിത കഥ സീത കേൾക്കാൻ വേണ്ടി പാടി.അതിനു ശേഷം സീതയുടെ മുന്നിലെത്തിയ ഹനുമാനെ സീത ആദ്യം വിശ്വസിച്ചില്ല. രാമലക്ഷ്മണമാരുടെ ശരീരത്തിന്റെ ലക്ഷണങ്ങൾ ഹനുമാൻ വിസ്തരിച്ചു പറഞ്ഞു, രാമന്റെ മോതിരം കൂടി ഹനുമാൻ സീതയെ ഏല്പിച്ചപ്പോൾ സീതക്കു ഹനുമാനെ പൂർണ വിശ്വാസമായി. സുഗ്രീവനുമായിട്ടുള്ള രാമന്റെ സഖ്യവും താൻ സുഗ്രീവ നിർദ്ദേശത്താലാണ് സീതയെ തിരിഞ്ഞു വന്നത്‌ എന്നും മറ്റുമുള്ള കാര്യങ്ങളും ഹനുമാൻ വിവരിച്ചു. രാമലക്ഷ്മണന്മാരും തന്നെക്കാൾ ശക്തരായ മറ്റു വാനരന്മാരും ഉടനെ ലങ്കയിൽ എത്തി രാവണനടക്കമുള്ള രാക്ഷസന്മാരെ സംഹരിച്ചു സീതയെ രക്ഷിച്ചുകൊള്ളുമെന്നു ഹനുമാൻ സീതക്കു ഉറപ്പുനൽകി. ഹനുമാൻ തന്നെ കണ്ടു എന്ന തെളിവിനായി, സീത രാമനു നൽകാൻ ഹനുമാന്റെ കൈവശം തൻറെ ചൂഡാരത്നം കൊടുത്തയച്ചു. തെളിവിനയായി തനിക്കും രാമനും മാത്രമറിയാവുന്ന കാക വൃത്താന്തവും സീത ഹനുമാനെ പറഞ്ഞു കേൾപ്പിച്ചു. തന്നെ കാക്കയുടെ രൂപത്തിൽ വന്നു ഉപദ്രവിച്ചു ഇന്ദ്രപുത്രൻ ജയന്തനോട് പോലും ബ്രാഹ്‌മാസ്ത്രം പ്രയോഗിച്ചു അവന്റെ ഒരു കണ്ണ് നശിപ്പിച്ച രാമൻ, തന്നെ അപഹരിച്ചുകൊണ്ടുപോയ രാവണനെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല എന്നുപറഞ്ഞു സീത ദുഃഖം പ്രകടിപ്പിച്ചു. സീതയെ വീണ്ടും നമസ്‌കരിച്ചു ഹനുമാൻ യാത്ര പറഞ്ഞു ഇറങ്ങി.

ലങ്കാദഹനം

തിരുത്തുക

സീതയെ കണ്ടതിനു ശേഷം രാവണനെ നേരിട്ടു കണ്ടു സംസാരിക്കാൻ ഹനുമാൻ ആഗ്രഹിച്ചു, അതിനു വേണ്ടി അദ്ധേഹം അശോകവനിക നശിപ്പിക്കാൻ തുടങ്ങി. ഭയന്നുപോയ രാക്ഷസിമാർ ഉടനെ കാവൽ സൈനികരെ വിവരമറിയിച്ചു. തന്നെ പിടികൂടാനെത്തിയ സൈനികരെ ഒരു കൊടിമരം പിഴുതെടുത്തുകൊണ്ട് ഹനുമാൻ അടിച്ചു കൊന്നു.വിവരമറിഞ്ഞ രാവണൻ കൂടുതൽ സൈന്യത്തെ അയച്ചു. രാവണന്റെ അനവധി സേനാപതിമാരെയും മന്ത്രിപുത്രന്മാരെയും സൈനികരെയും മാരുതി കാലപുരിക്കയച്ചു. തന്റെ പുത്രൻ അക്ഷകുമാരനും ഹനുമാന്റെ കൈകൊണ്ടു കൊല്ലപ്പെട്ടപ്പോൾ രാവണന്റെ മൂത്ത പുത്രൻ മേഘനാഥൻ എന്ന ഇന്ദ്രജിത്തിനെ രാവണൻ രംഗത്തിറക്കി. യാതൊരു വിധത്തിലും ഹനുമാനെ കീഴടക്കാൻ സാധിക്കില്ലയെന്നു മനസ്സിലാക്കിയ ഇന്ദ്രജിത്ത് ഗത്യന്തരമില്ലാതെ ബ്രാഹ്‌മാസ്ത്രം തന്നെ മാരുതിക്കു നേരെ പ്രയോഗിച്ചു.

ബ്രഹ്‌മാസ്ത്രമേറ്റു ബോധം മറഞ്ഞു ഹനുമാൻ വീണു.എങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ബോധം തെളിഞ്ഞു കാരണം ബ്രഹ്‌മാസ്ത്രമേറ്റലും അതിന്റെ പ്രഭാവം കുറച്ചു നേരം മാത്രമേ ഹനുമാനിൽ നിലനിൽക്കുവെന്നു ബ്രഹ്‌മാവ് ഹനുമാനു പണ്ട് വരം നൽകിയിരുന്നു.രക്ഷസന്മാർ ഹനുമാനെ കയർ കൊണ്ടു കെട്ടിവരിഞ്ഞപ്പോൾ ശേഷിച്ച ബ്രഹ്‌മാസ്ത്രപ്രഭാവവും അദ്ദേഹത്തിൽ നിന്നും വിട്ടകന്നു. ഇന്ദ്രജിത്തിന്റെ നിർദേശപ്രകാരം മാരുതിയെ രാവണന്റെ മുന്നിൽ ഹാജരാക്കി. ഹനുമാനെ കണ്ടിട്ടു പണ്ട് തന്നെ ശപിച്ച നന്ദികേശനാണോയെന്നു രാവണൻ സംശയിച്ചു. മാരുതിയെ ചോദ്യം ചെയ്യാൻ പ്രഹസ്തനെ രാവണൻ ചുമതലപ്പെടുത്തി.

പ്രഹസ്താന്റെ ചോദ്യങ്ങൾക്ക് താൻ സുഗ്രീവന്റെ മന്ത്രിയാണെന്നും ഇപ്പോൾ ശ്രീരാമന്റെ ദൂതനായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും, ശ്രീരാമന്റെ പത്നി സീതയെ ആദരപൂർവം അദ്ദേഹത്തിന് തിരിച്ചു നൽകാത്ത പക്ഷം രാമലക്ഷമണന്മാരുടെ നിശിത ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും മുഴുവനും നശിക്കുമെന്നും ഹനുമാൻ രാവണനെ അറിയിച്ചു. ഹനുമാന്റെ മറുപടി കേട്ടു അത്തതെവ കോപിഷ്ഠനായ രാവണൻ ഹനുമാനെ വധിക്കാൻ ഉത്തരവിട്ടെങ്കിലും, ദൂതവധം പാപമാണെന്നു പറഞ്ഞുകൊണ്ട് രാവണന്റെ അനുജൻ വിഭീഷണൻ അദ്ദേഹത്തെ തടഞ്ഞു. അതുകേട്ട് ഒന്നു ആലോചിച്ച ശേഷം, ഹനുമാൻ ഒരു വാനരനായതിനാൽ വാനരന്റെ പ്രധാന ശരീരഭാഗമായ വാലിൽ തീവെക്കാൻ രാവണൻ കൽപ്പിച്ചു.

രാക്ഷസൻമാർ ഹനുമാന്റെ വാലിൽ തുണിയും ചുറ്റി എണ്ണയും നെയ്യും ഒഴിച്ചു തീകത്തിച്ചു നഗരപ്രദക്ഷിണം ചെയ്യിച്ചു. ഹനുമാന്റെ വാലിൽ തീ കൊളുത്തപ്പെട്ടു എന്നറിഞ്ഞ സീത, തന്റെ പാതിവ്രത്യത്തിനു ശക്തിയുണ്ടെങ്കിൽ അഗ്നിദേവൻ ഹനുമാന് കുളിർമ്മയേകട്ടെ എന്നു പ്രാർത്ഥിച്ചു. ലങ്ക ആകമാനം വീക്ഷിച്ച ഹനുമാൻ ഒരാട്ടഹാസത്തോടെ തന്നെ ബന്ധിച്ച കയർ പൊട്ടിച്ചു, മാളികകളിൽ നിന്നും മാളികകളിലേക്കു ചാടി ലങ്കാനഗരത്തിന് തീവെച്ചു. ലങ്കാനഗരത്തിൽ മുഴുവൻ ഹനുമാൻ തീ പടർത്തിയെങ്കിലും വീഭിഷണന്റെ ഗൃഹത്തിന് ഹനുമാൻ തീ വെച്ചില്ല. ലങ്കയിൽ ആളിപടർന്ന തീ, സീത വസിക്കുന്ന അശോകവനത്തിലും എത്തിയില്ല. സമുദ്രത്തിൽ വാൽ മുക്കി തീ അണച്ചതിനു ശേഷം സീതയെ ഒന്നു കൂടെ കണ്ടു നമസ്കരിച്ചു, ഹനുമാൻ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി.

ആഹ്ലാദാരവങ്ങളോടെ വാനരവൃന്ദം ഹനുമാനെ സ്വാഗതം ചെയ്തു. "കണ്ടു സീതയെ" എന്ന രണ്ടു വാക്കിൽ ഹനുമാൻ കൂട്ടുകാരെ കാര്യം ഗ്രഹിപ്പിച്ചു. കോലാഹലത്തോടെ കിഷ്കിന്ധയിലേക്ക് മടങ്ങിയ വാനരന്മാർ സുഗ്രീവന്റെ പ്രിയപ്പെട്ട തോട്ടമായ മധുവനത്തിൽ പ്രവേശിച്ചു ആവോളം മധു പാനം ചെയ്തു ബോധം നഷ്ടപെട്ടു തോട്ടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുകയും കാവൽക്കാരനായ ദധിമുഖനെ അടിച്ചിടുകയും ചെയ്യുന്നു. ദധിമുഖൻ സുഗ്രീവനോട് ചെന്നു പരാതി പറഞ്ഞെങ്കിലും സുഗ്രീവൻ സന്തോഷിക്കയാണ് ചെയ്‌തതു, കാരണം സീതയെ വാനരവീരന്മാർ കണ്ടെത്തിയെന്നും അതിന്റെ ആഹ്ലാദപ്രകടനമാണ് അവർ കാട്ടുന്നതെന്നും അദ്ദേഹത്തിന് പിടികിട്ടി.

ഹനുമാൻ രാമന്റെ മുന്നിലെത്തി അദ്ദേഹത്തെ പ്രണമിച്ചിട്ടു സീതയെ താൻ കണ്ടു എന്നറിയിച്ചു. സീതയുടെ ചൂഡാരത്‌നം മാരുതി രാമനു സമർപ്പിച്ചിട്ടു സർവകാര്യങ്ങളും അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. രാമലക്ഷ്മണന്മാരും വാനരപ്പടയും ഒട്ടും വൈകാതെ ലങ്കയിൽ എത്തിച്ചേരുമെന്നു ദേവിക്കു താൻ ഉറപ്പ് നൽകി എന്നും ഹനുമാൻ രാമനെ അറിയിച്ചു.

സേതു ബന്ധനം

തിരുത്തുക

സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു.അത്യധികം സന്തുഷ്ടനായ രാമൻ തന്റെ സിദ്ധികൾ ഹനുമാനു പകർന്നു കൊടുക്കുന്ന രീതിയിൽ അദ്ദേഹത്തെ ഗാഢമായി ആശ്ലേഷിച്ചു. ഹനുമാന്റെ വിവരണങ്ങളിൽ നിന്നും കോട്ടകളും കിടങ്ങുകളാലും ലക്ഷക്കണക്കിന് രാക്ഷസന്മാരാലും സംരക്ഷിക്കപ്പെട്ട, ശിലായന്ത്രങ്ങളും ബാണയന്ത്രങ്ങളും കൊണ്ടു സുസജ്ജമായ ത്രികൂട പർവത്തിന്‌ മുകളിൽ സ്ഥിതി ചെയ്യുന്ന സുവർണലങ്കയെ കുറിച്ചു രാമനു വ്യക്തമായ ചിത്രം ലഭിച്ചു.

എത്രയും പെട്ടന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ഉത്രം നക്ഷത്രത്തിലെ 'വിജയം' എന്ന ശുഭമുഹൂർത്തത്തിൽ വൻപടയോട് കൂടെ ലങ്കയിലേക്കു പുറപ്പെട്ടു. അംഗദൻ, ഹനുമാൻ, ജാമ്പവാൻ, നളൻ, നീലൻ, ദ്വിവിതൻ, മൈന്ദൻ, പനസൻ, ശരഭൻ, ഗജൻ, ഗവാഷൻ, സുഹേഷ്‌ണൻ, ശതബലി, വേഗദർശി, ഗന്ധമാദനൻ എന്നീ ശക്തരായ വാനരന്മാർ നേതൃത്ത്വം നൽകുന്ന സുഗ്രീവന്റെ വാനരസൈന്യം കടലിളകി വരുന്നതുപോലെ മുന്നോട്ടു നീങ്ങി. സമുദ്രതീരതെത്തിയ രാമനും ലക്ഷ്മണനും സുഗീവനും വാനരപ്പടയും അവിടെ തമ്പടിച്ചു, സമുദ്രം കടക്കുന്ന മാർഗങ്ങളെക്കുറിച്ചു ആലോചിച്ചു.

ഹനുമാൻ ലങ്കയിൽ വരുത്തിയ നാശങ്ങൾക്കു ശേഷം രാവണൻ മന്ത്രിസഭ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. രാമനുമായുള്ള യുദ്ധം അനിവാര്യമാണെന്നു മിക്കവരും അഭിപ്രായപ്പെട്ടു. എന്നാൽ സീതയെ രാമനു തിരിച്ചു നൽകി യുദ്ധം ഒഴിവാക്കി രാക്ഷസകുലത്തെ രക്ഷിക്കണം എന്നഭിപ്രായപ്പെട്ട രാവണന്റെ അനുജൻ വിഭീഷണനെ രാവണനും ഇന്ദ്രജിത്തും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്‌തു. കോപിഷ്ടനും നിരാശനുമായ വിഭീഷണൻ, അനിലൻ, അനലൻ, ഹരൻ, സമ്പാതി എന്നീ വിശ്വസ്തരായ നാലു സേവകരോടൊപ്പം ലങ്കയുപേക്ഷിച്ചു രാമന്റെ മുന്നിൽ എത്തി അഭയം അഭ്യർഥിച്ചു. രാമൻ വിഭീഷണനു അഭയം നൽകുക മാത്രമല്ല അദ്ദേഹത്തെ സമുദ്രജലം കൊണ്ട് അഭിഷേകം ചെയ്തു ലങ്കയുടെ രാജാവായി പ്രഖ്യാപിച്ചു

സുഗ്രീവനെ പാട്ടിലാക്കി കിഷ്കിന്ധയിലേക്ക് തിരിച്ചയക്കാൻ വേണ്ടി രാവണൻ തന്റെ വിശ്വസ്ത മന്ത്രിയായ ശുകനെ അയച്ചു. പക്ഷി വേഷത്തിലെത്തിയ ശുകൻ ആകാശത്തു നിന്നുകൊണ്ട് സുഗ്രീവനെ വശത്താക്കാൻ ശ്രമിച്ചു. ശുകന്റെ വാക്കുകൾ കേട്ട് കുപിതനായ സുഗ്രീവൻ വാനാരന്മാരോട് അവനെ പിടികൂടാൻ പറഞ്ഞു. ശുകനെ ചാടി പിടികൂടിയ വാനരൻമ്മാർ അവനെ ഇടിക്കാനും തൊഴിക്കാനും തൂവലുകൾ പറിച്ചെടുക്കാനും തുടങ്ങി.വാനര പീഡനത്താൽ അവശനായ ശുകനെ രാമന്റെ മുന്നിൽ ഹാജരാക്കി. ശുകൻ ദൂതനായത് കൊണ്ട് അവനെ വെറുതെ വിടാൻ രാമൻ കല്പിച്ചു.

വിഭീഷണന്റെ അഭിപ്രായ പ്രകാരം ജലാധി ദേവനായ വരുണനെ പ്രസാദിപ്പിച്ചു സമുദ്രത്തെ തരണം ചെയ്യാൻ മാർഗം കാട്ടിത്തരാൻ വേണ്ടി രാമൻ മൂന്നു ദിവസം സമുദ്രതീരത്തു ദർഭ വിരിച്ചു കിഴക്കോട്ടു തലവെച്ചുകിടന്നു ധ്യാനമിരുന്നെങ്കിലും സാഗരദേവൻ പ്രത്യക്ഷപെട്ടില്ല. കുപിതനായ രാമൻ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു സമുദ്രത്തെ വറ്റിക്കാൻ ഒരുങ്ങിയപ്പോൾ സാഗരദേവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ മീതെ വാനരന്മാരെ കൊണ്ടു ചിറ കെട്ടിച്ചു ലങ്കയിലേക്കു കടക്കാനും, താൻ അതു തിരമാലകൾ മൂലം ചിതറിപ്പോവാതെ പൃഷ്‌ടോപരി താങ്ങി നിർത്തികൊള്ളാമെന്നും വരുണൻ രാമനെ അറിയിച്ചു. രാമൻ തൊടുത്ത ബ്രഹ്‌മാസ്ത്രത്തെ തന്റെ വടക്കു ഭാഗത്തായി, ക്രൂരരാക്ഷസന്മാർ നിവസിക്കുന്ന ദ്രുമകല്യ എന്ന സ്ഥലം ലക്ഷ്യമാക്കി പ്രയോഗിക്കാൻ വരുണൻ അഭ്യർഥിച്ചു.

വരുണദേവന്റെ നിർദ്ദേശമനുസരിച്ചും രാമന്റെ കല്പനയിലും വിശ്വകർമ്മാവിന്റെ പുത്രനായ നളന്റെ മേൽനോട്ടത്തിലും കോടിക്കണക്കിന് വരുന്ന വാനരപ്പട വൻപാറകളും മുള, കടമ്പു, കരിമ്പന, കരിമരുത്, നീർമരുത്, കുടകപ്പാല തുടങ്ങിയ മരങ്ങളും കടലിലേക്ക് പറിച്ചിട്ടു. നളന്റെയും നീലന്റെയും നേത്രത്വത്തിൽ വെറും അഞ്ചു ദിവസം കൊണ്ടു നൂറു യോജന നീളം സമുദ്രത്തിനു മീതെക്കൂടെ ലങ്കയിലേക്കുള്ള സേതുവിന്റെ നിർമ്മാണം വാനരപ്പട പൂർത്തീകരിച്ചു. രാമനും വാനര സൈന്യവും സേതുമാർഗ്ഗം ലങ്കയിൽ പ്രവേശിച്ചു.

യുദ്ധാരംഭം

തിരുത്തുക

ലങ്കയിലെത്തിയ രാമനും സൈന്യവും സുവേല പർവതത്തിന്റെ താഴ്വരയിൽ തമ്പടിച്ചു. വാനരസൈന്യത്തിന്റെ ശക്തിയും ബലവും എണ്ണവും ഉള്ളുകളികളും അറിഞ്ഞു വരാൻ രാവണനിർദ്ദേശത്താൽ വീണ്ടും ശുകനും ഒപ്പം സാരണനും വാനരവേഷത്തിൽ രാമന്റെ സൈന്യത്തിൽ കടന്നു കൂടി വിവരങ്ങൾ ശേഖരിക്കവേ വിഭീഷണൻ അവരെ തിരിച്ചറിഞ്ഞു പിടികൂടി രാമന്റെ മുന്നിൽ എത്തിച്ചു. വന്നകാര്യം പൂർത്തികരിച്ചു മടങ്ങാനും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിഭീഷണൻ പറഞ്ഞു തരുമെന്നും, തന്റെ ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും ഒടുങ്ങാൻ തയ്യാറാക്കുക എന്നു രാവണനെ അറിയിക്കുക എന്നും രാമൻ അവരോട് പറഞ്ഞ ശേഷം വിട്ടയച്ചു.

രാവണന്റെ മുന്നിലെത്തിയ ശുകസാരണന്മാർ നടന്നതെല്ലാം രാക്ഷസരാജനെ അറിയിച്ചു. രാമനും ലക്ഷ്മണും സുഗ്രീവനും വിഭീഷണനും നാലു പേർ മതി ലങ്കയെ നശിപ്പിക്കാണെന്നും വാനരസേന വെറും കാഴ്ച്ചക്കാരായി നോക്കി നിന്നാൽ മാത്രം മതിയെന്നും അവർ രാവണനെ അറിയിച്ചു. വാനരന്മാരുടെ ഉപദ്രമമേറ്റത് കൊണ്ടാണ് ശുകസാരണന്മാർ ഇപ്രകാരം വിഢിത്തം പറയുന്നതെന്ന് രാവണൻ പരിഹസിച്ചു. ഒരുന്നത ഗോപുരത്തിന് മുകളിൽനിന്നു കൊണ്ടു രാവണൻ വിശാലമായ വാനാരസേനയെ വീക്ഷിച്ചു. ശുകസാരണന്മാർ ഓരോ വാനരവീരൻമ്മാരെക്കുറിച്ചും രാവണനോടു വിശദീകരിച്ചു.

പ്രാർത്ഥനാ ശ്ലോകങ്ങൾ

തിരുത്തുക

‘രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായപതയേ നമഃ‘

’ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ‘

’ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം[5]

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. Dimock Jr, E.C. (1963). "Doctrine and Practice among the Vaisnavas of Bengal". History of Religions. 3 (1): 106–127. doi:10.1086/462474.
  2. 2.0 2.1 Hess, L. (2001). "Rejecting Sita: Indian Responses to the Ideal Man's Cruel Treatment of His Ideal Wife*". Journal of the American Academy of Religion. 67 (1): 1–32. doi:10.1093/jaarel/67.1.1. Retrieved 2008-04-12.
  3. Kanungo, H. "The Distinct Speciality of Lord Jagannath" (PDF). Orissa Review. Archived from the original (PDF) on 2008-05-29. Retrieved 2008-04-12.
  4. 4.0 4.1 Griffith, R.T.H. (1870–1874). The Rámáyan of Válmíki. London: Trübner & Co.; Benares: E. J. Lazarus and Co.
  5. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wiki.x.io/w/index.php?title=രാമൻ&oldid=4104654" എന്ന താളിൽനിന്ന് ശേഖരിച്ചത്