മാനന്തവാടി

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തുമാണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. ജൈനമതം ശക്തിയാർജ്ജിച്ചിരുന്ന കാലത്ത് അതിൻ്റെ സാംസ്കാരികാടയാളങ്ങളോടുകൂടിയ സ്ഥലനാമങ്ങൾ പ്രത്യേകിച്ച് തിരുനെല്ലി, മാനന്തവാടി, പനമരം, ബത്തേരി എന്നീ പ്രദേശങ്ങളിലെ ഓരോ പ്രദേശത്തിനും ലഭിച്ചിട്ടുണ്ട്. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്. അദ്ദേഹത്തെ തളയ്ക്കാൻ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി. പട്ടാളബാരക്കുകളും അവയുടെ അനുബന്ധസ്ഥാപനങ്ങളായ കാന്റീൻ, ക്ളബ്ബ് എന്നിവയുടെ ശേഷിപ്പുകളും ഇപ്പോഴുമുണ്ട്. ഇവർക്കുവേണ്ടി പ്രത്യേകം ഏർപ്പെടുത്തിയ സെമിത്തേരിയാണ് ഗോരിമൂലയിലുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ വയനാട്, മലബാർ ജില്ലയിലെ താലൂക്കുകളിലൊന്നായിരുന്നപ്പോൾ മാനന്തവാടി ആയിരുന്നു താലൂക്ക് ആസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 2570 അടി ഉയരത്തിൽ ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കുന്നുകളും താഴ്വരകളും വയലേലകളും ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് മാനന്തവാടി നഗരസഭ. പേര്യയിൽ നിന്ന് ആരംഭിക്കുന്ന മാനന്തവാടി പുഴ പഞ്ചായത്തിൻ്റെ തെക്കുകിഴക്കേ അതിരുകളിലൂടെ ഒഴുകി കൂടൽകടവിൽ വെച്ച് കബനിയിൽ ലയിക്കുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങൾ അന്നത്തെ പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ. പിന്നീടാണ് കൂട്ടിച്ചേർക്കലുകൾ നടത്തിയത്. 2015 ജനുവരി 14-ന് മാനന്തവാടിയെ നഗരസഭയാക്കി ഉയർത്തി. ആ വർഷം നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

മാനന്തവാടി
നഗരം
മാനന്തവാടിയിലെ പഴശ്ശിരാജ കുടീരം
മാനന്തവാടിയിലെ പഴശ്ശിരാജ കുടീരം
Country India
Stateകേരളം
Districtവയനാട്
ഭരണസമ്പ്രദായം
 • ഭരണസമിതിമാനന്തവാടി നഗരസഭ
വിസ്തീർണ്ണം
 • ആകെ80.10 ച.കി.മീ.(30.93 ച മൈ)
ഉയരം
760 മീ(2,490 അടി)
ജനസംഖ്യ
 (2011)
 • ആകെ47,974
 • ജനസാന്ദ്രത599/ച.കി.മീ.(1,550/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670645
Telephone Code04935
വാഹന റെജിസ്ട്രേഷൻKL 72
Sex ratio983 /
Literacy85.77%

പ്രാചീന ചരിത്രം

തിരുത്തുക

നവീന ശിലായുഗം മുതൽക്കുതന്നെ  സംസ്ക്കാരസമ്പന്നമായ ഒരു ജനത വയനാട്ടിലുണ്ടായിരുന്നു.ഇവിടെ കാണപ്പെടുന്ന പല ആദിവാസിവിഭാഗങ്ങളും അവരുടെ മിത്തുകളിലൂടേയും ഐതിഹ്യങ്ങളിലൂടേയും വെളിവാക്കുന്ന പ്രാക്ചരിത്രം ഇതിന് സാക്ഷ്യം വഹിക്കുന്നു. എടക്കൽ ഗുഹയിൽ കണ്ടെത്തിയ ശിലാലിഖിതമനുസരിച്ച് വയനാട്ടിൽ പ്രാചീനകാലത്ത് ഗിരിവർഗ്ഗക്കാർ തന്നയായിരുന്നു ഭരണം നടത്തിയിരുന്നതെന്ന് കാണാം. ഒരേ വംശത്തിൽപ്പെട്ട രണ്ടു കുടുംബക്കാരായ അരിപ്പാനും വേടനുമായിരുന്നു ആ വിഭാഗത്തിലെ അവസാന നാടുവാഴികൾ. പനമരം ദേശത്തിന് വടക്കോട്ടുള്ള പ്രദേശങ്ങളെല്ലാം അരിപ്പാൻ എന്ന രാജാവിൻ്റെ കീഴിലായിരുന്നു. കുമ്പള മായ്പ്പടി രാജാവിൻ്റെ ചതിയിലൂടെയാണ് ഈ രാജവംശത്തിലെ വേടൻ രാജാവ് നാമാവശേഷനായത്. പണിയർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ, കാട്ടു നായ്ക്കർ, അടിയാൻ, കുറിച്യർ എന്നിവർ നൂറ്റാണ്ടുകളായി വയനാട്ടിൻ്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്. ഇപ്പിമലയിലെ സ്ഥിരവാസികളായിരുന്ന പണിയരും വേടവംശത്തിലെ പ്രതാപികളായുമുള്ള കുറുമരും നാഗമക്കളായ ഊരാളിക്കുറുമരും, കീയൊരുത്തിയുടെയും മേലോരച്ചവൻ്റേയും പിൻമുറക്കാരായ അടിയാൻ വിഭാഗവും ശ്രദ്ധേയമായ സാംസ്ക്കാരികപാരമ്പര്യം ഉള്ളവരാണ്. ഇതിൽ അടിയാൻ വിഭാഗം തിരുനെല്ലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മാനന്തവാടിയിലാണ്. തിരുനെല്ലിയും പാക്കവുമായി ബന്ധപ്പെട്ട് അടിയാൻ വിഭാഗത്തിൻ്റെ മിത്ത് ബന്ധിപ്പിക്കപ്പെടുന്ന പ്രദേശം മാനന്തവാടിയോടടുത്ത ചില പ്രദേശങ്ങളാണ്. ഇവരുടെ സമൃദ്ധമായ കഥാഗാനപാരമ്പര്യം പ്രശസ്തമാണ്. പാലക്കാട് മുതൽ മലപ്പുറം വരെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്ന പണിയർ വിഭാഗത്തിൻ്റെ ധാരാളം സങ്കേതങ്ങൾ മാനന്തവാടിയിലുണ്ട്. വള്ളിയൂർക്കാവുക്ഷേത്രത്തിൽ ഇവർക്ക് പ്രത്യേക സ്ഥാനം കൽപിക്കപ്പെട്ടിരിക്കുന്നതും ശ്രദ്ധേയമാണ്. ആദിവാസി വിഭാഗങ്ങളിലെ കരകൌശല വിദഗ്ദ്ധരായ ഊരാളിക്കുറുമർ മാനന്തവാടിയിൽ

  • തോൽപ്പെട്ടി, ബേഗൂർ, അപ്പപ്പാറ, പനമരം, കല്പറ്റ , പുല്പള്ളി മുള്ളന്തറ എന്നിവിടങ്ങളിലാണുള്ളത്. മനുഷ്യസമൂഹത്തിന് പ്രാഥമികമായി വേണ്ട എല്ലാ ഉപകരണങ്ങളും, വസ്തുക്കളും ഇവർ സ്വയം നിർമ്മിക്കുന്നു. പഴശ്ശി രാജാവിൻ്റെ സന്തതസഹചാരികളായിരുന്നു കുറിച്യർ. ഇവിടുത്തെ പ്രാചീനസംസ്കാരത്തിൻ്റെ ആദ്യകാലത്തുതന്ന ചക്രത്തിൻ്റെ ഉപയോഗം ഇവിടെയുണ്ടായിരുന്ന ആദിമനിവാസികൾ മനസ്സിലാക്കിയിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് വയനാട്ടിലെ നദീതീരത്തുനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുളള മരംകൊണ്ടുണ്ടാക്കിയ ചക്രം. മരങ്ങൾ വട്ടത്തിൽ ഉരുളുകളായി മുറിച്ചെടുത്ത് രണ്ട് ചക്രങ്ങളാക്കി അക്ഷത്തിൻമേൽ പിടിപ്പിച്ച് വാഹനമാക്കുന്ന വിദ്യ ഉപയോഗിച്ചിരുന്ന, പ്രാചീനഭാരതത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണ് വയനാട്. എടക്കൽ ഗുഹയിൽ ക്രിസ്തുവർഷം അഞ്ചാംശതകത്തിലെ വിഷ്ണുശർമ്മൻ്റെ ഒരു പൂർണ്ണലിഖിതം കാണപ്പെടുന്നുണ്ട്.

സ്ഥലനാമ ചരിത്രം

തിരുത്തുക

വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. ജൈനമതത്തിൻ്റെ സ്വാധീനം വെളിവാക്കുന്നതാണ് ഒണ്ടയങ്ങാടി, പയ്യമ്പള്ളി, ഊർപ്പള്ളി എന്നീ സ്ഥലനാമങ്ങൾ, ആദിവാസി വിഭാഗങ്ങൾക്കിടയിൽ മാന്തൊടി എന്ന പേരിലാണ് ഈ സ്ഥലം പരാമർശിക്കപ്പെടുന്നത്. പഴശ്ശിയുടെ കാലഘട്ടത്തിൽ ഇളംകൂർ നാട്ടിലുൾപ്പെട്ടതായിരുന്നു വേമോം എന്നറിയപ്പെട്ടിരുന്ന മാനന്തവാടി. ബ്രിട്ടീഷുകാരുടെ കാലത്ത് മാനൻടോഡി എന്നും വയനാട് ബസാർ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. മഹോദയപുരരാജാക്കന്മാരുടെ പതനത്തിനുശേഷം നഗരമായി തീർന്ന തിരച്ചുലരിയുടെയും, മുത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പുത്തനങ്ങാടിയുടെയും ഇടയ്ക്ക് ഉയർന്നു വന്നതാകാം ഈ ഹൌസെങ്കാടി അഥവാ പുതിയങ്ങാടി. അടുത്തകാലഘട്ടങ്ങളിൽ മാനന്തവാടി ചെട്ടിത്തെരുവായും എരുമത്തെരുവായും അഞ്ചാം പീടികയായും അറിയപ്പെടുന്നു. മാനന്തവാടിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പാണ്ടിക്കടവ്.കാവേരി നദിയുടെ ഭാഗമായ കബനി നദി പാണ്ടിക്കടവിലൂടെ ഒഴുകുന്നു.വാണക്കൂടികുന്ന് പാണ്ടിക്കടവിലെ ഉയർന്ന മനോഹരമായ ഒരു സ്ഥലമാണ്.

ദേശഭരണ ചരിത്രം

തിരുത്തുക

എടക്കൽ ഗുഹയിൽ കണ്ടെത്തിയ ശിലാലിഖിതമനുസരിച്ച് വയനാട്ടിൽ പ്രാചീനകാലത്ത് ഗിരിവർഗ്ഗക്കാർ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നതെന്ന് കാണാം. ഒരേ വംശത്തിൽപ്പെട്ട രണ്ടു കുടുംബക്കാരായ അരിപ്പാനും വേടനുമായിരുന്നു ആ വിഭാഗത്തിലെ അവസാന നാടുവാഴികൾ. പനമരം ദേശത്തിന് വടക്കോട്ടുള്ള പ്രദേശങ്ങളെല്ലാം അരിപ്പാൻ എന്ന രാജാവിൻ്റെ കീഴിലായിരുന്നു. കുമ്പള മായ്പ്പടി രാജാവിൻ്റെ ചതിയിലൂടെയാണ് ഈ രാജവംശത്തിലെ വേടൻ രാജാവ് നാമാവശേഷനായത്. 1810-ലെ മലബാർ ജില്ലാക്കോടതിയുടെ ഉത്തരവനുസരിച്ച് വയനാടിൻ്റെ ചരിത്രം വായ്മൊഴിയായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്കൻസിയുടെ കൈയെഴുത്തുരേഖകളിലും ഇത് കാണാം. വേടരാജാക്കന്മാരെ നശിപ്പിച്ചതിനുശേഷം പാറയ്ക്കുമിത്തൽ എന്ന മാടമ്പിയുടെ അവകാശം കൂടി തട്ടിയെടുത്തുകൊണ്ട് കോട്ടയംരാജാവ് വയനാട് ഭരിക്കുവാൻ തുടങ്ങി. ഹൈദരാലിയുടെ ആക്രമണകാലത്ത് കോട്ടയം രാജാവായ രവിവർമ്മ കുടുംബസമേതം തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. മൈസൂറിൻ്റെ രണ്ടാം ആക്രമണകാലത്ത് രവിവർമ്മ സൈന്യശേഖരവുമായെത്തി വയനാടിൻ്റെ അധീശത്വം വീണ്ടെടുത്തു. യുദ്ധത്തിനുശേഷം വയനാടിനെ പലനാടുകളായി തിരിച്ചു. അതിൽ ഇളംകൂർ നാട്ടിൽപ്പെട്ടതാണ് ഇന്നത്തെ മാനന്തവാടി. വേമോത്ത് നമ്പ്യാരായിരുന്നു ഇവിടുത്തെ മാടമ്പി (നാടുവാഴി). 1792 മാർച്ച് 18-ാം തീയതി ഈസ്റിന്ത്യാ കമ്പനിയും ടിപ്പുവും തമ്മിൽ നടത്തിയ സമാധാനസന്ധി പ്രകാരം മലബാറിൻ്റെ പരമാധികാരം ബ്രിട്ടീഷുകാർക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജാധികാരം നാട്ടുരാജാക്കന്മാർക്ക് വിട്ടുകൊടുക്കാമെന്ന വ്യവസ്ഥ കമ്പനി പാലിക്കാതിരുന്നതിനാൽ പഴശ്ശി ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കമ്പനിക്കെതിരെ ജനങ്ങളെ തിരിക്കുന്നതിൽ സമർത്ഥമായി വിജയിച്ച പഴശ്ശിയെ അമർച്ച ചെയ്യുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികൾ തന്ത്രങ്ങൾ ആവിഷ്കരിച്ചു. 1805 ഏപ്രിൽ അവസാനത്തോടെ പഴശ്ശിക്ക് പിടിച്ചുനിൽക്കാൻ വയ്യാതായി. മലബാർ സബ്കളക്ടർ ടി.എച്ച്.ബാബർ കമ്പനിസേനയുടെ നേതൃത്വം ഏറ്റെടുത്തതോടുകൂടി പഴശ്ശിയുടെ നില കൂടുതൽ പരുങ്ങലിലായി. 1805 നവംബർ 30-ന് പുൽപ്പള്ളിയിലെ മാവിലാന്തോട്ടത്തിൽ വച്ച് അദ്ദേഹം വീരമൃത്യു വരിച്ചു. അദ്ദേഹത്തിൻ്റെ മൃതദേഹം അടുത്തദിവസം സുശക്തമായ കാവലോടെ മാനന്തവാടിയിൽ കൊണ്ടുവരികയും ബ്രാഹ്മണ കാർമ്മികത്വത്തിൽ താഴെയങ്ങാടിയിൽ സംസ്കരിച്ച് ഭൌതികാവശിഷ്ടം ആശുപത്രിയിൽ അടക്കം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷുകാർ നിർമ്മിച്ച കല്ലറയും അതിന്മേൽ വളർന്ന വൃക്ഷവും ചരിത്രസാക്ഷികളായി ഇന്നും നിലകൊള്ളുന്നു. പോരാട്ടങ്ങളുടെ സ്മരണകൾ നിലനിർത്തികൊണ്ട് വെടിമരുന്ന് സൂക്ഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ച മരുന്നറ ചുട്ടക്കടവിനു സമീപം കാലം ഏൽപ്പിച്ച പരിക്കുകളേറ്റുവാങ്ങി ഇന്നും നിലകൊള്ളുന്നു. 47-ാം വയസ്സിലാണ് പഴശ്ശി വീരമൃത്യൂ വരിച്ചത്. പഴശ്ശിയുടെ പതനത്തോടെ കുറിച്യപ്പട ശോഷിച്ചു. 1856-ൽ റോബിൻസൺ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് മാനന്തവാടി ഉൾപ്പെട്ടിരുന്ന ഇളംകൂർനാട് ഡിവിഷൻ പുതിയ അംശങ്ങളായി വിഭജിച്ചു. അതിൽ വേമോം, തിരുനെല്ലി എന്നിവയും ഉൾപ്പെടുന്നു. 1830 ആയപ്പോഴേയ്ക്കും സ്വകാര്യകാപ്പിതോട്ടങ്ങൾ മാനന്തവാടി പരിസരത്ത് ഉണ്ടായിരുന്നുവെങ്കിലും 1835-നോടടുപ്പിച്ച് സിലോൺകാരനായ പ്യൂഗ് ആണ് മാനന്തവാടിയിൽ കാപ്പിപ്ളാൻ്റേഷൻ ആരംഭിക്കുന്നത്. മാനന്തവാടിയിൽ തമ്പടിച്ചിരുന്ന പട്ടാളക്കാർക്ക് വിശ്രമജോലി എന്ന നിലയ്ക്കാണ് കാപ്പിത്തോട്ടനിർമ്മാണം ആരംഭിച്ചത്. 1854-ൽ തന്ന തേയില പ്ളാൻ്റേഷൻ ചിറക്കരയിലും ജെസ്സിയിലും ആരംഭിക്കുകയുണ്ടായി. 1892-ഓടെ പ്യാരി ആന്റ് കമ്പനി ഈ മേഖലയിൽ ചുവടുറപ്പിച്ചുതുടങ്ങി. 1887-ൽ വില്യം ലോഗൻ മലബാർ മാന്വലിൽ വിവരിക്കുന്ന മാനന്തവാടിയിൽ മജിസ്ട്രേറ്റിൻ്റെ അധികാരമുള്ള ഡെപ്യൂട്ടി കലക്ടർ, പോലീസ് ഇൻസ്പെക്ടർ, സബ് രജിസ്ട്രാർ, സബ് അസിസ്റ്റന്റ് കൺസർവേറ്റർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഓഫീസ് ഉണ്ടായിരുന്നു. മാനന്തവാടിയിൽ സർക്കാർ നിയന്ത്രണത്തിലുള്ള മിഡിൽ സ്ക്കൂളും പോസ്റ്റ് ഓഫീസും ഉണ്ടായിരുന്നു. 1886-ന് മുമ്പ് മാനന്തവാടിയിലെ മെഡിക്കൽ ആഫീസർമാർ വെള്ളക്കാരായിരുന്നു. യൂറോപ്യന്മാരുടെ ക്ളബ് ഉള്ള ഇപ്പോഴത്തെ ക്ളബ്കുന്നും അതിനോടനുബന്ധിച്ച് അവർക്കാവശ്യമുള്ള സാധനങ്ങൾ വിറ്റിരുന്ന കാന്റീനും ഉണ്ടായിരുന്നു. മാനന്തവാടി ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണത്തിൻ്റെ തുടക്കത്തിൽ തലശ്ശേരി സബ്കലക്ടറുടെ കീഴിലായിരുന്നങ്കിലും, ബ്രിട്ടീഷ് സർക്കാറിൻ്റെ ഭരണകാലത്ത് ഒരു പ്രത്യേക ഡെപ്യൂട്ടികലക്ടറുടെ അധികാരത്തിൻകീഴിലായിരുന്നു. 1859 മുതൽ 1879 വരെ മാനന്തവാടി ഡപ്യൂട്ടി കലക്ടർക്ക് സിവിൽ അധികാരങ്ങൾ ഉണ്ടായിരുന്നു. 1859-ൽ വനം വകുപ്പ് രൂപീകൃതമായതോടെ വയനാടൻ വനങ്ങൾ 14 ബ്ളോക്കുകളായി തിരിച്ചു. ഒരു ഫോറസ്റ്റ് ഓഫീസർ, ഒരു സബ് അസിസ്റന്റ് കൺസർവേറ്റർ 20 ഫോറസ്റ്റേഴ്സ് എന്നിവരെയാണ് ജില്ലാ വനപരിപാലത്തിന് നിയോഗിച്ചിരുന്നത്. ഇതിൽ സബ് അസിസ്റ്റന്റ് കൺസർവേറ്ററുടെ ഓഫീസ് മാനന്തവാടിയിലായിരുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങൾ അന്നത്തെ പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ.

സാമൂഹിക സാംസ്കാരിക ചരിത്രം

തിരുത്തുക

വയൽ നാടായ വയനാടിൻ്റെ പൊതുസവിശേഷതകൾ മാനന്തവാടി പഞ്ചായത്തിൻ്റെ കാർഷികരംഗത്തും ദൃശ്യമാണ്. മാനന്തവാടിയിലെ കൃഷിയിടങ്ങളുടെ ഭൂരിഭാഗവും പഞ്ചായത്തിലെ ശ്രീവള്ളിയൂർക്കാവ് ദേവസ്വത്തിൻ്റേയും കൊയിലേരിയിലെ വാടിയൂർ ദേവസ്വത്തിൻ്റെയും അധീനതയിൽപ്പെട്ടതായിരുന്നു. ബ്രാഹ്മണർ, ചെട്ടിമാർ, ഗൌഡർ തുടങ്ങിയ ജന്മിമാരായിരുന്നു ഭൂമി കൈയ്യാളിയിരുന്നത്. കുടിയാന്മാരും ഉണ്ടായിരുന്നു. ജന്മി-കുടിയാൻ ബന്ധം നിലനിന്നിരുന്ന പഴയ കാലത്ത് പാട്ടച്ചാർത്ത് പ്രകാരമായിരുന്നു കുടിയാന്മാർ ഭൂമി കൈവശം വെച്ചിരുന്നത്. കുടിയാൻ ജന്മിക്ക് വയൽകൃഷിക്ക് വിത്തിന് തുല്യമായ അളവ് നെല്ല് പാട്ടമായി കൊടുത്തുപോന്നു. കരഭൂമിക്ക് ഏക്കർ ഒന്നിന് അഞ്ചുരൂപയാണ് കൊടുക്കേണ്ടിയിരുന്നത്. പണിയൻ, കുറിച്ച്യർ, അടിയൻ, കുറുമർ എന്നിവരായിരുന്നു ജന്മിമാരുടെ കാർഷികതൊഴിലാളികൾ. 1930-കളുടെ തുടക്കത്തിലുണ്ടായ കുടിയേറ്റം 1960-കളോടെ വളരെ സജീവമായി. അക്കാലംവരെയും പ്രധാനമായും വയൽകൃഷിയാണ് ചെയ്തിരുന്നത്. മാനന്തവാടി പഞ്ചായത്തിൽ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ളീങ്ങൾ, ജൈനമതക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട യാദവർ, ചെട്ടിമാർ, തമിഴ് ബ്രാഹ്മണർ തുടങ്ങിയ ഹൈന്ദവഉപജാതിവിഭാഗക്കാരും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെയുണ്ടായ ഭക്ഷ്യക്ഷാമത്തെതുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിൽ നിന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ക്രിസ്തീയകുടുംബങ്ങൾ കുടിയേറിപ്പാർത്തു. ടിപ്പുവിൻ്റെ പടയോട്ടകാലത്ത് മാനന്തവാടിയിൽ എത്തിച്ചേർന്ന പഠാണികളെയും തുടർന്നു വന്ന മുസ്ളീങ്ങളുടേയും പിന്മുറക്കാരെ ഈ പഞ്ചായത്തിൽ കാണാം. പഞ്ചായത്തിലെ ആദിവാസിവിഭാഗങ്ങൾ ശ്രേഷ്ഠവും വൈവിധ്യവുമായ സംസ്കാരത്തിൻ്റെ ഉടമകളാണെന്നത് ശ്രദ്ധേയമാണ്. പുള്ളിപ്പുലികൾ ധാരാളമായി ഉണ്ടായിരുന്ന പ്രദേശമാണ് മാനന്തവാടി. മാനന്തവാടി ടൌണിൽ ഇന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ പലതും പണ്ടുകാലത്ത് നിബിഡമായ വനമായിരുന്നു. ഗതാഗതയോഗ്യമായ റോഡുകൾ, പാലങ്ങൾ, വൈദ്യുതി എന്നിവയും വളരെ ചുരുക്കമായിരുന്നു. പഞ്ചായത്തിലെ പ്രധാനകവലകളിൽ രാത്രി വിളക്ക് കത്തിക്കുന്നതിന് അധികൃതർ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. തലശ്ശേരി, കോഴിക്കോട്, മൈസൂർ എന്നിവിടങ്ങളിലേക്ക് ബസ് സർവ്വീസ് ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോൾ ചകിരിയും കരിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ ഓടിച്ചിരുന്നു. രോഗം പിടിപെട്ടാൽ വടകരയിലെ കൃഷ്ണൻ വൈദ്യനെ തേടുക എന്നതും മാനന്തവാടിക്കാരെ സംബന്ധിച്ചിടത്തോളം പതിവായിരുന്നു. ആദ്യകാലത്ത് വയനാടിനെ പൊതുവെ ബാധിച്ചിരുന്ന മലമ്പനി മാനന്തവാടിയേയും ഒഴിവാക്കിയിരുന്നില്ല. 1946-47 കാലത്ത് പ്ളേഗ് ബാധയുണ്ടെന്ന് സംശയിച്ച് മാനന്തവാടി ടൌൺ അടച്ചിടുകയും വീടുകളുടെ മേൽക്കൂരപോലും പൊളിച്ച് എലികളെ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്വാതന്ത്യ്രസമരപ്രവർത്തകരിൽ ശ്രദ്ധേയരായ നിരവധിപേരുണ്ടായിരുന്നു. മാനന്തവാടിയിൽ ആദ്യകാലത്ത് ടൂറിങ്ങ് ടാക്കീസുകൾ മുഖേന സിനിമ പ്രദർശിപ്പിച്ചിരുന്നു. അമ്പുകുത്തിയിലായിരുന്നു പ്രധാനകേന്ദ്രം. മാനന്തവാടിയിലെ വളരെ പ്രസിദ്ധമായ ആരാധനാലയമാണ് വള്ളിയൂർക്കാവ്. ദ്രാവിഡ മാതൃകയിലുള്ളതാണ് ഈ കാവെന്ന് അതിൻ്റെ രൂപഘടനയിൽനിന്ന് വ്യക്തമാകും. 1848-ൽ ആരംഭിച്ച അമലോത്ഭവ ദേവാലയമാണ് ആദ്യക്രിസ്തീയദേവാലയം. ഇന്നത്തെ സ്ഥലത്ത് ഒരു ചെറിയ പള്ളിയും പാത്തിവയലിൽ മറ്റൊരു പള്ളിയും ഉണ്ടായിരുന്നു. കുറിച്ച്യവിഭാഗത്തിൽ നിന്ന് മതം മാറിയവർക്ക് ആരാധന നടത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. തുടർന്ന് വ്യത്യസ്തപ്രദേശങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങൾ ഉണ്ടായിട്ടുണ്ട്. താഴെയങ്ങാടിയിലെ പട്ടാണിപ്പള്ളിയും മുസ്ളീംപള്ളിയും ഏറ്റവും ആദ്യമുണ്ടായ മുസ്ളീംദേവാലയം. ജൈനർക്കായി ഉർപ്പള്ളിയിൽ പുതിയതായി നിർമ്മിച്ച ആരാധനാലയങ്ങളും യാദവർക്കായിട്ടുള്ള എരുമത്തെരുവിലെ കാഞ്ചികാമാക്ഷിയമ്മൻകോവിലും അന്യാദൃശമായ ക്ഷേത്രങ്ങളാണ്. വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെ വ്യത്യസ്ത ആരാധനാരീതികളും പഞ്ചായത്തിലെ സാംസ്കാരികസവിശേഷതയാണ്.

ഭരണ പ്രതിനിധികൾ 

തിരുത്തുക

ഒ. ആർ. കേളു, എം. എൽ. എ മന്ത്രിയാണ്

  1. "Mananthavady History". Archived from the original on 2016-03-16.
"https://ml.wiki.x.io/w/index.php?title=മാനന്തവാടി&oldid=4108124" എന്ന താളിൽനിന്ന് ശേഖരിച്ചത്