ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)


1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലുണ്ടായ പിളർപ്പിനെ തുടർന്ന് രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) (ഇംഗ്ലീഷ്: Indian National Congress (Organisation) അഥവാ Congress (O)).

രൂപീകരണ പശ്ചാത്തലം

തിരുത്തുക

1969-ൽ എസ്. നിജലിംഗപ്പ കോൺഗ്രസ് പ്രസിഡണ്ടായിരുന്ന കാലത്ത് കോൺഗ്രസ്സ് പ്രവർത്തകസമിതി ഭൂരിപക്ഷതീരുമാനപ്രകാരം കണ്ടെത്തിയ രാഷ്ട്രപതി സ്ഥാനാർത്ഥി നീലം സഞ്ജീവ റെഡ്ഡിയെ പരാജയത്തിനു വേണ്ടി ഇന്ദിരാ ഗാന്ധി ശ്രമിച്ചുവെന്നതിനാൽ 1969 നവംബർ 12-നു് ഇന്ദിരയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽനിന്നു് പുറത്താക്കി. നവംബർ 14-നു് ഇന്ദിരാ വിഭാഗം സമാന്തര എ.ഐ.സി.സി വിളിച്ചു് കൂട്ടി നിജലിംഗപ്പയ്ക്കെതിരെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതോടെ പാർട്ടി പിളർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) നിലവിൽ വന്നു.[1]. ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു. കോൺഗ്രസ്സ് സംഘടനയുടെ നിയന്ത്രണം ഔദ്യോഗിക വിഭാഗത്തിനും കോൺഗ്രസ്സ് പാർലമെന്ററി പാർട്ടിയുടെ നിയന്ത്രണം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കുമായിരുന്നതുകൊണ്ടാണു് അങ്ങനെ വിളിയ്ക്കപ്പെടാനിടയായതു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-ആർ എന്നതിൽ ആർ എന്ന അക്ഷരത്തിന്റെ ഔദ്യോഗിക വിശദരൂപം ഏറ്റെടുത്തവർ എന്നർത്ഥമുള്ള റിക്വിസിഷനിസ്റ്റ് എന്നായിരുന്നു. പിന്നീടാണു് 'ഭരണം' എന്നർത്ഥമുള്ള റൂളിങ് എന്നപ്രയോഗം വന്നത്.[അവലംബം ആവശ്യമാണ്] തങ്ങളാണു് യഥാർത്ഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് ഇരുകൂട്ടരും അവകാശപ്പെട്ടു.

കോൺഗ്രസ്സ് (സംഘടന) ജനതാ പാർട്ടിയിലേക്ക്

തിരുത്തുക

അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) ഇതര പ്രതിപക്ഷ കക്ഷികളായ സോഷ്യലിസ്റ്റു് പാർട്ടി , ഭാരതീയ ലോക് ദൾ, ഭാരതീയ ജനസംഘം എന്നിവയുമായി ചേർന്നു് ജനതാ പാർട്ടിയായി മാറി. അന്നു് അശോക മേത്തയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)യുടെ പ്രസിഡന്റ്. 1977-79-ലെ ജനതാ ഭരണകാലത്തു് കോൺഗ്രസ്സ് (സംഘടന) നേതാക്കളായിരുന്ന മൊറാർജി ദേശായി പ്രധാനമന്ത്രിയും നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയുമായി .

കോൺഗ്രസ്സ് (ഭരണവിഭാഗം) കോൺഗ്രസ്സ് (ഇന്ദിര)യാകുന്നു

തിരുത്തുക

1978-ൽ‍ കോൺഗ്രസ്സ് (ഭരണവിഭാഗം), ബ്രഹ്മാനന്ദ റെഡ്ഢി നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (റെഡ്ഢി) വിഭാഗവും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) അഥവാ കോൺഗ്രസ്സ് (ഐ) വിഭാഗവുമായി പിളർന്നു. പാർട്ടിയുടെ നിയന്ത്രണം പോകുമെന്നു കണ്ട ഇന്ദിരാ ഗാന്ധി സമാന്തര എ.ഐ.സി.സി വിളിച്ചു് അതിന്റെ പ്രസിഡന്റായതോടെയാണു് പിളർപ്പുണ്ടായതു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (റെഡ്ഢി) ക്രമേണ കോൺഗ്രസ്സ് (ഐ)-യിൽ അലിഞ്ഞുചേർന്നു.

ഇവയും കാണുക

തിരുത്തുക
  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൂറ്റാണ്ടുകളിലൂടെ ,സമദ് മങ്കട,മാതൃഭൂമി ബുക്സ്,2010,പുറം 326.