അമരുകശതകം

അമരുകൻ എന്ന രാജാവ് എഴുതിയ ശൃംഗാരകാവ്യം

അമരു അല്ലെങ്കിൽ അമരുകൻ എന്ന് പേരുള്ള ഒരു രാജാവ് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നൂറു ശ്ലോകങ്ങളടങ്ങിയ ഒരു ശൃംഗാരകാവ്യമാണ് അമരുകശതകം അഥവാ അമരുശതകം. ക്രിസ്തുവിന് ശേഷം ഏഴാമത്തെയോ എട്ടാമത്തെയോ നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ് എന്ന് കരുതപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.

അമരുശതകത്തെ ആസ്പദമാക്കി വരയ്ക്കപ്പെട്ട ഒരു രജപുത്ര ചുവർച്ചിത്രം, 17-ാം നൂറ്റാണ്ട്.

ഐതിഹ്യം

തിരുത്തുക

ദിഗ്വിജയം കഴിഞ്ഞ് സർവജ്ഞപീഠം കയറാൻ ആദി ശങ്കരൻ കാശ്മീരത്തിൽ ചെന്നപ്പോൾ, രതിക്രീഡാപരമായ വൈദഗ്ദ്ധ്യം ഇദ്ദേഹത്തിനില്ലെന്ന് പിന്നീട് ശങ്കരശിഷ്യനായി തീർന്ന മണ്ഡനമിശ്രന്റെ ഭാര്യ ഉഭയഭാരതിയും മറ്റ് പണ്ഡിതൻമാരും ആക്ഷേപിച്ചുവെന്നും, ആ കുറവ് നികത്തുവാൻ സ്വാമികൾ, മൃതനായ അമരുകരാജാവിന്റെ ജഡത്തിൽ പരകായപ്രവേശവിദ്യമൂലം പ്രവേശിച്ച് രാജഭാര്യമാരുമായി സ്വച്ഛന്ദം രമിച്ച് കാമകലാനൈപുണ്യം നേടിയതിനുശേഷം രചിച്ച ശൃംഗാരരസപ്രധാനമായ കാവ്യമാണിതെന്നും ഒരു ഐതിഹ്യമുണ്ട്.

ഈ ശ്ലോകങ്ങളിൽ ഏറിയകൂറും ശാർദ്ദൂലവിക്രീഡിതത്തിലാണ് എഴുതിയിട്ടുള്ളത്; എന്നാൽ ഹരിണി, വസന്തതിലകം, ശിഖരിണി, സ്രഗ്ദ്ധര, ദ്രുതവിളംബിതം, മാലിനി, മന്ദാക്രാന്ത തുടങ്ങിയ വൃത്തങ്ങളിലുള്ള മുക്തകങ്ങളും ഇടയ്ക്ക് കാണാം. ജിവിതത്തിലെ രതിഭാവത്തിന് മാത്രമാണ് ഇതിൽ പ്രാധാന്യം നല്കിയിട്ടുള്ളത്. കാമുകീകാമുകബന്ധം അത്യാകർഷകമായി വർണിക്കുന്നവയാണ് പദ്യങ്ങളെല്ലാം. ജീവിതത്തിന് സത്രീപുരുഷമാരുടെ പ്രേമസാക്ഷാത്കാരമല്ലാതെ മറ്റൊരു ലക്ഷ്യവും അർഥവും ഇല്ലെന്നാണ് കവിയുടെ അഭിപ്രായമെന്ന് ഓരോ പദ്യത്തിലും വ്യക്തമാണ്. അനായാസമായ പദഘടനയും ആസ്വാദ്യമായ അവതരണരീതിയുംകൊണ്ട് ആകർഷകമായ ഈ കൃതി സംസ്കൃതത്തിലെ ശൃംഗാരകാവ്യങ്ങളുടെ ഒരു മുന്നോടി എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. കാവ്യാമൃതം നിറഞ്ഞതാണ് ഓരോ പദ്യവുമെന്ന ശ്ലാഘ ആനന്ദവർധനൻ അമരുകശതകത്തിന് നല്കിയിട്ടുണ്ട്.

ദമ്പത്യോർനിശിജല്പതോഃ ഗൃഹശുകേനാകർണിതം യദ്വച-
സ്തത്പ്രാതർഗുരുസന്നിധൌ നിഗദിതസ്തസ്യാതിമാത്രംവധൂഃ
കർണാലംബിത പദ്മരാഗശകലം വിന്യസ്യചഞ്ചൂപുടേ
വ്രീഡാർത്താവിദധാതി ദാഡിമ ഫല വ്യാജേനവാഗ്ബന്ധനം

നിശാക്രീഡകളിൽ കാമിനീകാമുകൻമാർ നടത്തിയ ജല്പനങ്ങളെ അടുത്ത പ്രഭാതത്തിൽ തത്തമ്മ മറ്റു ജനങ്ങളുടെ സാന്നിധ്യത്തിൽ ആവർത്തിച്ചപ്പോൾ വധുവിനുണ്ടായ വ്രീളാലസ്യങ്ങളെ ചമത്കാരോജ്ജ്വലമായി ആവിഷ്കരിക്കുന്ന ഒരു പദ്യമാണിത്.

ഭാഷ്യങ്ങളും പാഠങ്ങളും

തിരുത്തുക

അമരുകശതകത്തിന്റെ പല പാഠങ്ങളും ഇന്നു ലഭ്യമാണ്. അവയിൽ വേമഭൂപാലന്റെയും രാമാനന്ദനാഥന്റേയും ദാക്ഷിണാത്യപാഠവും, അർജുനവർമന്റേയും ലോകസംഭവന്റേയും പശ്ചിമഭാരതീയപാഠവും ആണ് പ്രധാനമായവ. ഇവയ്ക്കു പുറമേ രാമരുദ്രൻ, രുദ്രമഹാദേവൻ എന്നീ രണ്ട് വ്യാഖ്യാതാക്കളുടെ വകയായി ഓരോ പാഠഭേദം കൂടിയുണ്ട്. അമരുകശതകം എന്നുതന്നെയാണ് ഇവയ്ക്കെല്ലാം പേര് നല്കിയിരിക്കുന്നതെങ്കിലും ഇവയിലുള്ള ശ്ലോകങ്ങളുടെ സംഖ്യ 96-നും 115-നും ഇടയ്ക്ക് പല രീതിയിൽ കാണുന്നു. പലവിധത്തിൽ പൌർവാപര്യമുള്ള 51 ശ്ലോകങ്ങൾ മാത്രമേ ഇവയിലെല്ലാം സമാനങ്ങളായുള്ളു.

അമരുകന്റെ ഓരോ ശ്ലോകത്തിനും 100 പ്രബന്ധങ്ങളുടെ മൂല്യമുണ്ടെന്നർഥമുള്ള ഏകമേവാമരോശ്ലോകഃ സത്പ്രബന്ധശതായചാ എന്നൊരു ശ്ലോകാർധം സംസ്കൃതാഭിജ്ഞൻമാർ ഉദ്ധരിക്കാറുണ്ട്. മേല്പറഞ്ഞ നാല് പ്രാമാണിക വ്യാഖ്യാതാക്കൾക്കു പുറമേ, ശങ്കരാചാര്യർ, ചതുർഭുജമിശ്രൻ, നന്ദപാലൻ, രവിചന്ദ്രൻ, ഹരിഹരഭട്ടൻ, ജ്ഞാനാനന്ദകലാധരസേനൻ തുടങ്ങി പലരും അമരുകശതകത്തിന് ഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്. ഒടുവിൽ പറഞ്ഞ കലാധരസേനന്റെ വ്യാഖ്യാനമനുസരിച്ച് അമരുകശതകത്തിലെ ഓരോ ശ്ലോകവും ശൃംഗാരപരമായ പ്രത്യക്ഷാർഥത്തിനു പുറമേ ആധ്യാത്മികമായ വിവക്ഷകൾക്കുകൂടി വകതരുന്നു. പക്ഷേ, ദൂരാനീതമായ ഈ വ്യാഖ്യാനഭേദം സാധുവാണെന്ന് പ്രാമാണികൻമാരായ മറ്റ് ഭാഷ്യകാരൻമാർ കരുതുന്നില്ല.

പരിഭാഷകൾ

തിരുത്തുക

വിദേശഭാഷകളുടെ കൂട്ടത്തിൽ ജർമൻഭാഷയിലാണ് അമരുകശതകത്തിന് ഒന്നിലധികം വിവർത്തനങ്ങളുണ്ടായിട്ടുള്ളത്. ഷ്രോഡർ അമരു മംഗൊബ്ളൂട്ടനി(Amaru-Mangobluten)ലും ഹെർടൽ ഇൻഡിഷ ഗെഡിഷ്റ്റി(Indische Gedicht)ലും ഹാൻസ്ലിൻഡാക് ഇംലൻഡെ ദെർ നിംഫായെൻ (Imlande Der Nymphaen)ലും ഈ പ്രമാണഗ്രന്ഥത്തിന്റെ വൈശിഷ്ട്യം പകർത്താൻ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിലെ ശൃംഗാരസാഹിത്യത്തെപ്പറ്റിയുള്ള പല ജർമൻ കൃതികളിലും ഇതിൽനിന്ന് ധാരാളം ഉദ്ധരണികൾ കാണാം.

മലയാളത്തിൽ

തിരുത്തുക
 
Wikisource
സംസ്കൃതം വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീ അമരുകശതകം എന്ന താളിലുണ്ട്.

മലയാളത്തിൽ ഇതിനുള്ള പ്രസിദ്ധ വിവർത്തനം കേരളവർമ വലിയകോയിത്തമ്പുരാന്റേതാണ് (രണ്ടാംപതിപ്പ്-1923, ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം). മലയാള നോവലിസ്റ്റായ ഒയ്യാരത്ത് ചന്തുമേനോന്റെ പത്നിയുടെ ആവശ്യപ്രകാരമാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന്

സുമതികൾ മണി ചന്തുമേനവൻതൻ
കമനിമനീഷിണി ലക്ഷ്മി ചൊല്കയാലേ
അമരുകശതകം മണിപ്രവാളം
കിമപി ചമച്ചിതു ഭാഷയായി ഞാനും

എന്നുള്ള വിവർത്തകന്റെ ആമുഖം വ്യക്തമാക്കുന്നു. അമരുകശതകത്തിന് ഒരു ഭാഷാവ്യാഖ്യാനം കൈക്കുളങ്ങര രാമവാരിയർ രചിച്ചിട്ടുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമരുകശതകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wiki.x.io/w/index.php?title=അമരുകശതകം&oldid=3339208" എന്ന താളിൽനിന്ന് ശേഖരിച്ചത്