പോർവിമാനം
വ്യോമയുദ്ധത്തിൽ ശത്രു വിമാനങ്ങളെ ആക്രമിക്കാനും, തുരത്താനും മറ്റുമായി ഉപയോഗിക്കുന്ന ഒരു തരം സൈനികവിമാനത്തെയാണ് പോർവിമാനങ്ങൾ ഫൈറ്റർ എയർ ക്രാഫ്റ്റ് എന്ന് വിളിക്കുന്നുന്നത്. പോർവിമാനം സാധാരണയായി വായു മാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു.
യുദ്ധവിമാനങ്ങൾ പൊതുവെ മൂന്നു തരമുണ്ട്. പോർവിമാനങ്ങൾ, ബോംബർ വിമാനം, ആക്രമണ വിമാനം. ബോംബർ വിമാനങ്ങൾ ശത്രുവിന്റെ ആസ്തികളെ (military or civilian assets) ബോംബിട്ട് നശിപ്പിക്കാൻ ഉപയോഗിക്കുന്നു. ആക്രമണ വിമാനം പ്രധാനമായും കരസേനകളെ വായുവിൽ നിന്ന് ആക്രമിക്കാൻ ഉപയോഗിക്കുന്നു. പോർവിമാനങ്ങൾ ഈ മൂന്നു തരം യുദ്ധവിമാനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ്. എന്നുവച്ചാൽ പോർവിമാനങ്ങളുടെ പ്രധാന ഉപയോഗം മറ്റ് യുദ്ധ വിമാനങ്ങളെ ആക്രമിക്കുകയാണ്. [1] പോർവിമാനങ്ങൾ മറ്റുള്ള യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയും, വർദ്ധിച്ച ഗതിനിയന്ത്രണ (manoeuvrability) ശേഷിയുള്ളവയുമായിരിക്കും.
പോർവിമാനങ്ങൾക്ക് വായുവിൽനിന്ന് കരസേനകളെ ആക്രമിക്കാനുപയോഗിക്കുന്ന ആക്രമണ വിമാനമായും പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാവും. കൂടുതലും ഈ ഇരട്ട ഉപയോഗത്തിനുള്ള (dual use) ശേഷി വിമാനത്തിൽ സജ്ജമാക്കുന്ന വെടിക്കോപ്പുകളെ (munitions) അപേക്ഷിച്ചിരിക്കും. സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും (precision guided munitions) ഘടിപ്പിച്ചാൽ മിക്കവാറും എല്ലാ പോർവിമാനങ്ങളും കാലാൾപ്പട (infantry), യന്ത്രവൽകൃത കാലാൾപ്പട (mechanised infantry), കവചിത സേന (armour unit) എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കാം. ഒന്നാം ലോകമഹായുദ്ധം മുതൽ പോർവിമാനങ്ങൾക്ക് യുദ്ധരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്. [2]