വിസ്കോൺസിൻ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(വിസ്ക്കോൺസിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം വടക്കുഭാഗത്ത് സുപ്പീരിയർ തടാകം, കിഴക്ക് മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും തെക്കുഭാഗത്ത് ഇല്ലിനോയി, തെക്കുപടിഞ്ഞാറ് അയോവ, വടക്കുകിഴക്കൻ ഭാഗത്ത് മിഷിഗൺ, പടിഞ്ഞാറ് മിനിസോട എന്നീ അമേരിക്കൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു. മൊത്തം വിസ്തീർണ്ണം കണക്കാക്കിയാൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തിമൂന്നാമത്തെ വലിയ സംസ്ഥാനവും ജനസാന്ദ്രതയനുസരിച്ച് ഇരുപതാം സ്ഥാനവുമുള്ള സംസ്ഥാനമാണ്.

State of Wisconsin
Flag of Wisconsin State seal of Wisconsin
Flag Seal
വിളിപ്പേരുകൾ: Badger State; America's Dairyland
ആപ്തവാക്യം: Forward
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Wisconsin അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Wisconsin അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ De jure: None
De facto: English
നാട്ടുകാരുടെ വിളിപ്പേര് Wisconsinite
തലസ്ഥാനം Madison
ഏറ്റവും വലിയ നഗരം Milwaukee
ഏറ്റവും വലിയ മെട്രോ പ്രദേശം Milwaukee metropolitan area
വിസ്തീർണ്ണം  യു.എസിൽ 23rd സ്ഥാനം
 - മൊത്തം 65,497.82 ച. മൈൽ
(169,639 ച.കി.മീ.)
 - വീതി 260 മൈൽ (420 കി.മീ.)
 - നീളം 310 മൈൽ (500 കി.മീ.)
 - % വെള്ളം 17
 - അക്ഷാംശം 42° 37′ N to 47° 05′ N
 - രേഖാംശം 86° 46′ W to 92° 53′ W
ജനസംഖ്യ  യു.എസിൽ 20th സ്ഥാനം
 - മൊത്തം (2010) 5,686,986
 - സാന്ദ്രത 103.4/ച. മൈൽ  (39.9/ച.കി.മീ.)
യു.എസിൽ 25th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $47,220 (15th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Timms Hill[1]
1,951 അടി (595 മീ.)
 - ശരാശരി 1,050 അടി  (320 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Lake Michigan[1]
579 അടി (176 മീ.)
രൂപീകരണം  May 29, 1848 (30th)
ഗവർണ്ണർ Scott Walker (R)
ലെഫ്റ്റനന്റ് ഗവർണർ Rebecca Kleefisch (R)
നിയമനിർമ്മാണസഭ Wisconsin Legislature
 - ഉപരിസഭ Senate
 - അധോസഭ State Assembly
യു.എസ്. സെനറ്റർമാർ Herb Kohl (D)
Ron Johnson (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 5 Republicans, 3 Democrats (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ WI Wis. US-WI
വെബ്സൈറ്റ് www.wisconsin.gov

1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമ്മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ. ഡ്രിഫ്റ്റിംഗ് മേഖലയൊഴികെ ഹിമയുഗത്തിലെ ഹിമപാളികളാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്ന വിസ്കോൺസിൻെറ ഭൂമിശാസ്ത്രം വൈവിധ്യപൂർണമാണ്. വടക്കൻ മലമ്പദേശങ്ങളും പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളും മദ്ധ്യ സമതലത്തിന്റെ ഒരു ഭാഗവും ചേർന്ന് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗം രൂപപ്പെടുകയും താഴ്‌ന്നപ്രദേശം മിഷിഗൺ തടാക തീരത്തേക്ക് വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു. മിഷിഗൺ സംസ്ഥാനം കഴിഞ്ഞാൽ മഹാതടാക തീരത്തിന്റെ നീളം കൂടിയ ഭാഗങ്ങൾ ഉൾ‌പ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് വിസ്കോൺസിൻ. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ധാരാളം യൂറോപ്യൻ കുടിയേറ്റക്കാർ ഈ സംസ്ഥാനത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. അവരിൽ ഭൂരിപക്ഷവും ജർമ്മനി, സ്കാൻഡിനേവിയ എന്നിവിടങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരായിരുന്നു. അയൽ സംസ്ഥാനമായ മിനിസോടയെപ്പോലെ, ജർമൻ അമേരിക്കൻ, സ്കാൻഡിനേവിയൻ അമേരിക്കൻ സംസ്കാരത്തിന്റെ കേന്ദ്രമായി സംസ്ഥാനം നിലനിൽക്കുന്നു.

തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്. ഇത് മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തെ 72 കൌണ്ടികളായി തിരിച്ചിരിക്കുന്നു.

പദോത്പത്തി

തിരുത്തുക

വിസ്കോൺസിൻ എന്ന പദത്തിൻറെ ഉത്ഭവം യൂറോപ്യൻ സമ്പർക്ക സമയത്ത് ഈ പ്രദേശത്ത് താമസിച്ചിരുന്ന അൽഗോങ്കിയൻ സംസാരിക്കുന്ന തദ്ദേശീയ അമേരിക്കൻ സമൂഹങ്ങളിലൊന്ന് വിസ്കോൺസിൻ നദിയ്ക്ക് നൽകിയ പേരിൽ നിന്നാണ്. 1673 ൽ വിസ്‍കോൺസിൻ നദീതട പ്രദേശത്ത് ആദ്യമായി എത്തിയ യൂറോപ്യൻ വംശജനായ ഫ്രഞ്ച് പര്യവേക്ഷകൻ ജാക്വസ് മാർക്വെറ്റ് തന്റെ വാർത്താപത്രികയിൽ  നദിയെ മെസ്‌കൗസിംഗ് എന്ന് വിളിച്ചു. തുടർന്നുള്ള ഫ്രഞ്ച് എഴുത്തുകാർ അക്ഷരവിന്യാസം മെസ്‌കൗസിംഗിൽ നിന്ന് ഒയ്‌സ്‌കോൺസിൻ എന്നതിലേയ്ക്ക്  മാറ്റുകയും, കാലക്രമേണ ഇത് വിസ്കോൺസിൻ നദിയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും പേരായി മാറുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ വൻതോതിൽ എത്താൻ തുടങ്ങിയ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഒയിസ്‌കോൺസിൻ എന്നത് വിസ്കോൺസിൻ എന്ന അക്ഷരവിന്യാസത്തിലൂടെ ആംഗലേയമാക്കി. വിസ്കോൺസിൻ ടെറിട്ടറിയിലെ നിയമസഭ 1845-ൽ നിലവിലെ അക്ഷരവിന്യാസം ഔദ്യോഗികമാക്കി മാറ്റി

വിസ്കോൺസിൻ എന്നതിൻറെ അൽഗോൺക്വിയൻ പദവും അതിന്റെ യഥാർത്ഥ അർത്ഥവും തികച്ചും അവ്യക്തമാണ്. വ്യാഖ്യാനങ്ങൾ വ്യത്യസ്തമെങ്കിലും, നദിയെയും അതിന്റെ തീരത്തുടനീളം കാണപ്പെടുന്ന ചെങ്കല്ലിനെയുമായിരിക്കും ഇത് സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ സിദ്ധാന്തപ്രകാരം വിസ്കോൺസിൻ ഡെൽസിന്റെ ചുവന്ന മണൽക്കല്ലിലൂടെ ഒഴുകുന്ന വിസ്കോൺസിൻ നദിയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്ന "അത് ചുവന്നു കിടക്കുന്നു" എന്നർഥമുള്ള മെസ്കോൺസിംഗ് എന്ന മയാമി വാക്കിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചതെന്നാണ്. "ചുവന്ന കല്ലുള്ള സ്ഥലം", "വെള്ളം ശേഖരിക്കപ്പെടുന്ന സ്ഥലം" അല്ലെങ്കിൽ "വലിയ പാറ" എന്നിങ്ങനെ അർത്ഥമുള്ള ഒജിബ്വ പദങ്ങളിൽ ഒന്നിൽ നിന്നാവാം ഈ പേര് ഉത്ഭവിച്ചതെന്ന അവകാശവാദങ്ങളും മറ്റ് സിദ്ധാന്തങ്ങളിൽ ഉൾപ്പെടുന്നു.

ചരിത്രം

തിരുത്തുക

പ്രാചീന ചരിത്രം

തിരുത്തുക
 
1718-ലെ വിസ്കോൺസിൻ, Guillaume de L'Isle ഭൂപടത്തിൽ ഏകദേശ സംസ്ഥാന പ്രദേശം ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

കഴിഞ്ഞ 14,000 വർഷങ്ങളായി വിസ്കോൺസിൻ ഭൂപ്രദേശം വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ ആസ്ഥാനമായിരുന്നു. ബിസി 10,000-ൽ വിസ്കോൺസിൻ ഗ്ലേസിയേഷൻ കാലത്താണ് ഇവിടെ ആദ്യകാല സമൂഹങ്ങൾ എത്തിച്ചേർന്നത്. തെക്കുപടിഞ്ഞാറൻ വിസ്കോൺസിനിൽ കുന്തമുനകൾ തറച്ച നിലയിലുള്ള ഒരു ചരിത്രാതീത മാസ്റ്റോഡോൺ അസ്ഥികൂടം കണ്ടെത്തിയതിലൂടെ പാലിയോ-ഇന്ത്യൻ എന്ന് വിളിക്കപ്പെടുന്ന ഈ ആദ്യകാല നിവാസികൾ ഇപ്പോൾ വംശനാശം സംഭവിച്ച ഹിമയുഗത്തിലെ ബോവാസ് മാസ്റ്റോഡൺ പോലുള്ള മൃഗങ്ങളെ വേട്ടയാടിയിരുന്നുവെന്ന് വെളിവാകുന്നു. ബിസി 8000-നടുത്ത് ഹിമയുഗം അവസാനിച്ചതിനുശേഷം, തുടർന്നുള്ള പുരാതന കാലഘട്ടത്തിലെ ആളുകൾ വേട്ടയാടിയും മത്സ്യബന്ധനത്തിലൂടെയും കാട്ടുചെടികളിൽ നിന്ന് ഭക്ഷണം ശേഖരിച്ചും ഉപജീവനം കഴിച്ചിരുന്നു. 1000 BCE മുതൽ 1000 CE വരെയുള്ള വുഡ്‌ലാൻഡ് കാലഘട്ടത്തിൽ കാർഷിക സമൂഹങ്ങൾ ക്രമേണ ഉയർന്നുവന്നു. ഈ കാലഘട്ടത്തിന്റെ അവസാനത്തിൽ, ഈ ഭൂപ്രദേശത്തുടനീളം ആയിരക്കണക്കിന് മൃഗങ്ങളുടെ ആകൃതിയിലുള്ള മൺകൂനകൾ‌  നിർമ്മിച്ച "എഫിജി മൗണ്ട് സംസ്കാരത്തിന്റെ" ഹൃദയഭൂമിയായിരുന്നു വിസ്കോൺസിൻ. പിന്നീട്, 1000 നും 1500 CE നും ഇടയിലുള്ള കാലഘട്ടത്തിൽ, മിസിസിപ്പിയൻ, ഒനോട്ട സംസ്കാരങ്ങൾ തെക്കുകിഴക്കൻ വിസ്കോൺസിനിലെ അസ്തലാനിലെ കോട്ടകെട്ടിയ ഗ്രാമം ഉൾപ്പെടെയുള്ള പ്രദേശത്ത് ഗണ്യമായ വാസസ്ഥലങ്ങൾ നിർമ്മിച്ചു. യൂറോപ്യൻ സമ്പർക്ക സമയത്ത് മെനോമിനിയുമായി വിസ്കോൺസിൻ ഭൂപ്രദേശം പങ്കിട്ടിരുന്ന ആധുനിക അയവേ, ഹോ-ചങ്ക് രാഷ്ട്രങ്ങളുടെ പൂർവ്വികർ ഒനോട്ടകളായിരിക്കാം. 1500-നും 1700-നും ഇടയിൽ കിഴക്ക് നിന്ന് വിസ്കോൺസിനിലേക്ക് കുടിയേറിയ ഒജിബ്വ, സൗക്ക്, ഫോക്സ്, കിക്കാപൂ, പൊട്ടവാട്ടോമി എന്നിവരും യൂറോപ്യന്മാർ ആദ്യമായി സ്ഥിരതാമസമാക്കിയകാലത്ത് വിസ്കോൺസിനിൽ അധിവസിച്ചിരുന്ന മറ്റ് തദ്ദേശീയ അമേരിന്ത്യൻ വർഗ്ഗങ്ങളായിരുന്നു.

യൂറോപ്യൻ വാസസ്ഥലങ്ങൾ

 
1910-ലെ ഫ്രാങ്ക് റോർബെക്കിന്റെ പെയിന്റിംഗിൽ ചിത്രീകരിച്ചിരിക്കുന്ന ജീൻ നിക്കോലെറ്റ്, വിസ്കോൺസിൻ പര്യവേക്ഷണം ചെയ്ത ആദ്യ യൂറോപ്യൻ വംശജൻ ആയിരുന്നു. ഗ്രീൻ ബേയിലെ ബ്രൗൺ കൗണ്ടി കോർട്ട്ഹൌസിലാണ് ഈ ചുവർചിത്രം സ്ഥിതി ചെയ്യുന്നത്.

വിസ്കോൺസിൻ ആയി മാറിയ ഭൂപ്രദേശത്ത് ആദ്യ സന്ദർശനം നടത്തിയ യൂറോപ്യൻ വംശജൻ, ഒരുപക്ഷേ ഫ്രഞ്ച് പര്യവേക്ഷകനായിരുന്ന ജീൻ നിക്കോലെറ്റ് ആയിരിക്കാവുന്നതാണ്. 1634-ൽ ജോർജിയൻ ബേയിൽ നിന്ന് മഹാതടാകങ്ങളിലൂടെ അദ്ദേഹം പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് വഞ്ചി  തുഴയുകയും, റെഡ് ബാങ്കിലെ ഗ്രീൻ ബേ പട്ടണത്തിന് സമീപം കരയിലിറങ്ങിയതായുമാണ് പരമ്പരാഗതമായി അനുമാനിക്കപ്പെടുന്നത്. 1654-1666-ൽ ഗ്രീൻ ബേയും 1659-1660-ൽ ചെക്വാമെഗൺ ബേയും സന്ദർശിച്ച പിയറി റാഡിസണും മെഡാർഡ് ഡെസ് ഗ്രോസിലിയേഴ്‌സും, അവിടെ പ്രാദേശിക അമേരിക്കൻ ഇന്ത്യക്കാരുമായി രോമവ്യാപാരം നടത്തി. 1673-ൽ ജാക്വസ് മാർക്വെറ്റും ലൂയിസ് ജോലിയറ്റും ഫോക്സ്-വിസ്കോൺസിൻ ജലപാതയിലൂടെ പ്രയറി ഡു ചിയെന് സമീപം മിസിസിപ്പി നദിയിലേക്കുള്ള ഒരു യാത്ര ആദ്യമായി രേഖപ്പെടുത്തി. നിക്കോളാസ് പെറോട്ടിനെപ്പോലുള്ള ഫ്രഞ്ചുകാർ 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ വിസ്കോൺസിനിലുടനീളം രോമവ്യാപാരം തുടർന്നു, എന്നാൽ 1763-ലെ ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തെത്തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം നേടുന്നതിന് മുമ്പുള്ള കാലത്ത് ഫ്രഞ്ചുകാർ വിസ്കോൺസിനിലെ സ്ഥിരതാമസമാക്കാരായിരുന്നില്ല. യുദ്ധാനന്തരം ഈ മേഖലയിൽ ജോലി തുടർന്നവന്ന ഫ്രഞ്ച് വ്യാപാരികളിൽ, ചാൾസ് ഡി ലാംഗ്ലേഡിനേപ്പോലുള്ള ചിലർ, 1764-ൽ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള കാനഡയിലേക്ക് മടങ്ങുന്നതിനുപകരം വിസ്കോൺസിനിൽ സ്ഥിര താമസമാക്കി.

 
French-Canadian voyageur Joseph Roi built the Tank Cottage in Green Bay in 1776. Located in Heritage Hill State Historical Park, it is the oldest standing building from Wisconsin's early years and is listed on the National Register of Historic Places.[2]


ഫ്രഞ്ച്-ഇന്ത്യൻ യുദ്ധസമയത്ത് ബ്രിട്ടീഷുകാർ ക്രമേണ വിസ്കോൺസിൻ പിടിച്ചെടുക്കുകയും 1761-ൽ ഗ്രീൻ ബേയുടെ നിയന്ത്രണം ഏറ്റെടുത്ത അവർ 1763-ൽ വിസ്കോൺസിൻ സമ്പൂർണ്ണമായി നിയന്ത്രിക്കുകയും ചെയ്തു. രണ്ട് സ്വതന്ത്ര ആഫ്രിക്കൻ അമേരിക്കക്കാർ ഇന്നത്തെ മാരിനെറ്റിൽ മെനോമിനികൾക്കിടയിൽ ഒരു രോമവ്യാപാര ബന്ധം സ്ഥാപിച്ചത് വിസ്കോൺസിനിലെ രോമവ്യാപാരരംഗത്ത് 1791-ൽ നടന്ന ഒരു ശ്രദ്ധേയമായ സംഭവമായിരുന്നു. വിസ്കോൺസിൻ ബ്രിട്ടീഷ് നിയന്ത്രണത്തിലായിരിക്കെ അവിടെ എത്തിയ ആദ്യത്തെ സ്ഥിരതാമസക്കാരിൽ, ഭൂരിഭാഗവും ഫ്രഞ്ച് കാനഡക്കാരും, ചില ആംഗ്ലോ-ന്യൂ ഇംഗ്ലണ്ടുകാരും, ഏതാനും ആഫ്രിക്കൻ അമേരിക്കൻ സ്വതന്ത്രരും ആയിരുന്നു. 1745-ൽ ഗ്രീൻ ബേയിൽ ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുകയും 1764-ൽ അവിടെ സ്ഥിരമായി താമസം മാറുകയും ചെയ്‌ത ചാൾസ് ഡി ലാംഗ്ലേഡ് ഇവിടുത്തെ ആദ്യത്തെ കുടിയേറ്റക്കാരനായി പൊതുവെ അംഗീകരിക്കപ്പെടുന്നു. ഏകദേശം 1781-ഓടെ പ്രയറി ഡു ചിയനിൽ ഒരു കുടിയേറ്റകേന്ദ്രം ആരംഭിച്ചു. ഇന്നത്തെ ഗ്രീൻ ബേയുടെ സ്ഥാനത്തുണ്ടായിരുന്ന വ്യാപാരകേന്ദ്രത്തിലെ പട്ടണത്തെ ഫ്രഞ്ച് നിവാസികൾ "ലാ ബേയെ" എന്ന് വിളിച്ചിരുന്നു. എന്നിരുന്നാലും, വസന്തത്തിന്റെ തുടക്കത്തിൽ വെള്ളവും തീരവും ഹരിത  നിറമുള്ളതായി കാണപ്പെട്ടതിനാൽ ബ്രിട്ടീഷ് രോമ വ്യാപാരികൾ ഇതിനെ "ഗ്രീൻ ബേ" എന്നാണ് വിശേഷിപ്പിച്ചത്. പഴയ ഫ്രഞ്ച് ശീർഷകം ക്രമേണ ഉപേക്ഷിക്കപ്പെടുകയു, "ഗ്രീൻ ബേ" എന്ന ബ്രിട്ടീഷ് നാമം ഒടുവിൽ സ്ഥിരമാകുകയും ചെയ്തു. ബ്രിട്ടീഷുകാർക്ക് ഫ്രഞ്ച് രോമക്കച്ചവടക്കാരുടെ സഹകരണവും ഫ്രഞ്ച് രോമക്കച്ചവടക്കാർക്ക് ബ്രിട്ടീഷുകാരുടെ സൗമനസ്യവും ആവശ്യമായിരുന്നതിനാൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ വരുന്ന ഈ പ്രദേശത്തെ താമസക്കാരായിരുന്ന ഫ്രഞ്ച് നിവാസികളെ ഫലത്തിൽ പ്രതികൂലമായി ബാധിച്ചില്ല. ഫ്രഞ്ച് അധിനിവേശ കാലത്ത്, രോമവ്യാപാരത്തിനുള്ള ലൈസൻസുകൾ വിരളമായും തിരഞ്ഞെടുത്ത വ്യാപാരികൾക്കും മാത്രമായി നൽകിയിരുന്നപ്പോൾ നേരേമറിച്ച് ബ്രിട്ടീഷുകാർ, പ്രദേശത്ത് നിന്ന് കഴിയുന്നത്ര പണം സമ്പാദിക്കാനുള്ള ഉദ്യമത്തിൽ, ബ്രിട്ടീഷുകാരെന്നോ ഫ്രഞ്ച് നിവാസികളെന്നോ വേർതിരിവില്ലാതെ രോമ വ്യാപാരത്തിന് സ്വതന്ത്രമായി ലൈസൻസ് അനുവദിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇപ്പോൾ വിസ്കോൺസിനായി അറിയപ്പെടുന്ന പ്രദേശത്തെ രോമക്കച്ചവടം അതിന്റെ പാരമ്യത്തിലെത്തുകയും സംസ്ഥാനത്തെ ആദ്യത്തെ സ്വയംപര്യാപ്തമായ ഫാമുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. 1763 മുതൽ 1780 വരെ, ഗ്രീൻ ബേ സ്വന്തമായി ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും മനോഹരമായ കോട്ടേജുകൾ നിർമ്മിക്കുകയും നൃത്തങ്ങളും ആഘോഷങ്ങളും നടത്തുകയും ചെയ്തിരുന്ന ഒരു സമ്പന്ന സമൂഹമായിരുന്നു.

യു.എസ് പ്രദേശം

തിരുത്തുക

അമേരിക്കൻ വിപ്ലവ യുദ്ധത്തിനുശേഷം 1783-ൽ വിസ്കോൺസിൻ ഒരു അമേരിക്കൻ പ്രദേശമായി മാറി. 1787-ൽ ഇത് വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്റെ ഭാഗമായി മാറി. പ്രദേശിക അതിരുകൾ പിന്നീട് വികസിപ്പിച്ചപ്പോൾ, അത് പിന്നീട് 1800 മുതൽ 1809 വരെ ഇന്ത്യാന ടെറിട്ടറിയുടെയും 1809 മുതൽ 1818 വരെ ഇല്ലിനോയി ടെറിട്ടറിയുടെയും 1818 മുതൽ 1836 വരെ മിഷിഗൺ ടെറിട്ടറിയുടെയും ഭാഗമായിരുന്നു. എന്നിരുന്നാലും, 1812 ലെ യുദ്ധം വരെ ഇത് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ തുടരുകയും യുദ്ധത്തിൻറെ അനന്തരഫലമായി ഒടുവിൽ പ്രദേശത്ത് ഒരു അമേരിക്കൻ സാന്നിധ്യം സ്ഥാപിക്കപ്പെടുകയും ചെയ്തു. അമേരിക്കൻ നിയന്ത്രണത്തിൽ, പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ രോമ വ്യാപാരത്തിൽ നിന്ന് ലെഡ് ഖനനത്തിലേക്ക് മാറി. മിനറൽ പോയിന്റ്, ഡോഡ്ജ്‌വില്ലെ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സുലഭമായ ലെഡ് നിക്ഷേപങ്ങൾ അമേരിക്കൻ ഐക്യനാടുകളിലുടനീളവും യൂറോപ്പിൽനിന്നുമുള്ള കുടിയേറ്റക്കാരെ ആകർഷിച്ചു. ഖനിത്തൊഴിലാളികളിൽ ചിലർ അവർ കുഴിച്ച കുഴികളിൽ അഭയം കണ്ടെത്തുകയും "ബാഡ്ജറുകൾ" എന്ന വിളിപ്പേര് സമ്പാദിക്കുകയും  ചെയ്തു, ഇത് വിസ്കോൺസിൻ "ബാഡ്ജർ സ്റ്റേറ്റ്" എന്ന സവിശേഷ നാമത്തിൽ അറിയപ്പെടുന്നതിന് കാരണമായി. വെള്ളക്കാരായ ഖനിത്തൊഴിലാളികളുടെ പെട്ടെന്നുള്ള കടന്നുകയറ്റം തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയുമായി സംഘർഷത്തിന്  കാരണമായി. 1827-ലെ വിന്നെബാഗോ യുദ്ധവും 1832-ലെ ബ്ലാക്ക് ഹോക്ക് യുദ്ധവും സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും തദ്ദേശീയ അമേരിക്കക്കാരെ നിർബന്ധിത നീക്കം ചെയ്യുന്നതിൽ കലാശിച്ചു. ഈ സംഘട്ടനങ്ങളെത്തുടർന്ന്, 1836 ഏപ്രിൽ 20-ന് യു.എസ്. കോൺഗ്രസിന്റെ നിയമപ്രകാരം വിസ്കോൺസിൻ ടെറിട്ടറി സൃഷ്ടിക്കപ്പെട്ടു. ആ വർഷത്തിന്റെ അവസാനത്തോടെ, ഇന്നത്തെ മിൽവാക്കിക്ക് ചുറ്റുമുള്ള കൗണ്ടികളിലെ ഏറ്റവും മികച്ച പുൽമേടുകൾ ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ കൈവശപ്പെടുത്തി.

സംസ്ഥാനപദവി

തിരുത്തുക

ഈറി കനാലിൻറെ നിർമ്മാണം യാങ്കി കുടിയേറ്റക്കാർക്കും യൂറോപ്യൻ കുടിയേറ്റക്കാർക്കും വിസ്കോൺസിൻ ഭൂപ്രദേശത്തേക്കുള്ള യാത്ര എളുപ്പമാക്കി. നിയമവ്യവസ്ഥ, രാഷ്ട്രീയം എന്നിവയിൽ ആധിപത്യം പുലർത്തിയ ന്യൂ ഇംഗ്ലണ്ടിൽ നിന്നും ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിൽ നിന്നുമുള്ള യാങ്കികൾ, ഈ പ്രദേശത്തെ തദ്ദേശീയ അമേരിന്ത്യൻ, ഫ്രഞ്ച്-കനേഡിയൻ നിവാസികളെ പാർശ്വവൽക്കരിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് പ്രദേശത്ത് നടപ്പിലാക്കിയത്. റിയൽ എസ്റ്റേറ്റ് മേഖലയിലും ഊഹക്കച്ചവടം നടത്തിയ യാങ്കികൾ റേസിൻ, ബെലോയിറ്റ്, ബർലിംഗ്ടൺ, ജാനസ്‌വില്ലെ തുടങ്ങിയ പട്ടണങ്ങളിൽ വിദ്യാലയങ്ങൾ, പൗര സ്ഥാപനങ്ങൾ, കോൺഗ്രിഗേഷനലിസ്റ്റ് പള്ളികൾ എന്നിവ സ്ഥാപിച്ചു. അതേ സമയംതന്നെ, നിരവധി ജർമ്മൻ, ഐറിഷ്, നോർവീജിയൻ തുടങ്ങി മറ്റ് കുടിയേറ്റക്കാരും പ്രദേശത്തുടനീളമുള്ള പട്ടണങ്ങളിലും കൃഷിയിടങ്ങളിലും താമസമാക്കിക്കൊണ്ട്, കത്തോലിക്കാ, ലൂഥറൻ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിച്ചു.

ഈ മേഖലയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ വിസ്കോൺസിനെ 1848 മെയ് 29-ന് അമേരിക്കൻ ഐക്യനാടുകളിലെ 30-ാമത്തെ സംസ്ഥാനമെന്ന പദവി നേടാൻ അനുവദിച്ചു. 1840 നും 1850 നും ഇടയിൽ, വിസ്കോൺസിനിലെ തദ്ദേശീയ ഇന്ത്യക്കാരല്ലാത്തവരുടെ ജനസംഖ്യ 31,000 ൽ നിന്ന് 305,000 ആയി വർദ്ധിച്ചു. 38,000 ജർമ്മൻകാർ, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള 28,000 ബ്രിട്ടീഷ് കുടിയേറ്റക്കാർ, 21,000 ഐറിഷ് എന്നിവരുൾപ്പെടെ അക്കാലത്ത് ഈ പ്രദേശത്തെ മൂന്നിലൊന്ന് താമസക്കാരും (110,500) വിദേശികളായിരുന്നു. മറ്റൊരു മൂന്നിലൊന്ന് (103,000) ന്യൂ ഇംഗ്ലണ്ടിൽ നിന്നും പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്തു നിന്നുമുള്ള യാങ്കികളായിരുന്നു. 1850-ൽ 63,000 നിവാസികൾ മാത്രമാണ് വിസ്കോൺസിനിൽ ജനിച്ചവരായി ഉണ്ടായിരുന്നത്.

വിസ്കോൺസിലെ ആദ്യ ഗവർണറായിരുന്ന നെൽസൺ ഡ്യൂയി ഒരു ഡെമോക്രാറ്റായിരുന്നു. ടെറിട്ടോറിയലിൽ പദവിയിൽ നിന്ന് പുതിയ സംസ്ഥാന സർക്കാരിലേക്കുള്ള മാറ്റത്തിന് നെൽസൺ ഡ്യൂയി മേൽനോട്ടം വഹിച്ചു. പുതിയ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, പ്രത്യേകിച്ച് പുതിയ റോഡുകൾ, റെയിൽപ്പാതകൾ, കനാലുകൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണം, ഫോക്സ്, വിസ്കോൺസിൻ നദികളുടെ വികസനം എന്നിവയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്റ്റേറ്റ് ബോർഡ് ഓഫ് പബ്ലിക് വർക്ക്സ് സംഘടിപ്പിക്കപ്പെട്ടു. ഒരു അടിമത്ത വിരുദ്ധ വാദിയായിരുന്ന ഡ്യൂയി, പുതിയ യു.എസ്. സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അടിമത്തം വ്യാപിക്കുന്നതിനെതിരെ വാദിച്ച പല വിസ്കോൺസിൻ ഗവർണർമാരിൽ ആദ്യത്തെയാളായിരുന്നു.

ആഭ്യന്തരയുദ്ധം

തിരുത്തുക

ആദ്യകാല വിസ്കോൺസിനിലെ രാഷ്ട്രീയം നിർവചിക്കപ്പെട്ടത് അടിമത്തത്തെക്കുറിച്ചുള്ള വലിയ ദേശീയ സംവാദത്തിലൂടെയായിരുന്നു. ഒരു സ്വതന്ത്ര സംസ്ഥാനമെന്ന നിലയിൽ സ്ഥാപിക്കപ്പെട്ട വിസ്കോൺസിൻ വടക്കൻ അടിമത്ത വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. 1854-ൽ മിസോറിയിൽ നിന്ന് ഒളിച്ചോടിയ അടിമയായ ജോഷ്വ ഗ്ലോവർ റേസിനിൽവച്ച് പിടിക്കപ്പെട്ടതിനെത്തുടർന്ന് സംവാദം തീവ്രമായി. ഫെഡറൽ ഫ്യുജിറ്റീവ് സ്ലേവ് നിയമപ്രകാരം ഗ്ലോവർ കസ്റ്റഡിയിലെടുക്കപ്പെട്ടുവെങ്കിലും ഒരു കൂട്ടം അടിമത്ത വിരുദ്ധ പ്രവർത്തകർ ഗ്ലോവറിനെ തടവിലാക്കിയ ജയിലിലേയ്ക്ക് ഇരച്ചുകയറുകയും കാനഡയിലേക്ക് രക്ഷപ്പെടാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. സംഭവത്തിൽ നിന്ന് ഉടലെടുത്ത ഒരു വിചാരണയിൽ, വിസ്കോൺസിൻ സുപ്രീം കോടതി ആത്യന്തികമായി ഫ്യുജിറ്റീവ് സ്ലേവ് നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. 1854 മാർച്ച് 20-ന് വിസ്കോൺസിനിലെ റിപ്പണിൽ അടിമത്ത വിരുദ്ധ പ്രവർത്തകർ സ്ഥാപിച്ച റിപ്പബ്ലിക്കൻ പാർട്ടി, ഈ സംഭവങ്ങൾക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാൻതക്കവണ്ണം വളർന്നു. ആഭ്യന്തരയുദ്ധസമയത്ത്, വിസ്കോൺസിനിൽ നിന്നുള്ള 91,000 സൈനികർ യൂണിയനുവേണ്ടി പോരാടി.

സാമ്പത്തിക പുരോഗതി

തിരുത്തുക

സംസ്ഥാന രൂപീകരണത്തിന്റെ ആദ്യ വർഷങ്ങളിൽ വിസ്കോൺസിനിലെ സമ്പദ്‌വ്യവസ്ഥ തികച്ചും വൈവിധ്യപൂർണ്ണമായിരുന്നു. ഈയ ഖനനം കുറഞ്ഞതോടെ, സംസ്ഥാനത്തിന്റെ തെക്കൻ പകുതിയിൽ കാർഷിക വ്യവസ്ഥ ഉടലെടുത്തു. ധാന്യങ്ങൾ വിപണിയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിന് സംസ്ഥാനത്തുടനീളം റെയിൽപ്പാതകൾ നിർമ്മിക്കപ്പെടുകയും, കൂടാതെ കാർഷികോപകരണങ്ങളുടെ നിർമ്മിതിക്കായി റേസിനിൽ ജെ.ഐ. കേയ്സ് & കമ്പനി സ്ഥാപിക്കപ്പെടുകയും ചെയ്തു. 1860-കളിൽ വിസ്കോൺസിൻ രാജ്യത്തെ മുൻനിര ഗോതമ്പ് ഉത്പാദകരിൽ ഒരാളായി മാറി.[3] അതേസമയം, തടി വ്യവസായം ആധിപത്യം പുലർത്തിയ വിസ്കോൺസിനിലെ നിബിഢ വനങ്ങളുള്ള വടക്കൻ ഭാഗങ്ങളിലെ ലാ ക്രോസ്, ഇൗ ക്ലെയർ, വോസൗ തുടങ്ങിയ നഗരങ്ങളിൽ ഇർച്ചമില്ലുകൾ ഉയർന്നുവന്നു. ഈ സാമ്പത്തിക പ്രവർത്തനങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിത്.[4] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, തീവ്രമായ കൃഷി മണ്ണിന്റെ ഫലഭൂയിഷ്ഠത നശിപ്പിച്ചതോടൊപ്പം മരം മുറിക്കൽ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വനങ്ങളേയും നശിപ്പിച്ചു. ഈ സാഹചര്യങ്ങൾ ഗോതമ്പ് കൃഷിയെയും തടി വ്യവസായത്തെയും കുത്തനെയുള്ള തകർച്ചയിലേക്ക് നയിച്ചു.

1890-കളുടെ തുടക്കത്തിൽ വിസ്കോൺസിനിലെ കർഷകർ തങ്ങളുടെ ഭൂമി കൂടുതൽ സുസ്ഥിരവും ലാഭകരവുമായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഗോതമ്പിൽ നിന്ന് ക്ഷീരോത്പാദനത്തിലേക്ക് മാറി. വിസ്കോൺസിൻ സർവകലാശാലയിലെ സ്റ്റീഫൻ ബാബ്‌കോക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ അനുയോജ്യമായ ഭൂമിശാസ്ത്രവും പാലുൽപ്പന്ന ഗവേഷണവും സംയോജിപ്പിച്ചതോടൊപ്പം, ചീസ് നിർമ്മാണ പാരമ്പര്യങ്ങൾ വഹിച്ചിരുന്ന പല കുടിയേറ്റക്കാരുമായിച്ചേർന്ന് "അമേരിക്കയുടെ ഡയറിലാൻഡ്" എന്ന ഖ്യാതി നേടുന്നതിന് സംസ്ഥാനത്തെ സഹായിച്ചു.[5] അതേസമയം, സംസ്ഥാനത്തെ വനങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിച്ച ആൽഡോ ലിയോപോൾഡ് ഉൾപ്പെടെയുള്ള വനസംരക്ഷകർ[6] 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൂടുതൽ പുനരുൽപ്പാദന സാധ്യതയുള്ള തടി, പേപ്പർ മില്ലിംഗ് വ്യവസായത്തിനും അതുപോലെ വടക്കൻ വനപ്രദേശങ്ങളിലെ വിനോദ വിനോദസഞ്ചാര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കി. യൂറോപ്പിൽ നിന്ന് എത്തിച്ചേരുന്ന ഒരു വലിയ വിഭാഗം കുടിയേറ്റ തൊഴിലാളികളുടെ പ്രവർത്തനങ്ങളാൽ 20-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ വിസ്കോൺസിനിലെ നിർമ്മാണരംഗവും കുതിച്ചുയർന്നു. മിൽവാക്കി പോലെയുള്ള നഗരങ്ങളിലെ മദ്യനിർമ്മാണം, ഭക്ഷ്യ സംസ്കരണം തുടങ്ങി ഹെവി മെഷീൻ ഉൽപ്പാദനം, ടൂൾ നിർമ്മാണം പോലെയുള്ള വ്യവസായങ്ങൾ 1910-ഓടെ മൊത്തം ഉൽപന്ന മൂല്യത്തിൽ യു.എസ്. സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്തേക്ക് വിസ്കോൺസിൻ എത്തുന്നതിലേയ്ക്ക് നയിച്ചു.[7]

ഭൂമിശാസ്ത്രം

തിരുത്തുക

വിസ്കോൺസിൻറെ അതിരുകൾ വടക്ക് മോൺട്രിയൽ നദി, സുപ്പീരിയർ തടാകം, മിഷിഗൺ സംസ്ഥാനം എന്നിവയും; കിഴക്ക് മിഷിഗൺ തടാകം; തെക്ക് ഇല്ലിനോയി; തെക്കുപടിഞ്ഞാറ് ഐയവ, വടക്കുപടിഞ്ഞാറ് മിനസോട്ട എന്നിവയാണ്. മിഷിഗണുമായുള്ള അതിർത്തി തർക്കം 1934ലും 1935ലും രണ്ട് കേസുകളിലൂടെ പരിഹരിച്ചു. സംസ്ഥാനത്തിന്റെ മറ്റ് അതിർത്തികളിൽ പടിഞ്ഞാറ് മിസിസിപ്പി നദിയും സെന്റ് ക്രോയിക്സ് നദിയും വടക്കുകിഴക്ക് മെനോമിനി നദിയും ഉൾപ്പെടുന്നു.

മഹാ  തടാകങ്ങൾക്കും മിസിസിപ്പി നദിക്കും മദ്ധ്യേ സ്ഥിതി ചെയ്യുന്ന വിസ്കോൺസിൻ സംസ്ഥാനം വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള ഒരു പ്രദേശമാണ്. സംസ്ഥാനം അഞ്ച് വ്യത്യസ്ത മേഖലകളായി തിരിച്ചിരിക്കുന്നു. വടക്ക്, ലേക്ക് സുപ്പീരിയർ ലോലാൻഡ് മേഖല, സുപ്പീരിയർ തടാകത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശം ഉൾക്കൊള്ളുന്നു. തൊട്ടുതെക്കുള്ള, വടക്കൻ ഹൈലാൻഡ് പ്രദേശത്ത് 1,500,000 ഏക്കർ (6,100 ചതുരശ്ര കിലോമീറ്റർ) ചെക്വാമെഗോൺ-നിക്കോലെറ്റ് ദേശീയവനം, ആയിരക്കണക്കിന് ഹിമ തടാകങ്ങൾ, സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ടിംസ് ഹിൽ എന്നിവയുൾപ്പെടെ വൻതോതിലുള്ള മിശ്രിത ഹാർഡ് വുഡ്, കോണിഫറസ് വനങ്ങളും ഉണ്ട്. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത്, മധ്യ സമതലത്തിൽ സമ്പന്നമായ കൃഷിയിടങ്ങൾ കൂടാതെ വിസ്കോൺസിൻ ഡെൽസ് പോലുള്ള ചില സവിശേഷമായ മണൽക്കല്ലുകൾ ഉണ്ട്. തെക്കുകിഴക്ക് ഭാഗത്തുള്ള ഈസ്റ്റേൺ റിഡ്ജസ് ആൻഡ് ലോലാൻഡ്സ് മേഖല വിസ്കോൺസിനിലെ പല വലിയ നഗരങ്ങളുടെയും ആസ്ഥാനമാണ്. ന്യൂയോർക്കിൽ നിന്ന് നീണ്ടുകിടക്കുന്ന നയാഗ്ര എസ്‌കാർപ്‌മെന്റ്, ബ്ലാക്ക് റിവർ എസ്‌കാർപ്‌മെന്റ്, മഗ്നീഷ്യൻ എസ്‌കാർപ്‌മെന്റ് എന്നീ കിഴുക്കാംതൂക്കായ മലഞ്ചെരുവുകൾ ഇതിൽ ഉൾപ്പെടുന്നു.

തെക്കുപടിഞ്ഞാറൻ ഭാഗത്തെ വെസ്റ്റേൺ അപ്‌ലാൻഡ്, മിസിസിപ്പി നദിയിലെ നിരവധി ബ്ലഫുകൾ ഉൾപ്പെടെ, വനവും കൃഷിഭൂമിയും ഇടകലർന്ന ഒരു പരുക്കൻ ഭൂപ്രകൃതിയാണ്. ഡ്രിഫ്റ്റ്‌ലെസ് ഏരിയയുടെ ഭാഗമായി ഈ പ്രദേശത്തിൽ അയവ, ഇല്ലിനോയി, മിനസോട്ട എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെടുന്നു. ഏറ്റവും പുതിയ ഹിമയുഗമായിരുന്ന വിസ്കോൺസിൻ ഗ്ലേസിയേഷൻ കാലത്ത് ഈ പ്രദേശം ഹിമാനികളാൽ മൂടിയിരുന്നില്ല. മൊത്തത്തിൽ, വിസ്കോൺസിൻ ഭൂപ്രദേശത്തിന്റെ 46 ശതമാനം ഭാഗം വനനിരകളാൽ മൂടപ്പെട്ടിരിക്കുന്നു. ലാംഗ്ലേഡ് കൗണ്ടിയിൽ ആന്റിഗോ സിൽറ്റ് ലോം എന്നറിയപ്പെടുന്ന ഒരുതരം മണ്ണ് കൗണ്ടിക്ക് പുറത്ത് അപൂർവ്വമായി മാത്രം കാണപ്പെടുന്നു. ജർമ്മനിയിലെ ഹെസ്സെ, ജപ്പാനിലെ ചിബ പ്രിഫെക്ചർ, മെക്സിക്കോയിലെ ജാലിസ്കോ, ചൈനയിലെ ഹീലോംഗ്ജിയാങ്, നിക്കരാഗ്വ എന്നിവയുമായി വിസ്കോൺസിൻ സഹോദര-സംസ്ഥാന ബന്ധങ്ങളുണ്ട്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1848 മേയ് 29ന് പ്രവേശനം നൽകി (30ആം)
പിൻഗാമി
  1. 1.0 1.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. Archived from the original on 2008-06-01. Retrieved 2006-11-09.
  2. Anderson, D. N. (March 23, 1970). "Tank Cottage". NRHP Inventory-Nomination Form. National Park Service. Retrieved March 21, 2020.
  3. Nesbit (1973). Wisconsin: a history. p. 273. ISBN 978-0-299-06370-2.
  4. Nesbit (1973). Wisconsin: a history. pp. 281, 309. ISBN 978-0-299-06370-2.
  5. Buenker, John (1998). Thompson, William Fletcher (ed.). The Progressive Era, 1893–1914. History of Wisconsin. Vol. 4. Madison, WI: State Historical Society of Wisconsin. pp. 25, 40–41, 62. ISBN 978-0-87020-303-9.
  6. "Turning Points in Wisconsin History: The Modern Environmental Movement". Wisconsin Historical Society. Archived from the original on December 4, 2010. Retrieved March 13, 2010.
  7. Buenker, John (1998). Thompson, William Fletcher (ed.). The Progressive Era, 1893–1914. History of Wisconsin. Vol. 4. Madison, WI: State Historical Society of Wisconsin. pp. 80–81. ISBN 978-0-87020-303-9.
"https://ml.wiki.x.io/w/index.php?title=വിസ്കോൺസിൻ&oldid=3791775" എന്ന താളിൽനിന്ന് ശേഖരിച്ചത്