ക്രാന്തിവൃത്തം

(Ecliptic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുടർച്ചയായി വർഷം മുഴുവൻ ആകാശപ്രതിഭാസങ്ങളെ ഭൂമിയിൽ നിന്നും ശ്രദ്ധിക്കുന്ന ഒരു നിരീക്ഷകന് സൂര്യനും മറ്റ് ഗ്രഹങ്ങളും ആകാശത്തിലൂടെ സഞ്ചരിക്കുന്ന പാതയിൽ വ്യത്യാസം വന്നു കൊണ്ടിരിക്കുന്നതായി കാണാം. ഭൂമി അതിന്റെ സാങ്കൽപിക അച്ചുതണ്ടിൽ ദൈനികചലനത്തോടൊപ്പം സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഒരു വർഷം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്നു. ഭൂമിയുടെ സാങ്കൽപിക അച്ചുതണ്ട് പരിക്രമണപഥത്തിന്ന് ലംബമല്ല. മറിച്ച് 23.5 ഡിഗ്രി ചരിവ് ഉണ്ട്. ഇക്കാരണത്താൽ ഖഗോളമദ്ധ്യരേഖയും പരിക്രമണപഥവും തമ്മിൽ 23.5 ഡിഗ്രി കോണുണ്ടാക്കുന്നു. പ്രത്യക്ഷത്തിൽ ഭൂമിയിൽ നിന്നും നിരീക്ഷിക്കുന്ന ഒരാൾക്ക് സൂര്യന്റെയും ഗ്രഹങ്ങളുടെയും സഞ്ചാരപഥം തെക്ക് വടക്കായി മാറിക്കൊണ്ടിരിക്കുന്നതായി കാണാം. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന സഞ്ചാര പഥത്തിന്ന് ക്രാന്തിവൃത്തം (Ecliptic) എന്ന് പറയുന്നു. ഇത് ക്രാന്തിപഥം എന്ന പേരിലും അറിയപ്പെടുന്നു. മറ്റൊരു രീതിയിൽ, പ്രത്യക്ഷത്തിൽ സൂര്യൻ വാർഷികചലനം നടത്തുന്ന ഖഗോളത്തിലെ മഹാവൃത്തം എന്ന് കൂടി ക്രാന്തവൃത്തത്തെ പറയാം.

ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്ക് ഇടയിലൂടെയുള്ള സൂര്യൻ സഞ്ചാരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. ഇത് ഖഗോളമദ്ധ്യരേഖയിൽ നിന്നും 23½° ചരിഞ്ഞിരിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ പരിക്രമണഅക്ഷവുമായുള്ള 23½° ചരിവാണ് ഇതിനു കാരണം.
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ വാർഷികപ്രദക്ഷിണം മൂലം, ഭൂമിയിൽനിന്നും നിരീക്ഷിക്കുമ്പോൾ സൂര്യൻ പശ്ചാത്തലത്തിലുള്ള നക്ഷത്രമണ്ഡലത്തിലൂടെ സഞ്ചരിക്കുന്നതായി തോന്നും. ഈ സഞ്ചാരം 365ദിവസത്തിൽ സ്വല്പം കൂടുതൽ സമയമെടുത്തു് ഒരു മഹാവൃത്തം പൂർത്തിയാക്കുന്നു. നിരീക്ഷകനു പ്രത്യക്ഷമായി തോന്നുന്ന ഈ മഹാവൃത്തമാണു് ക്രാന്തിവൃത്തം

ക്രാന്തിപഥവും ഖഗോളമദ്ധ്യരേഖയും തമ്മിൽ ഖഗോളത്തിൽ രണ്ട് ബിന്ദുക്കളിൽ പരസ്പരം ഖണ്ഡിക്കുന്നു. സൂര്യൻ ഖഗോളമദ്ധ്യരേഖയെ തെക്ക് നിന്നും വടക്കോട്ട് ഖണ്ഡിക്കുന്നതിന്ന് മേഷാദി അല്ലെങ്കിൽ വസന്തവിഷുവം (Vernal Equinox)​ എന്നും വടക്ക് നിന്നും തെക്കോട്ട് ഖണ്ഡിക്കുന്നതിന്ന് ശരത്‌വിഷുവം (Autumnal Equinox) എന്നും പറയുന്നു. ആദ്യത്തേത് മാർച്ച് 21ന്നും രണ്ടാമത്തേത് സെപ്തംബർ 22 ന്നും നടക്കുന്നു. ആദ്യത്തേതിനെ മേഷാദി (Point of Aries) എന്നും രണ്ടാമത്തേതിനെ തുലാവിഷുവം (Point of Libra) എന്നും പറയാം.

ഭൂമിക്ക് ചുറ്റും ചന്ദ്രൻ സഞ്ചരിക്കുന്ന പാതയ്ക്ക് ക്രാന്തിവൃത്തവുമായി 5 ഡിഗ്രി 9 മിനുട്ട് ചരിവുണ്ട്. ഇക്കാരണത്താൽ ചന്ദ്രൻ പലപ്പോഴും സൗരപാതയെ അല്ലെങ്കിൽ ക്രാന്തിവൃത്തത്തെ മുറിച്ച് കടക്കും. മുറിച്ച് കടക്കുന്ന ബിന്ദു ഭൂമിയിൽ നിന്നും നോക്കുന്നവർക്ക് ഒരേ രേഖയിൽ വന്നാൽ ഗ്രഹണം നടക്കുന്നു.

ഭൂമി ഭ്രമണ പരിക്രമണങ്ങൾ നടത്തുമ്പോൾ അതിന്റെ അക്ഷം ഖഗോളത്തിൽ നേരിയ തോതിൽ ചാഞ്ചാടുന്നുണ്ട്(Wobbling). ഈ പ്രതിഭാസത്തിന്ന് പുരസ്സരണം (Precession) എന്ന് പറയും. 72 വർഷം കൊണ്ട് ഒരു ഡിഗ്രി കണ്ട് അക്ഷം പടിഞ്ഞറോട്ട് നീങ്ങുന്നു. അതായത് ഏതാണ്ട് 25920 വർഷങ്ങൾ കൊണ്ട് അക്ഷം ഖഗോളത്തിൽ ഒരു മഹാവൃത്തം വരക്കുന്നു. ഇക്കാരണത്താൽ വസന്തവിഷുവം മേഷാദിയിൽ നിന്നും ഏഴ് ഡിഗ്രിയോളം മാറിയും ശരത്ത് വിഷുവം കന്നിരാശിയിൽ നിന്നും ഏഴ് ഡിഗ്രി മാറിയുമാണ് ഇപ്പോൾ ഉള്ളത്. അങ്ങനെ നോക്കിയാൽ ഭൂമിയുടെ വടക്ക് വശം എല്ലയ്പോഴും ധ്രുവനക്ഷത്രത്തിന്റെ നേർക്ക് ആയിരിക്കുകയില്ല. അതും മാറിക്കൊണ്ടേയിരിക്കും.

ക്രാന്തിവൃത്തത്തിന്റെ വിഭജനം (ഭാരതീയക്രമം)

തിരുത്തുക

ചതുർത്ഥാംശകങ്ങൾ അഥവാ ക്രാന്തിപാദങ്ങൾ

തിരുത്തുക

360 ഭാഗ(ഡിഗ്രി) കോണളവുള്ള ഒരു പൂർണ്ണവൃത്തമാണു് ക്രാന്തിവൃത്തം. സായനമേഷാദിയിൽനിന്നും കിഴക്കേ ദിശയിലാണു് ഈ കോൺ അളക്കുന്നതു്. ഈ വൃത്തത്തെ നാലു സമഭാഗങ്ങളായി വിഭജിക്കാമെങ്കിൽ ഓരോ ഭാഗത്തിനും ഒരു മട്ടകോണിന്റെ അളവുണ്ടായിരിക്കും. ഇതിൽ 0 മുതൽ 90 വരെയും (ഒന്നാം ചതുർത്ഥാംശകം(quadrant)) 180 മുതൽ 270 വരെയും (രണ്ടാം ചതുർത്ഥാംശകം)(ഡിഗ്രി) ഉള്ള മട്ടങ്ങളെ ഓജപാദങ്ങൾ (ഒറ്റക്കാലുകൾ) എന്നും 90 മുതൽ 180 വരെയും (മൂന്നാം ചതുർത്ഥാംശകം) 270 മുതൽ 360 വരെയും (നാലാം ചതുർത്ഥാംശകം)ഉള്ള മട്ടങ്ങളെ യുഗ്മപാദങ്ങൾ (ഇരട്ടക്കാലുകൾ)എന്നും വിളിക്കുന്നു. സൂര്യചന്ദ്രന്മാരുടേയോ ഗ്രഹങ്ങളുടേയോ വിഷുവൽഭോഗം(Right ascension) കണക്കാക്കാൻ അവ ഓജപാദങ്ങളിലാണെങ്കിൽ അവയുടെ പ്രാണകലാന്തരം(അഥവാ ഗ്രഹപാതം) സ്ഫുടത്തിൽനിന്നും കുറയ്ക്കുകയും യുഗ്മപാദങ്ങളിലാണെങ്കിൽ കൂട്ടുകയും ചെയ്യുന്നു.

"https://ml.wiki.x.io/w/index.php?title=ക്രാന്തിവൃത്തം&oldid=4106352" എന്ന താളിൽനിന്ന് ശേഖരിച്ചത്