ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്

ഗൂഗിളിനെയും അനുബന്ധ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ ഉടമസ്ഥതയിൽ തന്നെ രൂപീകരിച്ച പ്രധാന കമ്പനിയാണ് ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് (Alphabet Inc.) [2].2015 ഓഗസ്റ്റ് 10-നു ഗൂഗിൾ സ്ഥാപകൻ ലാറി പേജ് തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ കമ്പനിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഗൂഗിളിന്റെ രണ്ട് സഹസ്ഥാപകർ ചേർന്ന് ഷെയർഹോൾഡർമാർ, ബോർഡ് അംഗങ്ങൾ, ആൽഫബെറ്റിലെ ജീവനക്കാർ എന്നിവരെ നിയന്ത്രിക്കുന്നു. വരുമാനമനുസരിച്ച് ലോകത്തിലെ നാലാമത്തെ വലിയ സാങ്കേതിക കമ്പനിയാണ് ആൽഫബെറ്റ്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്.[3][4]

ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്
Proposed conglomerate and public holding company[1]
വ്യവസായം
സ്ഥാപകൻs
ആസ്ഥാനം
പ്രധാന വ്യക്തി

  • എറിക് ഷ്മിഡ്റ്റ്(ചെയർമാൻ)
  • Ruth Porat Chief financial officer (CFO)
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്abc.xyz

ഇന്റർനെറ്റ് സേവനങ്ങൾ ഒഴികെയുള്ള ബിസിനസ്സുകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് കമ്പനികൾക്ക് കൂടുതൽ സ്വയംഭരണാവകാശം അനുവദിക്കുന്നതിനിടയിലും പ്രധാന ഗൂഗിൾ ബിസിനസിനെ "വെടിപ്പായും ഉത്തരവാദിത്തോടുകൂടിയതും" ആക്കാനുള്ള ആഗ്രഹമാണ് ആൽഫബെറ്റ് ഇങ്ക് സ്ഥാപിതമായത്.[5]ഗൂഗിളിന്റെയും നെക്സ്റ്റ്, ഫൈബർ, എക്സ് ലാബ് പോലുള്ള അനുബന്ധ സംരംഭങ്ങളുടെയും പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ഒരു മാതൃസ്ഥാപനം എന്ന നിലയിലാണ് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്. [6]. അതുകൊണ്ടുതന്നെ ഗൂഗിൾ ഇനിമുതൽ ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിനു കീഴിലെ ഒരു ഉപവിഭാഗമായി മാറും. [6]. ഗൂഗിൾ സ്ഥാപകൻ ലാറി പേജ് തന്നെയാണ് പുതിയ കമ്പനിയുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. [6] ഗൂഗിൾ കമ്പനിയുടെ സഹസ്ഥാപകനായ സെർജി ബ്രിൻ കമ്പനിയുടെ പ്രസിഡന്റാണ്. [6] ഗൂഗിൾ വിഭാഗത്തിന്റെ തലവനായി ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈ നിയമിക്കപ്പെട്ടു. [6]

ചരിത്രം

തിരുത്തുക

1998 സെപ്റ്റംബർ 7-ന് ലാറി പേജും സെർജി ബ്രിന്നും ചേർന്ന് രൂപീകരിച്ച സെർച്ച് എഞ്ചിനായിരുന്നു ഗൂഗിൾ.വിവരസാങ്കേതിക വിദ്യയെ അപ്പാടെ മാറ്റിമറിക്കുവാൻ ഗൂഗിളിനു സാധിച്ചു.വിവരസാങ്കേതിക യുഗത്തിലെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നായി ഗൂഗിൾ മാറി.സെർച്ച് എഞ്ചിനിൽ തുടങ്ങി വെബ്മെയിൽ (ജിമെയിൽ), ബ്രൗസർ (ഗൂഗിൾ ക്രോം), വീഡിയോ ഹോസ്റ്റിംഗ് (യൂട്യൂബ്), വാർത്താവിതരണം (ഗൂഗിൾ ന്യൂസ്), മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം (ആൻഡ്രോയ്ഡ്) എന്നീ സമസ്ത മേഖലകളിലും ഗൂഗിൾ ശക്തമായ സാന്നിദ്ധ്യമറിയിച്ചു.ഇത്തരം മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കുവാൻ അവർ ആഗ്രഹിച്ചിരുന്നില്ല. ഡ്രൈവറില്ലാ കാറുകൾ, ഇന്റർനെറ്റ് സേവനം നൽകുന്ന ബലൂണുകൾ, ഗൂഗിൾ ഗ്ലാസ്, പ്രായം കുറയ്ക്കുന്ന വിദ്യ എന്നിങ്ങനെ സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ കണ്ടെത്തുവാൻ ഗൂഗിളിനു സാധിച്ചു.

കോടിക്കണക്കിനാളുകളാണ് ഗൂഗിൾ ഉൽപന്നങ്ങൾ നിത്യവും ഉപയോഗിക്കുന്നത്.ഇത്രയേറെ വിജയങ്ങൾ സ്വന്തമായിരുന്നിട്ടും ഗൂഗിളിനു ചില പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. ഓർക്കുട്ട്, ഗൂഗിൾ പ്ലസ് തുടങ്ങിയ സംരംഭങ്ങൾക്ക് ജനപ്രീതി കുറവായിരുന്നു.ഇതുപോലുള്ള പരീക്ഷണങ്ങൾക്കായി ഗൂഗിൾ കൂടുതൽ അദ്ധ്വാനവും സമയവും പാഴാക്കുകയാണെന്ന വിമർശനങ്ങളുമുണ്ടായി.ഇത്തരം വിമർശനങ്ങൾ 'ഗൂഗിൾ' എന്ന ജനപ്രിയ ബ്രാൻഡിന്റെ മൂല്യം കുറച്ചേക്കുമെന്ന തിരിച്ചറിവിലാണ് ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് എന്ന പേരിനു താഴെ ഒരു ഉപവിഭാഗമായി ഗൂഗിളിനെ ഉൾപ്പെടുത്തുവാൻ ലാറി പേജ് തീരുമാനിച്ചത്.ഗൂഗിളിന്റെ ജനപ്രിയ ഉൽപന്നങ്ങളായ ജിമെയിൽ, ക്രോം, യൂട്യൂബ് തുടങ്ങിയവ ഈ വിഭാഗത്തിനു കീഴിലായിരിക്കും. മറ്റു മേഖലകളിൽ തങ്ങളുടെ പുത്തൻ പരീക്ഷണങ്ങൾ ആൽഫബെറ്റ് എന്ന നാമത്തിനു കീഴിലായിരിക്കും അറിയപ്പെടുക. അതുകൊണ്ട് തന്നെ 'ഗൂഗിൾ' എന്ന ബ്രാന്റ് നാമത്തിനു യാതൊരു കോട്ടവും സംഭവിക്കുകയില്ല.മാത്രമല്ല ഗൂഗിളിന്റെ വിവിധ ഉൽപന്നങ്ങളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ ഈ ഘടനയിലൂടെ സാധിക്കുമെന്നും ഗൂഗിൾ സംഘം കണക്കുകൂട്ടുന്നു. പുതിയ പരീക്ഷണങ്ങൾ പൂർണ്ണ സ്വാതന്ത്യത്തോടെ നടത്തുവാൻ ഇത്തരമൊരു ക്രമീകരണം അത്യാവശ്യമായിരുന്നു. [7]

ഗൂഗിളിന്റെ ബിസിനസ് വിഭാഗങ്ങളെ അക്ഷരമാലയിൽ(Alphabet) ചേർത്തു നിർത്തുക എന്ന ആശയമാണ് കമ്പനിയുടെ രൂപീകരണത്തോടെ യാഥാർത്ഥ്യമാകുന്നത്. [6] ഗൂഗിളിന്റെ സ്ഥാപകനായ ലാറി പേജാണ് ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ പരമാധികാരി. കമ്പനിക്കു കീഴിൽ അനേകം വിഭാഗങ്ങളുണ്ട്. ഗൂഗിളാണ് ഏറ്റവും വലിയ വിഭാഗം.[2] ജിമെയിൽ, ക്രോം ബ്രൗസർ, യൂട്യൂബ്, ഗൂഗിൾ ന്യൂസ്, ഗൂഗിൾ മാപ്സ്, ആൻഡ്രോയ്ഡ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഗൂഗിൾ വിഭാഗം. [6] [2] ഗൂഗിൾ വിഭാഗത്തിന്റെ ചുമതല ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈക്കാണ്. ഗൂഗിൾ നെക്സ്റ്റ്, ഗൂഗിൾ ഫൈബർ, ഗൂഗിൾ ലാബ്സ്, കാലിക്കോ, ക്യാപ്പിറ്റൽ, എക്സ്, വെഞ്ച്വർ എന്നിവയാണ് ഗൂഗിളിനു പുറമെയുള്ള മറ്റു വിഭാഗങ്ങൾ. [6]

abc.xyz എന്ന ഡൊമെയിൻ നാമം

തിരുത്തുക

'ആൽഫബെറ്റ്' എന്ന പേരുള്ള ഈ കമ്പനിക്കു പുതിയ ഒരു ഇന്റർനെറ്റ് ഡൊമെയിൻ നാമവും അത്യാവശ്യമായിരുന്നു.ഏറ്റവും അനുയോജ്യമായ ഡൊമെയിൻ നാമം ആൽഫബെറ്റ്.കോം (Alphabet.com) എന്നതായിരുന്നു. എന്നാൽ ഈ ഡൊമെയിൻ നാമം ജർമ്മനിയിലെ കാർ നിർമ്മാണ കമ്പനിയായ ബി.എം.ഡബ്ല്യു.വിന്റെ 'ആൽഫബെറ്റ്' എന്നുതന്നെ പേരുള്ള സ്ഥാപനത്തിന്റേതാണ്.[8] അതിനാൽ തന്നെ മറ്റൊരു ഡൊമെയിൻ നാമം തെരഞ്ഞെടുക്കുവാൻ ഗൂഗിൾ തീരുമാനിച്ചു. അങ്ങനെയാണ് abc.xyz എന്ന പുതിയ ഡൊമെയിൻ നാമം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് സ്വീകരിച്ചത്.[9] 'abc' എന്നത് ഇംഗ്ലീഷ് അക്ഷരമാലയെ(Alphabet) പ്രതിനിധീകരിക്കുന്നു. ' .xyz ' എന്നത് .com, .in, .org എന്നിവ പോലെ പ്രശസ്തമായ ഒരു ടോപ്പ് ലെവൽ ഡൊമെയിനാണ്.

  1. "Google Rebrands As Alphabet". Forbes. Retrieved August 11, 2015.
  2. 2.0 2.1 2.2 'Sundar Pichai to spearhead Google', The Hindu, 2015 August 12, തിരുവനന്തപുരം എഡിഷൻ, പേജ്-1
  3. "Top 50 Global Technology Companies". Fortune Global 500. Archived from the original on January 26, 2017. Retrieved June 4, 2019.
  4. "Alphabet". Forbes. Retrieved June 6, 2011.
  5. Metz, Cade (August 10, 2015). "A New Company Called Alphabet Now Owns Google". Wired. Retrieved August 13, 2015.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 'ഗൂഗിൾ ഇനി ആൽഫബെറ്റിനു കീഴിൽ', മലയാള മനോരമ, കൊല്ലം, 2015 ഓഗസ്റ്റ് 12, പേജ്-15
  7. 'Writing a new script', The Hindu Editorial,Trivandrum Edition,2015 August 12, page-10
  8. "'ആൽഫബെറ്റായെങ്കിലും ഗൂഗിളിനു ആൽഫബെറ്റ്.കോം കിട്ടാക്കനി', കേരളകൗമുദി, ശേഖരിച്ചത് 2015 ഓഗസ്റ്റ് 12". Archived from the original on 2015-08-13. Retrieved 2015-08-13.
  9. ലാറി പേജിന്റെ ഔദ്യോഗിക ബ്ലോഗ്, 2015 ഓഗസ്റ്റ് 10, ശേഖരിച്ചത് 2015 ഓഗസ്റ്റ് 13ന്

പുറംകണ്ണികൾ

തിരുത്തുക