ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്

1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ് മുന്നേറ്റം എന്നറിയപ്പെ‌ടുന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത്. അവിഭക്ത ഇന്ത്യയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ) ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു. അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.

പ്രചോദനം

തിരുത്തുക

1916 ൽ നടന്ന അയർലന്റിലെ ഈസ്റ്റർ കലാപമായിരുന്നു ചിറ്റഗോങ് വിപ്ലവകാരികളുടെ മുഖ്യ പ്രചോദനം.[1]

കലാപകാരികൾ

തിരുത്തുക

സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ ബിനോദ് ബിഹാരി ചൗധരി, പ്രീതി ലതാ വടേദാർ, കൽപ്പന ദത്ത, കാളിപാദ ചക്രവർത്തി, അംബികാ ചക്രവർത്തി, താരകേശ്വർ ചക്രവർത്തി, ഗണേഷ് ഘോഷ്, ലോക്നാഥ് ബാൽ,നിർമ്മൽ സെൻ, നരേഷ് റോയ്, തുടങ്ങി നിരവധി വിപ്ലവകാരികൾ പങ്കെ‌ടുത്തു.

ചിറ്റഗോങിലെ രണ്ട് പ്രധാന ആയുധപ്പുരകൾ പിടിച്ചെടുക്കാനും ടെലിഗ്രാഫ്, ടെലഫോൺ ഓഫീസുകൾ തകർക്കാനുമാണ് മാസ്റ്റർ ദായുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ തീരുമാനിച്ചിരുന്നത്. യൂറോപ്യൻ ക്ലബ്ബംഗങ്ങളായിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന ഭരണാധികാരികളെ വധിക്കാനും ഇവർ ആലോചിച്ചിരുന്നു. റെയിൽവെ ലൈനുകൾ ച്ഛേദിച്ച് ചിറ്റഗോങിനെ കൽക്കത്തയിൽ നിന്ന് വേർപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ആക്രമണം

തിരുത്തുക

18 ഏപ്രിൽ 1930 രാത്രി 10.00 മണിയോടെ ഗണേഷ് ഘോഷിന്റെ നേതൃത്ത്വത്തിലുള്ള വിപ്ലവസേന പ്രധാന ആയുധപ്പുരയും ലോക്നാഥ് ബാലിന്റെ നേതൃത്ത്വത്തിലുണ്ടായിരുന്ന പത്തു പേരടങ്ങുന്ന രണ്ടാം സേന അനുബന്ധസേനകളുടെ ആയുധപ്പുരയും പിടിച്ചെടുത്തു. പക്ഷെ അവർക്ക് വെടിക്കോപ്പുകൾ കണ്ടെടുക്കാനായില്ല. ടെലിഫോൺ, ടെലിഗ്രാഫ് ബന്ധങ്ങൾ വിച്ഛേദിക്കുന്നതിലും പാളങ്ങൾ തകർത്ത് ട്രെയിൻ ഗതാതതം താറുമാറാക്കാനും അവർക്കായി. പതിന്നാറോളം വരുന്ന വിപ്ലവ സേനാംഗങ്ങൾ യൂറോപ്യൻ ക്ലബ് ആസ്ഥാനം പിടിച്ചെടുത്തെങ്കിലും അന്ന് ദുഃഖവെള്ളിയായതിനാൽ മിക്കവാറും ക്ലബംഗങ്ങൾ അവിടെയുണ്ടായിരുന്നില്ല. ഇതിനാൽ കൽക്കത്തയിൽ നിന്നും അധിക സേനകളെ വിളിച്ചു വരുത്തി പ്രത്യാക്രമണത്തിനു നേതൃത്ത്വം നൽകാൻ ബ്രിട്ടീഷുകാർക്കായി. ഇത് വിപ്ലവ സേന പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യൻ റിപ്പബ്ലിക് ആർമി ചിറ്റഗോങ് ബ്രാഞ്ചിന്റെ നേതൃത്ത്വത്തിൽ അറുപതോളം പേരാണ് ഈ ആക്രമണത്തിൽ പങ്കെടുത്തത്. ആയുധപ്പുരയുടെ പിടിച്ചെടുക്കലിനു ശേഷം സൂര്യസെന്നിന്റെ നേതൃത്ത്വത്തിൽ ദേശീയ പതാക ഉയർത്തുകയും അദ്ദേഹം പോരാളികളുടെ പട്ടാള സല്യൂട്ട് സ്വീകരിച്ച് ഇടക്കാല വിപ്ലവ ഗവൺമെന്റ് സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. നേരം വെളുക്കുന്നതിനു മുന്നേ അവർ ചിറ്റഗോങ് പട്ടണം വിട്ട് ചിറ്റഗോങ് മലനിരകളിലേക്കു സുരക്ഷിത സ്ഥാനം നോക്കി മാർച്ച് ചെയ്തു.[2]

നൂറു കണക്കിന് വരുന്ന പോലീസ് സേന നാലു നാൾ കഴിഞ്ഞ് 22 ഏപ്രിൽ 1930 ന് ജലാലബാദ് കുന്നുകളിൽ അഭയം തേടിയിരുന്ന ചില വിപ്ലവകാരികളെ പിടികൂടുകയുണ്ടായി. രൂക്ഷ സംഘട്ടത്തിനൊടുവിൽ എൺപതോളം സേനാംഘങ്ങളും പന്ത്രണ്ടോളം വിപ്ലവകാരികളും കൊല്ലപ്പെട്ടു. സഹ പോരാളികളെ സമീപസ്ഥ ഗ്രാമങ്ങളിലേക്കു മാറ്റി സൂര്യ സെന്നും മറ്റ് പോരാളികളും ഒളിവിൽ പോയി. കൽക്കത്തയിലേക്കു പോയ ചിലർ അവിടെ വച്ച് അറസ്റ്റ് ചെയ്യപ്പട്ടു. ഒളിവിലിരുന്ന് അടുത്ത ആക്രമണണത്തിന് തയ്യാറെടുത്ത അവരിൽ ചിലർ പ്രീതിലത വദേദാറുടെ നേതൃത്ത്വത്തിൽ 24 സെപ്റ്റംബർ 1932 ന് യൂറോപ്യൻ ക്ലബ് വീണ്ടും ആക്രമിക്കുകയും ഒരു സ്ത്രീയെ വധിക്കുകയും ചെയ്തു. 1930 - 32 കാലത്ത് ഈ സായുധ വിപ്ലവ മുന്നേറ്റത്തിന്റെ അനുരണനമെന്നോണം നടന്ന വിവിധ ആക്രമണങ്ങളിൽ ഇരുപത്തി രണ്ടോളം ഉദ്യോഗസ്ഥരും ഇരുന്നൂറ്റി ഇരുപതോളം മറ്റുള്ളവരും കൊല്ലപ്പെട്ടു.

ആയുധപ്പുര ആക്രമണക്കേസ്

തിരുത്തുക

അറസ്റ്റു ചെയ്യപ്പെട്ടവരെ കോടതിയിൽ നീണ്ട വിചാരണകൾ ശേഷം 1932 ജനുവരിയിൽ പൂർത്തിയായി. 1932 മാർച്ച് 1 നു പന്ത്രണ്ട് പ്രതികളെ ആയുഷ്കാലത്തേക്ക് നാടു കടത്തി. രണ്ടു പേരെ മൂന്നു വർഷ തടവിന് ശിക്ഷിച്ചു. 32 പേരെ വെറുതെ വിട്ടു.

അറസ്റ്റും സൂര്യസെന്നിന്റെ വധശിക്ഷയും

തിരുത്തുക
സൂര്യ സെന്നിനെ തൂക്കിലേറ്റിയ ബംഗ്ലാദേശ് സെൻട്രൽ ജയിലിലെ കഴുമരം നിന്നയിടം.

ചിറ്റഗോങ് വിപ്ലവ ഗ്രൂപ്പ് മാസ്റ്റർദാ സൂര്യസെന്നിന്റെ അറസ്റ്റോടെ ശിഥിലമാകാൻ തുടങ്ങി. 16 ഫെബ്രുവരി 1933 നാണ് ഗൈരാല ഗ്രാമത്തിൽ നിന്ന് സഹ വിപ്ലവകാരിയുടെ ഒറ്റിനെത്തുടർന്ന് മാസ്റ്റർദാ അറസ്റ്റിലാകുന്നത്. മാസ്റ്റർദാ ഒളിവിൽ താമസിച്ചിരുന്നത് വിപ്ലവ ഗ്രൂപ്പിലുണ്ടായിരുന്ന നേത്ര സെന്റെ വീട്ടിലായിരുന്നു. പണത്തിനോ അസൂയയാലോ അദ്ദേഹം മാസ്റ്ററെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുക്കുകയായിരുന്നു. മാസ്റ്റർദായെ ജീവനോടെയോ അല്ലാതെയോ പിടി കൂടാൻ സഹായിക്കുന്നവർക്ക് 10000 രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇനാം ഏറ്റു വാങ്ങുന്നതിനു മുമ്പ് നേത്രസെന്നെ വിപ്ലവകാരികൾ കൊലപ്പെടുത്തി.

താരേകേശ്വർ ദസ്തിദാറോടൊപ്പം 1934 ജനുവരി 12 ന് സൂര്യ സെന്നെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.[3]തൂക്കിലേറ്റുന്നതിനു മുൻപ് അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മുഴുവൻ പല്ലകളും അസ്ഥികളും ചുറ്റികയാൽ തകർത്തിരുന്നു. ബോധമില്ലാത്ത അദ്ദേഹത്തിന്റെ ശരീരത്തെ തൂക്കിലേറ്റുകയാണുണ്ടായത്. മരണാനന്തര ചടങ്ങുകളൊന്നുമുണ്ടായില്ല. മൃതശരീരം ലോഹ വീപ്പക്കുള്ളിലാക്കി ബംഗാൾ ഉൾക്കടലിൽ തള്ളിയ വിവരം പിന്നീട് പുറത്തു വന്നു.

  1. മാനിനി ചാറ്റർജി (2011). ചിറ്റഗോങ് വിപ്ലവം 1930 -34. ഡി.സി.ബുക്ക്സ്. p. 71. ISBN 978-81-264-3166-3.
  2. Chandra, B & others (1998). India's Struggle for Independence 1857-1947, New Delhi: Penguin, ISBN 0-14-101781-9, p.251-2
  3. Chandra, B & others (1998). India's Struggle for Independence 1857-1947, New Delhi: Penguin, ISBN 0-14-101781-9, p.252

അധിക വായനയ്ക്ക്

തിരുത്തുക
  • Chatterjee, Manini (2000). Do and Die: The Chittagong Uprising 1930-34, New Delhi: Penguin, ISBN 978-0-14-029067-7.
  • Bhattacharya, Manoshi (2012). Chittagong: Summer of 1930, New Delhi: HarperCollins, ISBN 9789350292129.