ദ്വിപദ നാമപദ്ധതി

ജീവികളെ നാമകരണം ചെയ്യുന്ന ഒരു ശാസ്ത്രീയ രീതി

ജീവികളെ നാമകരണം ചെയ്യുന്ന ഒരു ശാസ്ത്രീയ രീതിയാണ് ദ്വിപദ നാമപദ്ധതി - Binomial nomenclature. ജീവശാസ്ത്രത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന ഈ നാമകരണ പദ്ധതി കാൾ ലിനേയസ് എന്ന ശാസ്ത്രകാരനാണ് പ്രയോഗത്തിൽ വരുത്തിയത്. ഇതനുസരിച്ച് ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ പേരിന് രണ്ട് പദങ്ങളുണ്ട്.

Orcinus orca, the killer whale or orca

ഉദാഹരണമായി മാവിന്റെ ശാസ്ത്രനാമം മാഞ്ചി ഫെറ ഇൻഡിക്ക ( Mangifera indica ) എന്നും മനുഷ്യന്റേത് ഹോമോ സാപ്പിയൻസ് ( Homo sapiens ) എന്നുമാണ്.

ജീവലോകത്തെ ജന്തുലോകമെന്നും സസ്യലോകമെന്നും രണ്ടായി വിഭജിച്ചിട്ടും നാമകരണമോ വർഗീകരണമോ സാധ്യമായിരുന്നില്ല. ശാസ്ത്രീയമായ വർഗീകരണത്തിൽ അന്തിമമായ ഘടകം വ്യക്തി(individual)യാണ്. എന്നാൽ തമ്മിൽ സാദൃശ്യമുള്ള ധാരാളം വ്യക്തികൾ ഒരു സമൂഹത്തിൽ കാണപ്പെടുന്നതിനാൽ അവയെ പ്രകൃതിജന്യമായ ഒരു വിഭാഗമായി തിരിച്ചറിയാൻ ആ ചെറിയ വിഭാഗത്തിനെ സ്പീഷീസ് എന്നു നാമകരണം ചെയ്തു. എന്നാൽ ഒരു സ്പീഷീസിനുള്ളിൽ അനുവദനീയമായ രൂപവൈവിധ്യങ്ങളുടെ പരിധിയെ സംബന്ധിച്ച് ശാസ്ത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണുണ്ടായിരുന്നത്. അതിനാൽ പല സ്പീഷീസിനെ കൂട്ടിച്ചേർത്ത് ഉയർന്ന വിഭാഗമാക്കി ജീനസ് എന്നു നാമകരണം ചെയ്തു. പല ജീനസുകൾ ചേർത്ത് കുടുംബവും കുടുംബങ്ങൾ ചേർത്ത് ഓർഡറും ഓർഡറുകൾ പലതു ചേർത്ത് ക്ലാസ്സും ക്ലാസ്സുകൾ ചേർത്ത് ഫൈലവും ഫൈലങ്ങൾ ചേർത്ത് ലോകങ്ങളും (kingdom) രൂപപ്പെടുത്തി. ജീവലോകത്തെ ജന്തുലോകമെന്നും (Animal kingdom) സസ്യലോകമെന്നും (Plant kingdom) വർഗീകരിച്ചു. സ്പീഷീസിന് പരിസ്ഥിതിക്കനുസരിച്ച് ബാഹ്യമായും ആന്തരികമായും മാറ്റം സംഭവിച്ചപ്പോൾ വ്യക്തികളെ ഇനങ്ങളായി (varieties) തരംതിരിച്ചു. ഈ ക്രമീകരണത്തെ വർഗീകരണമെന്നും (classification) വർഗീകരണത്തെക്കുറിച്ചുള്ള പഠനത്തിന് വർഗീകരണ ശാസ്ത്രമെന്നും (Taxonomy) നിർവചനം നല്കി.

സസ്യശാസ്ത്രത്തിന്റെ ചരിത്രം വർഗീകരണത്തിന്റെ ചരിത്രം തന്നെയാണ്. ആദ്യകാലത്ത് സ്പീഷീസ് എന്ന ആശയത്തോടൊപ്പം സ്വഭാവമനുസരിച്ച് വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ‍, വള്ളികൾ എന്നും ഉപയോഗമനുസരിച്ച് ആഹാരത്തിനോ മരുന്നിനോ മന്ത്രത്തിനോ എന്നുമായിരുന്നു വർഗീകരണം. ക്രിസ്തുവിനുമുമ്പ് നാലാം ശ.-ത്തിൽ അരിസ്റ്റോട്ടൽ (ബി.സി. 384-323) തന്റെ സസ്യശേഖരത്തെ വർഗീകരിക്കാൻ ശ്രമം നടത്തിയിരുന്നു. തിയോഫ്രാസ്റ്റസ് (ബി.സി. 371-285), ആൽബർട്ട് ഫൊൺ ബ്യൂൾസ്റ്റാട്ട് (1193-1280) തുടങ്ങിയവർ വർഗീകരണത്തിന് പഠനങ്ങൾ നടത്തിയെങ്കിലും ആൻഡ്രിയ സെസാൽപിനോയുടെ (1519-1603) ശാസ്ത്രീയമായ വർഗീകരണ പദ്ധതിക്കായിരുന്നു കൂടുതൽ അംഗീകാരം ലഭിച്ചത്.

കാസ്പർ ബൗഹിൻ (1560-1624) സസ്യങ്ങൾക്ക് പ്രകൃത്യാ ഉള്ള ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗീകരണ രീതിയാണ് സ്വീകരിച്ചത്. ജീനസ് എന്നാൽ എന്താണെന്ന് ഇദ്ദേഹം വ്യക്തമാക്കി. ദ്വിപദനാമപദ്ധതിയുടെ അടിസ്ഥാനതത്ത്വം കണ്ടെത്തി വിവരിച്ചെങ്കിലും ഇതൊന്നും പ്രായോഗികമാക്കാൻ ഇദ്ദേഹത്തിനായില്ല.

സ്വീഡനിലെ സസ്യവർഗീകരണ ശാസ്ത്രജ്ഞനായിരുന്ന കാൾ ഫൊൺ ലിനേയസ് (1707-78) ലിംഗ വ്യവസ്ഥയെ ആധാരമാക്കിയുള്ള വർഗീകരണത്തിന് രൂപംനല്കി. ആധുനിക നാമങ്ങൾ ഉപയോഗിച്ചുകൊണ്ട് സസ്യങ്ങളെ അറുപത്തഞ്ച് കുടുംബങ്ങളിലാക്കി അദ്ദേഹം രചിച്ച സ്പീഷീസ് പ്ലാന്റേറം (1753) എന്ന ഗ്രന്ഥത്തിൽ ദ്വിപദനാമ പദ്ധതിയനുസരിച്ചുള്ള വർഗീകരണമായിരുന്നു പിന്തുടർന്നത്. ഇതിൽ 'ദൈവം സൃഷ്ടിച്ചു, ലിനേയസ് ക്രമീകരിച്ചു' എന്ന് അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ദ്വിപദനാമ പദ്ധതിയനുസരിച്ച് ഓരോ ജീവിയും അറിയപ്പെടുന്നത് അതിന്റെ ജീനസ് നാമവും സ്പീഷീസ് നാമവും ചേർന്നാണ്. ഇംഗ്ലീഷിൽ എഴുതുമ്പോൾ ജീനസ് നാമം വലിയ അക്ഷരത്തിലും സ്പീഷീസ് നാമം ചെറിയ അക്ഷരത്തിലും തുടങ്ങണം. എഴുതുമ്പോൾ ഓരോ പേരിനും പ്രത്യേകം അടിവരയിടണം. അച്ചടിയിൽ 'ഇറ്റാലിക്സ്' ഉപയോഗിക്കണം. നാമകരണം നടത്തിയ ശാസ്ത്രജ്ഞന്റെ പേരോ പേരിനെ സൂചിപ്പിക്കുന്ന ആദ്യഅക്ഷരമോ സ്പീഷീസ് നാമത്തിനു ശേഷം രേഖപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

ഉദാഹരണം

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദ്വിപദ നാമപദ്ധതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Curiosities of Biological Nomenclature
  • The Language of Horticulture Archived 2005-03-06 at the Wayback Machine.
  • Crinan, Alexander, ed. (2007), Plant Names : A Guide for Horticulturists, Nurserymen, Gardeners and Students (PDF), Horticultural Taxonomy Group, Royal Botanic Garden Edinburgh, archived from the original (PDF) on 2011-07-04, retrieved 2011-06-04
"https://ml.wiki.x.io/w/index.php?title=ദ്വിപദ_നാമപദ്ധതി&oldid=4097114" എന്ന താളിൽനിന്ന് ശേഖരിച്ചത്