ദീപിക ദിനപ്പത്രം

(ദീപിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നും, മലയാളത്തിലെ ആദ്യത്തെ ദിനപത്രവുമാണ്‌ ദീപിക.[1][൧] 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രം ഇപ്പോൾ കോട്ടയം, കൊച്ചി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.

ദീപിക
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)രാഷ്ട്രദീപിക ലിമിറ്റഡ്
സ്ഥാപക(ർ)നിധീരിക്കൽ മാണി കത്തനാർ
സ്ഥാപിതംഏപ്രിൽ 15, 1887
ഭാഷമലയാളം
ആസ്ഥാനംകോട്ടയം
ഔദ്യോഗിക വെബ്സൈറ്റ്http://www.deepika.com

ചരിത്രം

തിരുത്തുക

നിധീരിക്കൽ മാണിക്കത്തനാർ എന്ന സുറിയാനികത്തോലിക്കാ പുരോഹിതനാണ് 1887ൽ നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട നസ്രാണി ജാത്യൈക്യസംഘം എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 'പൊതുവായ പത്രം' എന്ന പദ്ധതി നടപ്പായില്ലെങ്കിലും സംഘത്തിലെ കത്തോലിക്കർ 30-ലധികം വൈദികരുടെയും അത്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാർസലീനോസിനെ സന്ദർശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതി നേടിയെടുത്തു. 1887 ഏപ്രിൽ 15-നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ് ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്. നിധീരിക്കൽ മാണിക്കത്തനാരായിരുന്നു ആദ്യ ചീഫ് എഡിറ്റർ.

അല്പകാലത്തിനകം നസ്രാണി ദീപിക പത്രം ജാത്യൈക്യസംഘവുമായി പിരിഞ്ഞു മാന്നാനം ആശ്രമത്തിന്റെ നേരിട്ടുള്ള ചുമതലയിലായി. പിന്നീട് ഒരു നൂറ്റാണ്ട് കത്തോലിക്കാ സഭയുടെ കീഴിലുള്ള സി.എം.ഐ സന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലാണ് ദീപികക്ക് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കർഷകർക്കും അവശ വിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടുകൾ ദീപിക സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറങ്ങിയിരുന്ന നസ്രാണി ദീപിക മാസത്തിൽ മൂന്ന്, ആഴ്ചയിൽ മൂന്ന് എന്നിങ്ങനെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്ന് 1927 ജനുവരി മുതൽ ദിനപത്രമായി മാറി. 1939-ൽ മാന്നാനത്തു നിന്ന് കോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി എന്ന പേര് എടുത്തുകളഞ്ഞ് വെറും ദീപിക ആയി മാറി.

1989-ൽ ദീപിക ദിനപത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറക്കൽ ചെയർമാനായതിനെ തുടർന്ന് 2005ൽ കമ്പനിയുടെ ഓഹരികളിൽ ഏറിയപങ്കും ചില വ്യക്തികൾ വാങ്ങിയതും പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിർബന്ധിത വിരമിക്കൽ പദ്ധതി ഏർപ്പെടുത്തി പുറത്താക്കിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

ദീപിക സി.ഐ.എയിൽ നിന്ന് പണം പറ്റുന്നതായുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോപണം കോളിളക്കം സൃഷ്ടിച്ചിരുന്നു. അരോപണം തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നൽകാമെന്ന് പത്രം പ്രഖ്യാപിക്കുകയുണ്ടായി. കമ്പനിക്ക് കീഴിൽ വാർത്ത എന്ന പേരിൽ പുതിയ പത്രം തുടങ്ങാനുള്ള നീക്കവും വിവാദമുയർത്തിയിരുന്നു.

മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. കായിക രംഗത്തിനായി ഒരു പുറം മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, ഇന്റർനെറ്റ് പതിപ്പ് ഇറക്കിയ ആദ്യ മലയാള ദിനപത്രം തുടങ്ങിയ നേട്ടങ്ങൾ ദീപികക്ക് സ്വന്തമാണ്.

27 ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ പൂർണ നിയന്ത്രണത്തിൽ ആയി[അവലംബം ആവശ്യമാണ്]. ദീപിക വായനക്കാരെ ഉൾപ്പെടുത്തിയുള്ള ദീപിക ഫ്രണ്ട്സ് ക്ലബ് 2015ൽ പ്രവർത്തനം തുടങ്ങിയിരുന്നു. താമരശ്ശേരി രൂപതാ വൈദികനായ ഫാ. ബെന്നി മുണ്ടനാട്ടാണ് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ. തലശ്ശേരി രൂപതാ വൈദികനായ ഡോ. ജോർജ് കുടിലിലാണ് ഇപ്പോഴത്തെ ചീഫ് എഡിറ്റർ.

ദീപിക വെബ്സൈറ്റ്

മലയാളത്തിലെ പ്രഥമ ഓൺലൈൻ വാർത്താ പോർട്ടൽ ദീപികയുടേതാണ്. ഇപ്പോൾ www.deepika.com, www.rashtradeepika.com എന്നിങ്ങനെ രണ്ട് വാർത്താ പോർട്ടലുകൾ ദീപികയുടേതായുണ്ട്. ഫാ.നിതിൻ ജോസഫ് ഇലഞ്ഞിമറ്റമാണ് ഓൺലൈൻ ന്യൂസ് ഈൻ ചാർജ്.

മറ്റു പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • രാഷ്ട്രദീപിക സായാഹ്നപത്രം
  • കുട്ടികളുടെ ദീപിക
  • ചിൽഡ്രൻസ് ഡൈജസ്റ്റ്
  • കർഷകൻ
  • സ്ത്രീധനം

നിലച്ചുപോയ പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • രാഷ്ട്രദീപിക ആഴ്ച്ചപ്പതിപ്പ്
  • രാഷ്ട്രദീപിക കായിക മാസിക
  • ബിസിനസ് ദീപിക
  • രാഷ്ട്രദീപിക സിനിമ

കുറിപ്പുകൾ

തിരുത്തുക
  • ^ നൂറ്റിയിരുപത്തഞ്ചു വർഷം പിന്നിടുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യൻ പത്രമാണ് ദീപിക. ദ ഹിന്ദു ആണ് ആദ്യത്തെ പത്രം.[2]
  1. "ദീപികക്ക് 125 വയസ്സ്". മലയാള മനോരമ. നവംബർ 26, 2011. Archived from the original on 2011-11-26. Retrieved നവംബർ 26, 2011.
  2. "ദീപിക ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം". ദീപിക. നവംബർ 26, 2011. {{cite news}}: |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wiki.x.io/w/index.php?title=ദീപിക_ദിനപ്പത്രം&oldid=3908451" എന്ന താളിൽനിന്ന് ശേഖരിച്ചത്