ബാംഗ്ലൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഡെക്കാൺ ഹെറാൽഡ്. 1948-ൽ ബാംഗ്ലൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ഡെക്കാൺ ഹെറാൾഡ് കർണാടക സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് പത്രമാണ്. മലയാളിയും വിഖ്യാത പത്രപ്രവർത്തകനുമായ പോത്തൻ ജോസഫ് ആയിരുന്നു പ്രഥമ പത്രാധിപർ. സ്വാതന്ത്ര്യസമരസേനാനിയും, പി.എസ്.പി. നേതാവും രാജ്യസഭാംഗവുമായിരുന്ന സി.ജി.കെ. റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രിന്റേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലാണ് ഡെക്കാൺ ഹെറാൾഡ് ആരംഭിച്ചത്. അക്കാലത്ത് കർണാടകയിൽ ഇംഗ്ലീഷ് പത്രങ്ങൾ ഇല്ലായിരുന്നു. അതിനാൽ, ഡെക്കാൺ ഹെറാൾഡിന്റെ പ്രചാരം വളരെവേഗം വർധിച്ചു. പ്രജാവാണി എന്ന കന്നട ഭാഷാ പത്രവും ഒപ്പം ആരംഭിച്ചു. സംയുക്ത കർണാടകത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന് ഡെക്കാൻ ഹെറാൾഡ് പിന്തുണ നൽകിയിരുന്നു. ആദ്യ കാലങ്ങളിൽ കേരളത്തിനുവേണ്ടി പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിലും, ഇൻഡ്യൻ എക്സ്പ്രസിലും ഓവർ എ കപ്പ് ഒഫ് റ്റീ എന്ന പംക്തിയിലൂടെ പ്രസിദ്ധനായ പോത്തൻ ജോസഫിന്റെ പത്രാധിപത്യമാണ് ഡെക്കാൺ ഹെറാൾഡിനെ കർണാടകയിലെ മുൻനിരപ്പത്രങ്ങളിലൊന്നായി വളർത്തിയത്. പോത്തൻ ജോസഫിനുശേഷം വി.ബി. മേനോൻ, ടി.എസ്. രാമചന്ദ്രറാവു എന്നിവർ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കർണാടക സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം ഡെക്കാൺ ഹെറാൾഡ് ആണ്.