ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ
ബാങ്കിലെ ഇടപാടുകാർക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ.
കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീൻ, മണിമെഷീൻ, ബാങ്ക് മെഷീൻ,കാഷ് മെഷീൻ, എനി ടൈം മണി എന്നിങ്ങനെ[അവലംബം ആവശ്യമാണ്]. പൊതുസ്ഥലങ്ങളിൽ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിൻവലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അറിയാനും മറ്റും കഴിയും. ഇതിനായി, ഇടപാടുകാരൻ സ്വന്തം പേരിൽ ബാങ്ക് തന്നിട്ടുള്ള ഒരു ശീട്ട് (പ്ലാസ്റ്റിക് കാർഡ്)(ചിത്രം.2, കാണുക) യന്ത്രത്തിൽ നിക്ഷേപിക്കുകയും, മുൻനിശ്ചയിക്കപ്പെട്ട ഒരു രഹസ്യമായ ഒരു വ്യക്തിസൂചീസംഖ്യ (Personal Index Number) യന്ത്രത്തിനു നൽകുകയും ചെയ്യേണ്ടതുണ്ട്.
ചരിത്രം
തിരുത്തുക1939 ൽ, ലൂതർ ജോർജ്ജ് സിംജിയൻ എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിർമ്മിച്ചത്. അത്, സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്ക് , ന്യൂയോർക്കിൽ സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു.
പിന്നീട്, 1967 ജൂൺ 17 ന്, ദി ലാ ര്യൂ എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ.റ്റ്.എം, ബാർക്ലൈസ് ബാങ്ക്, ഇംഗ്ലണ്ടിലെ ലണ്ടനിൽ, എൻഫീൽഡ് ടൗണിൽ സ്ഥാപിച്ചു. അക്കാലത്ത്, എ.ടി. എമ്മുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾക്ക് പല വിദഗ്ദ്ധരും പല നിർമ്മാണാവകാശങ്ങൾ നേറ്റിയിരുന്നു എങ്കിലും, ഇന്ത്യയിൽ ജനിച്ച, ജോൺ ഷെപ്പേർഡ് ബാരൺ എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടിത്തത്തിന് അംഗീകാരം ലഭിച്ചത്. 2005 ൽ അദ്ദേഹത്തിന് , '''ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ''' എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളിൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ശീട്ടുകളാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം ശീട്ടുകൾ ഇടപാടുകാരന് തിരിച്ചു നൽകിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകൾ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പിന്നീട് എ.ടി.എമ്മിൽ ഉപയോഗിക്കുന്ന, വ്യക്തിസൂചീസംഖ്യ (പിൻ നമ്പർ) ഉപയോഗിച്ചുള്ള ശീട്ടുകൾ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്.
1968ൽ അമേരിക്കയിലെ ഡാലസിലാണ് തന്തുജാലം (Network) ഉപയോഗിച്ചു പരസ്പരം ബന്ധിച്ച എ.ടി.എമ്മുകൾ സ്ഥാപിക്കപ്പെട്ടത്. 1995 ൽ അമേരിക്കൻ ചരിത്രാന്വേഷണത്തിനായുള്ള സ്മിത്സോണിയൻ ദേശീയ മ്യൂസിയം തന്തുജാലബന്ധിത ഏ.ടി.എമ്മുകളുടെ കണ്ടുപിടിത്തക്കാരായി, അവ സ്ഥാപിച്ച ഡോനൾഡ് വെറ്റ്സെല്ലിനേയും, അദ്ദേഹം ജോലിചെയ്തിരുന്ന ഡോക്യൂട്ടെൽ എന്ന കമ്പനിയേയും അംഗീകരിച്ചു.
ഇംഗ്ലണ്ടിൽ, തന്തുജാലബന്ധിത എ.ടിമ്മുകൾ പ്രത്യക്ഷപ്പെടുന്നത് 1973 ലാണ്. ലോയ് ഡ്സ് ബാങ്കിനു വേണ്ടി ഐ.ബി.എം. ആണ് അവ നിർമ്മിച്ചത്.
ഉപയോഗവും പ്രയോജനങ്ങളും
തിരുത്തുകഎ.ടി. എം സേവനങ്ങൾ ഉപയോഗിക്കുവാൻ, ഒരാൾക്ക്, ആ യന്ത്രം സ്ഥാപിച്ചിരിക്കുന്ന ബാങ്ക്/സ്ഥാപനം നൽകിയിരിക്കുന്ന ശീട്ടും രഹസ്യസംഖ്യയും ഉണ്ടായിരിക്കണം. (എന്നാൽ ചില യന്ത്രങ്ങൾ മറ്റു സ്ഥാപനങ്ങൾ നൽകിയ ശിട്ടുകളും സ്വീകരിക്കാറുണ്ട്, അതിന് ചിലപ്പോൾ കൂടുതൽ സേവനക്കരം നൽകേണ്ടി വന്നേക്കാം.) ശീട്ട് യന്ത്രത്തിലെ നിശ്ചിത ദ്വാരത്തിൽ നിക്ഷേപിക്കുമ്പോൾ, ഉപയോക്താവിന്റെ രഹസ്യസംഖ്യ നൽകാൻ യന്ത്രം ആവശ്യപ്പെടും. അപ്പോൾ യന്ത്രത്തിലെ കീബോർഡിൽക്കൂടി ആ സംഖ്യ നൽകണം, (ചിത്രം. 4 നോക്കുക). യന്ത്രം ശീട്ടിലെ വിവരങ്ങളും രഹസ്യസംഖ്യയും ബാങ്കിലെ വിവരങ്ങളുമായി ഒത്തുനോക്കി, അവ ശരിയാണെങ്കിൽ, യന്ത്രം, ലഭ്യമായ സേവനങ്ങളുടെ ഒരു പട്ടിക കാണിക്കും. ആവശ്യമുള്ള സേവനം ഏതാണെന്ന് യന്ത്രത്തിൽ ലഭ്യമായ മറ്റു ബട്ടണുകൾ അമർത്തി തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സേവനത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ യന്ത്രം തുടർന്നു ചോദിച്ചേക്കാം. ഉപയോക്താവ് ആവശ്യപ്പെട്ട സേവനം പൂർത്തിയായ ശേഷം യന്ത്രം ശീട്ട് മടക്കി നൽകും. ചിലപ്പോൾ, നടത്തിയ സേവനത്തിന്റെ ഒരു സംക്ഷിപ്തം ഒരു കടലാസിൽ അച്ചടിച്ചു നൽകുകയും ചെയ്യും. ചില യന്ത്രങ്ങളിൽ, വിവരങ്ങളൊത്തു നോക്കിയ ഊടൻ തന്നെ ശീട്ടു മടക്കി നൽകുന്നുണ്ട്. യാതൊരു കാരണവശാലും ശീട്ട് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും രഹസ്യസംഖ്യ മറ്റൊരാൾക്കും വെളിപ്പെടുത്താതിരിക്കുകയും സേവനച്ചുരുക്കം അച്ചടിച്ച തുണ്ടുകടലാസ് ആവശ്യം കഴിഞ്ഞാൽ പൂർണ്ണമായി നശിപ്പിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അല്ലെങ്കിൽ തട്ടിപ്പുകൊണ്ട് ബാങ്കു നിക്ഷേപം നഷ്ടപ്പെടാനോ, മറ്റു രീതിയിൽ ധനനഷ്ടം ഉണ്ടാകാനോ വളരെ സാധ്യതയുണ്ട്.
പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഉപയോഗത്തിനുപരിയായി മറ്റു പല സേവനങ്ങളും ഈ യന്ത്രം വഴി നടത്താൻ കഴിയും. അവയി ചിലത് താഴെ കൊടുക്കുന്നു.
- പാസ് ബുക്കു പതിക്കുക
- ബാങ്കക്കൗണ്ടുസ്റ്റേറ്റ്മെന്റ് എടുക്കുക
- ചെക്കുകൾ നിക്ഷേപിക്കുക
- വായ്പയും പലിശയും തിരിച്ചടക്കുക
- വൈദ്യുതിക്കരം വെള്ളക്കരം, ഫോൺബില്ലുകൾ തുടങ്ങിയവ അടക്കുക
- തപാൽ സ്റ്റാമ്പുകൾ, തീവണ്ടി ടിക്കറ്റുകൾ തുടങ്ങിയവ വാങ്ങുക
എന്നാൽ ഇവയിൽ പല സേവനങ്ങളും ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല. ഭാവിയിൽ കൂടുതൽ സേവനങ്ങൾ എ.ടി, എം വഴി ലഭിക്കുമെന്നു കരുതാം.
ആന്തരികഘടനയും ഉപകരണങ്ങളും
തിരുത്തുകആധുനിക എ.ടി.എമ്മുകളിൽ, വ്യാവസായിക നിലവാരത്തിലുള്ള ഒരു കേന്ദ്രപ്രവർത്തനഘടകവും (CPU, Central Processing Unit) അതിനോടു ബന്ധിപ്പിച്ചിട്ടുള്ള ചില വിശിഷ്ട ഉപകരണങ്ങളും ഉൾപ്പെടുന്നു: (ചിത്രം.5. നോക്കുക)
- പണം സൂക്ഷിക്കാനുള്ള പെട്ടി (Cash Vault),
- പണം എണ്ണി നൽക്കാനുള്ള ഉപകരണം (Cash Handling Unit),
- ഉപയോക്താവിന്റെ ശീട്ടു വായിക്കാനുള്ള ഉപകരണം (Card Reader)
- രഹസ്യസംഖ്യ സ്വീകരിക്കാനുള്ള അക്കപ്പലകയും അതു ഗോപ്യമാക്കാനുമുള്ള ഉപകരണം, (EPP, Encrypting PIN Pad)
- ഉപയോക്താവിന് സേവനവിവരങ്ങളും നിർദ്ദേശങ്ങളൂം നൽകുന്ന പ്രദർശിനി (Display unit),
- അച്ചടി യന്ത്രം (Printer)
ഇവ കൂടാതെ, വീഡിയോക്യാമറ (സുരക്ഷാകാര്യങ്ങൾക്ക്) , ഉച്ചഭാഷിണി (കാഴ്ച്ചക്കുറവുള്ളവർക്ക്), തുടങ്ങിയ ഉപകരണങ്ങളും ഉണ്ടായേക്കാം.
സുരക്ഷാകാര്യങ്ങൾ
തിരുത്തുകഎ.ടി. എം. ഉപയോഗിക്കുന്നവർ, തട്ടിപ്പു തടയുന്നതിനും ബാങ്കിടപാടുകൾ സുരക്ഷിതമായി നടത്താനും ചില കാര്യങ്ങൾ സസൂക്ഷ്മം അനുവർത്തിക്കേണ്ടതുണ്ട്. 2017 മെയ് മാസത്തിൽ വാനാക്രൈ എന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിരവധി എടിഎം അടച്ചിടുകയുണ്ടായി. [1]ബാങ്കുകൾ നൽകുന്ന ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു:
- ബാങ്കുകൾ നൽകുന്ന കാർഡുകൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുക.
- ബാങ്കു നൽകുന്ന രഹസ്യസംഖ്യ, ഉടൻ തന്നെ മാറ്റുക - എല്ലാ എ.ടി. എമ്മു കളിലും ഇതിനു സൗകര്യമുണ്ട്.
- രഹസ്യസംഖ്യ ഒരിക്കലും കാർഡിലോ, കവറിലോ എഴുതി വയ്കാതിരിക്കുക.
- കാർഡ് ഏതെങ്കിലും വിധത്തിൽ കൈമോശം വന്നാൽ, ഉടൻ തന്നെ ബാങ്ക് തന്നിരികുന്ന പ്രത്യേക നമ്പറിൽ ഫോൺ ചെയ്തറിയിക്കുക.
- മറ്റാരെങ്കിലും എ.ടി. എമ്മിനടുത്ത് നിൽക്കുന്ന അവസരത്തിൽ അതു ഉപയോഗിക്കാതിരിക്കുക;
- മറ്റാരും കാണാതെ യന്ത്രത്തിൽ രഹസ്യസംഖ്യ നൽകുക.
- എ.ടി. എം പ്രവർത്തിപ്പിക്കാൻ അജ്ഞാതരുടെ സഹായം തേടാതിരിക്കുക.
- എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ മറ്റൊരാളെ അയക്കാതിരിക്കുക
എ.ടി.എം പൊതു വിവരങ്ങൾ
തിരുത്തുകന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969ൽ ഡോക്യൂടെൽ എന്ന കമ്പനി സ്ഥാപിച്ച ഡോക്യൂടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ള എ.ടി.എമ്മുകളുടെ യഥാർതഥ മുൻഗാമി. ഡൊണാൾഡ് സി.വെറ്റ്സെൽ ആണിതു നിർമ്മിച്ചത്.
- ഇന്തൃയിലെ ആദ്യത്തെ എ.ടി.എം 1987ൽ മുംബൈയിൽ തുറന്നത് ദി ഹോങ്കോങ്ങ് ആൻഡ് ഷ്വാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷനാണ്(HSBC).[2]
- കേരളത്തിലേ ആദ്യത്തെ എ.ടി.എം. 1992ൽ തിരുവനന്തപുരത്ത് തുടങ്ങിയത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റാണ്.
- ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. 2004 ഫെബ്രുവരിയിൽ തുടങ്ങിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയാണ്. കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ.ടി.എം.[3]
- ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എ.ടി.എം. സിക്കീമിലെ തെഗുവിലാണുള്ളത്. ആക്സിസ് ബാങ്കാണിത് തുറന്നത്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ Wannacry ATM Attack
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-28. Retrieved 2013-06-30.
- ↑ ഒഴുകുന്ന എ.ടി.എം.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക